നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ; നമീബിയയിൽനിന്നുള്ള ചീറ്റകൾ അടുത്തമാസം ഇന്ത്യയിലെത്തും


നമീബിയയിൽനിന്നും ദക്ഷിണാഫ്രിക്കയിൽനിന്നും കൊണ്ടുവരേണ്ട ചീറ്റകളെ ആറുമാസംമുമ്പ് കണ്ടെത്തിയിരുന്നു. കാട്ടിൽ വേട്ടയാടാൻ കഴിയുന്നവയെയാണ് തിരഞ്ഞെടുത്തത്.

ചീറ്റ, കെനിയ മസായ് മാരയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ:ബാലൻ മാധവൻ

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ നമീബിയയിൽനിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് അടുത്തമാസത്തോടെ എട്ടു ചീറ്റകളെ കൊണ്ടുവരുമെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചു. നമീബിയൻ സർക്കാരുമായുള്ള നടപടികൾ പൂർത്തിയായി.

ദേശീയോദ്യാനവികസനത്തിന്റെ ഭാഗമായി ഹെലിപാഡുകൾ നിർമിക്കാൻ രണ്ടു സ്ഥലങ്ങൾ കണ്ടെത്തി. ചീറ്റകളെ കുനോയ്ക്കടുത്ത വിമാനത്താവളത്തിലെത്തിച്ചശേഷം ഹെലികോപ്റ്ററുകളിൽ ഉദ്യാനത്തിൽ നിർമിക്കുന്ന ഹെലിപാഡുകളിൽ ഇറക്കാനാണ് തീരുമാനം. കുനോയിൽ മഴ തുടരുകയാണ്. ഇതു കുറഞ്ഞാൽ ചീറ്റകളെ കൊണ്ടുവരും.ദക്ഷിണാഫ്രിക്കയിൽനിന്ന് 12 ചീറ്റകളെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന്റെ അനുമതി ഒഴികെയുള്ള എല്ലാ അനുമതികളും ലഭിച്ചു. ചീറ്റകളെ ഇന്ത്യയിലേക്ക് മാറ്റുന്നതിന് തീയതി നിശ്ചയിച്ചിട്ടില്ലെന്ന് മന്ത്രാലയവൃത്തങ്ങൾ പറയുന്നു.

നമീബിയയിൽനിന്നും ദക്ഷിണാഫ്രിക്കയിൽനിന്നും കൊണ്ടുവരേണ്ട ചീറ്റകളെ ആറുമാസംമുമ്പ് കണ്ടെത്തിയിരുന്നു. കാട്ടിൽ വേട്ടയാടാൻ കഴിയുന്നവയെയാണ് തിരഞ്ഞെടുത്തത്. ഇവയുടെ വാക്സിനേഷൻ, രക്തപരിശോധന, റേഡിയോ കോളറിങ് തുടങ്ങിയ ആരോഗ്യപരിപാലനങ്ങളും പരിശോധനകളും പൂർത്തിയായി. അടുത്ത നാലുവർഷത്തിനുള്ളിൽ 50 ചീറ്റകളെക്കൂടി ഇന്ത്യയിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ചീറ്റകളെ ഇന്ത്യയിലെത്തിച്ചശേഷം, ആദ്യ 30 ദിവസം താമസിപ്പിക്കുന്ന ക്വാറന്റൈൻ പ്രദേശം ആനകളെ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ട്. അത് പൂർത്തിയാകുന്ന മുറയ്ക്ക് ചീറ്റകൾക്ക് വേട്ടയാടാനായി കൃഷ്ണമൃഗങ്ങൾ, മ്ലാവ് എന്നിവയുൾപ്പെടെ 700 മൃഗങ്ങളെയും ഇവിടെയെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

പദ്ധതി ആഫ്രിക്കയ്ക്കും ഇന്ത്യക്കും പരസ്പരം പ്രയോജനകരമാണെന്ന് ദക്ഷിണാഫ്രിക്കൻ വന്യമൃഗവിദഗ്ധൻ പ്രൊഫ. അഡ്രിയാൻ ടോർഡിഫ് പറഞ്ഞു. രണ്ടു ദശാബ്ദങ്ങൾക്കുമുമ്പ് ദക്ഷിണാഫ്രിക്കയിൽ ചീറ്റകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞപ്പോൾ സംരക്ഷണപരിപാടി ആരംഭിച്ചു. ഇപ്പോൾ, ദക്ഷിണാഫ്രിക്കയിൽ ചീറ്റകൾക്ക് ആവശ്യത്തിന് സ്ഥലമില്ലാത്ത അവസ്ഥയാണ്. ഇതുതുടർന്നാൽ ഈ പ്രദേശങ്ങളിലെ മറ്റു ജീവികൾക്ക് ആപത്താണ്. മറ്റു രാജ്യങ്ങളിലേക്ക് മാറ്റുന്നതിനൊപ്പം അവയുടെ ജനസംഖ്യ നിയന്ത്രിക്കാൻ ഗർഭനിരോധനമാർഗങ്ങൾ ഉപയോഗിക്കാവുന്നതാണെന്നും പ്രൊഫ. ടോർഡിഫ് പറഞ്ഞു.

അവസാനത്തെ ചീറ്റ

1947-ൽ പഴയ മധ്യപ്രദേശിലെ(ഇന്നത്തെ ഛത്തീസ്ഗഢ് )കോറിയയിലെ നാട്ടുരാജാവായ മഹാരാജാ രാമാനുജ പ്രതാപ് സിങ് ദിയോ ആണ് ഇന്ത്യയിലെ അവസാനത്തെ മൂന്നു ചീറ്റകളെ വേട്ടയാടിയത്. ഇതോടെ ഇവയ്ക്ക് വംശനാശമായി. ഇതിനുമുൻപുതന്നെ ഇവയുടെ നാശം തുടങ്ങിയിരുന്നു. മരുവത്കരണം, പിടികൂടി ഇണക്കി വളർത്തൽ, ഇണക്കിവളർത്തുന്നവയിൽ പ്രത്യുത്പാദനം നടക്കാത്ത അവസ്ഥ എന്നീ കാര്യങ്ങളാണ് ചീറ്റകൾ ഇന്ത്യയിൽ വംശനാശം വരാനുള്ള കാരണമായി പറയുന്നത്.

1970-ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോഴാണ് ഇറാനിൽനിന്ന് ഏഷ്യൻ ചീറ്റകളെ കൊണ്ടുവരാൻ നീക്കമാരംഭിച്ചത്. എന്നാൽ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്ന് ആ ശ്രമം നടന്നില്ല. 2009-ൽ ആഫ്രിക്കൻ ചീറ്റകളെ കൊണ്ടുവരാൻ കേന്ദ്ര വനം മന്ത്രാലയം ശ്രമം തുടങ്ങി. ഇതിനായി അഞ്ച്് സംസ്ഥാനങ്ങളിലെ 10 വനപ്രദേശങ്ങൾ സർവേനടത്തി. ഒടുവിൽ മധ്യപ്രദേശിലെ 261 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കുനോ ദേശീയോദ്യാനം അനുയോജ്യമായി കണ്ടെത്തി. ഈ പദ്ധതിയാണ് 2022-ൽ കേന്ദ്രം പൊടിതട്ടിയെടുത്ത് ചീറ്റകളെ തിരിച്ചുകൊണ്ടുവരാൻ വഴിയൊരുക്കിയത്.

Content Highlights: India plans to bring back extinct cheetahs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented