ലണ്ടൻ: അനധികൃതമായി ഹൈഡ്രോഫ്‌ളൂറോ കാര്‍ബണ്‍സ് (എച്ച്.എഫ്.സി) സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം നല്‍കി വില്‍പ്പനയ്ക്ക് വെയ്ക്കുന്ന സംഘങ്ങള്‍ കിഴക്കന്‍ യൂറോപില്‍ സജീവമാകുന്നതായി കണ്ടെത്തല്‍.ബി.ബി.സിയുടെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വന്നത്. ഗണ്യമായ മലിനീകരണത്തിന് കാരണമാകുന്ന ഇത്തരം ഹരിതഗൃഹവാതകങ്ങള്‍ കരിഞ്ചന്തയില്‍ സുലഭമാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ യൂറോപ്പില്‍ നിന്നും വന്‍തോതിലുള്ള എച്ച്.എഫ്.സിയാണ് യു.കെയിലേക്ക് കടത്തപ്പെടുന്നത്. ഫ്രിഡ്ജിലും എയര്‍ കണ്ടീഷനറിലും മറ്റും ഉപയോഗിക്കാറുള്ള എച്ച്.എഫ്.സിയുടെ ഉപയോഗ തോത് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് യൂറോപ്യന്‍ യൂണിയനും യു.കെയും നടത്തുന്നത്. അതിനാല്‍ നിയമപരമായ ഇവയുടെ വില്‍പ്പന സാധ്യമല്ല. പരിസ്ഥിതf സൗഹാര്‍ദമായ ചുറ്റുപാട് സൃഷ്ടിക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.

എന്നാല്‍ യൂറോപ്യന്‍ യൂണിയനിലും യു.കെയിലും മറ്റും മിക്ക സ്ഥാപനങ്ങളും എച്ച്.എഫ്.സി അടിസ്ഥാനമാക്കിയുള്ള പഴയ യന്ത്രങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ കരിഞ്ചന്തയില്‍ ഇവ കൂടിയ വിലയ്ക്കാണ് വില്‍ക്കുന്നത്. യു.കെയിലെ നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്ക് മാത്രമേ ഹൈഡ്രോഫ്‌ളൂറോ കാര്‍ബണ്‍സ് ഇറക്കുമതി ചെയ്യാനും, വില്‍ക്കാനും ഉപയോഗിക്കാനും അധികാരമുള്ളൂ. വാങ്ങുന്നവരുടെ പക്കല്‍ എഫ്.ഗ്യാസ് (ഫ്‌ളൂറിനേറ്റഡ് ഗ്യാസ്) സര്‍ട്ടിഫിക്കറ്റും വേണം. ഇല്ലെങ്കില്‍ ഇത്തരത്തിലുള്ള വില്‍പ്പനയ്ക്ക് അനുമതി നിഷേധിക്കപ്പെടും.

റൊമാനിയ-യുക്രൈന്‍ അതിര്‍ത്തിയില്‍ ചൈനീസ് നിർമിതമായ എച്ച്.എഫ്.സി, കാറിന്റെ ബൂട്ടിലും ലോറികളിലും മറ്റുമായി കടത്തപ്പെടുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ നിന്ന് ലോക്കല്‍ ബസുകളിലാണ് ഇവ യു.കെയിലേക്ക് കടത്തുന്നത്.  ഓരോന്നും ഏകദേശം പതിനായിരം രൂപയ്ക്കാണ് (100 പൗണ്ട്) വില്‍ക്കുന്നത്. വാങ്ങുന്നവര്‍ ഇത് യു.കെയില്‍ 25,000 രൂപയ്ക്കാണ് (240 പൗണ്ട്) കരിഞ്ചന്തകളില്‍ വില്‍ക്കുന്നത്. അതായിത് ഇരട്ടി ലാഭം.

മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍  എന്നറിയപ്പെടുന്ന 1987 ലെ ഒരു ആഗോള കരാർ പ്രകാരം നിരോധിക്കപ്പെട്ട ഓസോണ്‍ പാളിക്ക് ഹാനികരമായ  ക്ലോറോഫ്ലൂറോ കാർബണിന് പകരമായിട്ടാണ് ഹൈഡ്രോഫ്‌ളൂറോ കാര്‍ബൺ  (എച്ച്.എഫ്.സി) വികസിപ്പിക്കപ്പെട്ടത്.

മനുഷ്യനിര്‍മിതമായ എച്ച്.എഫ്.സിക്ക് നിറമോ മണമോ ഇല്ല. ഹരിതഗൃഹ വാതകമായ എച്ച്.എഫ്.സി കാര്‍ബണ്‍ ഡയോക്‌സൈഡിനെക്കാള്‍ ആയിരം മടങ്ങ് ശക്തിയേറിയതാണ്. 2024 ഓടുകൂടി എച്ച്.എഫ്.സിയുടെ ഉപയോഗം 69 ശതമാനം കുറയ്ക്കുകയാണ് യു.കെയുടെ ലക്ഷ്യം. അതിന് വിലങ്ങുതടിയാവുകയാണ് അനധികൃത വില്‍പ്പന.

തുച്ഛമായ കാശ് മുടക്കി വാങ്ങുന്ന കുപ്പികളില്‍ ഗ്യാസ് നിറച്ച് കൊള്ളലാഭമാണ്  ഇത്തരത്തിലുള്ള സംഘങ്ങള്‍ ഉണ്ടാകുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകയായ ഫിന്‍ വാല്‍റാവന്‍സ് ഫറയുന്നു. 'ചൈനയില്‍ മൂവായിരം രൂപ മാത്രം (30 പൗണ്ട്) വിലയുള്ള കുപ്പികളില്‍  ഹൈഡ്രോഫ്‌ളൂറോ കാര്‍ബണുകള്‍ നിറച്ച് യു.കെയില്‍ ഇത് ഇരുപതിനായിരം രൂപയ്ക്ക് വില്‍ക്കുകയാണ് ', ഫിന്‍ പറഞ്ഞു. അതായിത് ഒരു കുപ്പിക്ക് പതിനാറായിരം രൂപയോളം (170 പൗണ്ട്) ലാഭം. ഇരട്ടി ലാഭമെന്നതിനാല്‍ പല ക്രിമിനുകളും ഇതില്‍ പങ്കാളികളാകുന്നു. ആഗോള താപനത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന ഹൈഡ്രോഫ്‌ളൂറോ കാര്‍ബണ്‍സ് നഗ്നനേത്രങ്ങൾകൊണ്ട് കാണാന്‍ കഴിയില്ല. ആകെ യൂറോപ്യന്‍ വിപണിയില്‍ 20 മുതല്‍ 30 ശതമാനം വരെ പങ്ക് കൈയ്യാളുന്നത് അനധികൃതമായുള്ള ഹൈഡ്രോഫ്‌ളൂറോ കാര്‍ബണ്‍ വില്‍പ്പനയാണ്. 

സ്ഥിതി രൂക്ഷമാകുന്ന ഘടകങ്ങള്‍:

1) എച്ച്.എഫ്.സിയുടെ വലിയൊരംശം കാലാവസ്ഥയില്‍ പ്രതികൂലചലനങ്ങള്‍ ഉണ്ടാക്കുന്നു. കാര്‍ബണ്‍ ഡയോക്‌സൈഡ് 20 വര്‍ഷമുണ്ടാക്കുന്ന ദോഷത്തെക്കാള്‍ വലുതാണ് എച്ച്.എഫ്.സിയുടെ പ്രത്യാഘാതം.

2) വര്‍ഷാവര്‍ഷം എച്ച്.എഫ്.സിയുടെ ഉപയോഗം 10 മുതല്‍ 15 ശതമാനം വരെ കൂടുന്നു.

3) അന്തരീക്ഷത്തില്‍ 29 വര്‍ഷം വരെ ഇവയുടെ സാന്നിധ്യമുണ്ടാകും

4) എയര്‍ കണ്ടീഷനറുകളിലാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. 2050-ഓടെ എയര്‍ കണ്ടീഷനറുകളുടെ ഉപയോഗം 560 കോടിയായി വര്‍ധിക്കും. അടുത്ത 30 വര്‍ഷത്തില്‍ സെക്കന്‍ഡില്‍ 10 യൂണിറ്റ് എന്ന കണക്കില്‍ എയര്‍ കണ്ടീഷനര്‍ വില്‍ക്കാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

എച്ച്.എഫ്.സി വാണിജ്യവത്കരിക്കപ്പെടുന്നത് 1990 കളുടെ തുടക്കത്തിലാണ്. നിലവില്‍ അന്തരീക്ഷത്തില്‍ ഇവയുടെ സാന്നിധ്യം കുറവാണെങ്കിലും അത് വര്‍ധിച്ച് വരുകയാണ്. വിപണിയില്‍ വര്‍ധിച്ച് വരുന്ന ഫ്രിഡ്ജുകളോടും എയര്‍ കണ്ടീഷനറുകളോടുമുള്ള പ്രിയം എച്ച്.എഫ്.സിയുടെ നിര്‍മാണ തോത് കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്നായി. വികസിത രാജ്യങ്ങളില്‍ ഇവയുടെ ഉപയോഗം മറ്റുള്ളതിനെ അപേക്ഷിച്ച് പതിന്മടങ്ങ് കൂടുതലാണ്. വര്‍ഷാവര്‍ഷം 10 മുതല്‍ 15 ശതമാനം എന്ന തോതില്‍ വര്‍ധിച്ച് വരുന്ന ഇവയുടെ തോത് അടുത്ത ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരട്ടിയാകാനും സാധ്യയുണ്ടെന്ന് വിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നു. എയര്‍ കണ്ടീഷനറുകളുടെയും ഫ്രിഡ്ജുകളുടെയും ഊര്‍ജക്ഷമത വര്‍ധിക്കുന്നതില്‍ നേരിട്ടല്ലാത്ത പങ്ക് എച്ച്.എഫ്.സികള്‍ വഹിക്കുന്നുണ്ട്. ഇത് കാര്‍ബണ്‍ ഡയോക്‌സൈഡ് പോലെയുള്ളവയുടെ ബഹിര്‍ഗമനം കുറയാന്‍ കാരണമാകും. നിര്‍മാണ തോത്, ഉപഭോഗം എന്നിവയില്‍ നിയന്ത്രണമേര്‍പ്പെടുത്തുക വഴി മാത്രമേ ഹൈഡ്രോഫ്‌ളൂറോ കാര്‍ബണുകളെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ.

Content Highlights: illegal sale of hydroflurocarbons: advertisement in facebook