ന്യൂഡൽഹി: കാലാവസ്ഥാവ്യതിയാനംമൂലം ഹിമാലയൻ മഞ്ഞുമലകൾ സമീപകാലത്ത് ഇരട്ടിവേഗത്തിൽ ഉരുകുകയാണെന്ന് പഠനറിപ്പോർട്ട്. 40 വർഷത്തെ ഉപഗ്രഹനിരീക്ഷണത്തിലൂടെ ഇന്ത്യ, നേപ്പാൾ, ചൈന, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 2019-ൽ ‘ജേണൽ സയൻസ് അഡ്വാൻസസ്’ എന്ന ശാസ്ത്രപ്രസിദ്ധീകരണത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

21-ാം നൂറ്റാണ്ടിന്റെ തുടക്കംമുതൽ ഹിമാലയൻ മഞ്ഞുമലകൾ ഉരുകുന്നതിന്റെ വേഗംകൂടിയിട്ടുണ്ട്. 1975മുതൽ 2000വരെ മഞ്ഞുമലകൾ ഉരുകാനെടുത്ത സമയത്തെക്കാൾ ഇരട്ടിവേഗത്തിലാണ് 2000-നുശേഷം ഉരുകുന്നത്. രൂപപ്പെടുന്ന മഞ്ഞുകട്ടയുടെ പകുതിയോളം ഭാഗം ഉരുകുന്നു. 1975മുതൽ 2000വരെയുള്ള വർഷങ്ങളിൽ മേഖലയിലുടനീളം മഞ്ഞുമലകളിൽനിന്ന് പ്രതിവർഷം 0.25 മീറ്റർ ഐസ് വീതമാണ്‌ നഷ്ടപ്പെട്ടത്‌ -പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥാവ്യതിയാനംകാരണം താപനിലയിൽ വൻതോതിൽ വർധനയുണ്ടായതാണ് മഞ്ഞുമലകളുടെ ഉരുകലിന്‌ വേഗംകൂട്ടിയതെന്ന് പഠനം വ്യക്തമാക്കുന്നു. നേരത്തേ, പല സ്ഥലങ്ങളിലും ഏറിയും കുറഞ്ഞുമായിരുന്നു താപനില. 1975മുതൽ 2000വരെയുണ്ടായിരുന്ന താപനിലയിൽനിന്ന് ഒരു ഡിഗ്രി സെൽഷ്യസ് ചൂട്‌ കൂടുതലാണ് 2000മുതൽ 2016 വരെയുള്ള കാലയളവിൽ രേഖപ്പെടുത്തിയത്. പടിഞ്ഞാറുനിന്ന് കിഴക്കുവരെയുള്ള മേഖലയിൽ 2000 കിലോമീറ്ററിനുള്ളിൽ 650 മഞ്ഞുമലകളുണ്ടെന്ന് ഉപഗ്രഹസർവേയിൽ കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു.

 

Content Highlights: Himalayas glaciers melting twice as fast since 2000