തിരുവനന്തപുരം :  വന്യ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനറിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മധ്യമേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ അനൂപ് കെ. ആര്‍, കിഴക്കന്‍ മേഖലാ സിസിഎഫ് കെ. വിജയാനന്ദന്‍, പരിസ്ഥിതി സംരക്ഷകന്‍ ബാല സുബ്രഹ്‌മണ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പഠനം തയ്യാറാക്കിയത്. 

പദ്ധതി നടപ്പിലാക്കാന്‍ 110 കോടിയാണ് പ്രതീക്ഷിക്കുന്നത്. മുമ്പുള്ള വര്‍ഷങ്ങളിലെ പഠനത്തില്‍ നിന്ന് വ്യത്യസ്തമായി മേഖല തിരിച്ച് ഓരോ പരിഹാര മാര്‍ഗ്ഗങ്ങളാണ് ഈ പഠനം നിര്‍ദേശിക്കുന്നത്. 

കാട്ടാന ശല്യം രൂക്ഷമായ മൂന്നാറിലും ആറളത്തും വാളയാറിലും പ്രത്യേക ഉപകരണം വെച്ചുപിടിപ്പിക്കാനാണ് പഠനത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കാട്ടുപന്നി ശല്യം രൂക്ഷമായ വയനാട്ടിലും കോഴിക്കോടുമാവട്ടെ കാട്ടുപന്നിയെ കൊല്ലുന്നതും ഗ്രാമങ്ങളിലേക്ക് ഇവ കടക്കുന്നത് തടയാന്‍ വേലി കെട്ടുന്നതും മറ്റുമാണ് പരിഹാര മാര്‍ഗ്ഗമായി മുന്നോട്ടുവെച്ച നിർദേശം. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

മനുഷ്യന് ഉപദ്രവകാരികളായ മൃഗങ്ങളെ കൊല്ലാനുള്ള നിര്‍ദേശവും പഠനം മുന്നോട്ടുവെച്ചിട്ടുണ്ട്. ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊല്ലാമെന്ന നയം സ്വീകരിച്ച ശേഷം സംസ്ഥാനത്തുടനീളം 500ഓളം കാട്ടുപന്നികളെ കൊന്നിട്ടുണ്ട്. ചിലസമയങ്ങളില്‍ ഉപദ്രവകാരികളായ ജീവികളെ കൊല്ലുക എന്നത് മാത്രമാണ് മുന്നിലുള്ള ഏകപോംവഴിയെന്ന് വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഓരോ ജില്ലയിലും രണ്ട് വന്യമൃഗ രക്ഷാ കേന്ദ്രങ്ങള്‍ വീതം തുടങ്ങേണ്ടതിന്റെ ആവശ്യകതയും പഠനം മുന്നോട്ടുവെക്കുന്നുണ്ട്. നിലവില്‍ തിരുവനന്തപുരം, വയനാട്, കോന്നി, കോടനാട്, പാലക്കാട് എന്നിവിടങ്ങളിലാണ് നിലവില്‍ റെസ്‌ക്യൂ സെന്ററുകളുള്ളത്. 

വേട്ടക്കാരെയും മറ്റും ഭയന്ന് പല മൃഗങ്ങളും വഴിതെറ്റി മനുഷ്യവാസമേഖലകളിലേക്ക് ചെന്നെത്തുന്നുണ്ട്. വന്യമൃഗ രക്ഷാ കേന്ദ്രങ്ങള്‍ (റസ്‌ക്യു സെന്ററുകള്‍ ) ഇത്തരത്തില്‍ പരിക്കേറ്റ വന്യമൃഗങ്ങളെ പരിപാലിച്ച് തിരിച്ച് കാട്ടിലേക്കയക്കാനുള്ള മുന്‍കൈയ്യെടുക്കും. 

animal human conflict

പ്രധാന നിര്‍ദേശങ്ങള്‍ ഇവയൊക്കെയാണ്

  • വനാതിര്‍ത്തിയിലെ ബാരിക്കേഡുകളും വേലികളും ശക്തിപ്പെടുത്തണം
  • ആവശ്യമുള്ള ഇടങ്ങളിലെല്ലാം അതിരുകളോ വേലികളോ സ്ഥാപിക്കണം
  • വന്യമൃഗങ്ങളുടെ ആവാസ മേഖലകൾ മെച്ചപ്പെടുത്തണം
  • ഏറ്റവും അധികം പ്രശ്‌നങ്ങളും നാശനഷ്ടവുമുണ്ടാക്കുന്ന മൃഗങ്ങളെ കൊല്ലണം
  • വന്യമൃഗരക്ഷാ കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും
  • വനാതര്‍ത്തികളില്‍ താമസിക്കുന്ന മനുഷ്യര്‍ സ്വീകരിക്കേണ്ട ആവാസമര്യാദകള്‍, ജൈവവൈവിധ്യം കാത്തുസൂക്ഷിക്കണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് അവബോധം നല്‍കണം

content highlights: Highly problematic wild animals have to be identified and killed, study submitted to CM Kerala