ഗ്ലാസ്ഗോ: ഗ്ലാസ്ഗോയിലെ കാലാവസ്ഥാ ഉച്ചകോടിയിലെ ഭക്ഷണ മെനുവിനെതിരെ വൻ വിമര്‍ശം. ശ്വാസകോശ അർബുദത്തെക്കുറിച്ചുള്ള കോൺഫറൻസിൽ സിഗരറ്റുകൾ വിതരണം ചെയ്യുന്നതു പോലെയാണ് ഗ്ലാസ്ഗോയിലെ ഭക്ഷണ മെനുവെന്നാണ് വിമർശകരുടെ ആരോപണം. ലോകത്തിലെ ഏറ്റവും വലിയ കാലാവസ്ഥ ഉച്ചകോടിയിലെ മെനു അത്രത്തോളം പരിസ്ഥിതി വിരുദ്ധമാണെന്നാണ് റിപ്പോർട്ട്.  എല്ലാ വിഭവങ്ങള്‍ക്കും ഉയര്‍ന്ന കാര്‍ബണ്‍ ഫുട്ട്പ്രിന്റാണെന്നും പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഉച്ചകോടിയുടെ അന്തസത്തയെ തകർക്കുന്നതാണ് ഇതെന്നും വിമർശകർ പറയുന്നു. 

ഡബ്ല്യു.ഡബ്ല്യു.എഫിന്റെ നിര്‍ദേശപ്രകാരം ആഹാര പദാർഥങ്ങൾക്ക്  0.5 kg CO2e താഴെ മാത്രമെ കാര്‍ബണ്‍ ഫുട്ട്പ്രിന്റ്  പാടുള്ളൂ. എത്തിച്ച വിഭവങ്ങളില്‍ ഏറിയ പങ്കും സ്‌കോട്ട്ലന്‍ഡില്‍ നിന്നുള്ള ഇറച്ചികളും മറ്റുമാണ്. സ്വീഡിഷ് സ്റ്റാര്‍ട്ട് അപ്പായ ക്ലിമാറ്റോയുമായി സഹകരിച്ച് ഭക്ഷങ്ങളുടെയെല്ലാം കാര്‍ബണ്‍ ഫുട്ട് പ്രിന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കുറഞ്ഞ കാര്‍ബണ്‍ ഫുട്ട് പ്രിന്റുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആളുകളെ സഹായിക്കുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘടന പറയുന്നുണ്ടെങ്കിലും ഉയര്‍ന്ന കാര്‍ബണ്‍ ആഹാരങ്ങള്‍ ആര് കഴിക്കുമെന്ന് കാര്യത്തില്‍ വ്യക്തതയില്ല.

'കോപ് 26 കാറ്ററിംഗ് മെനുവില്‍ മാംസം, സമുദ്രവിഭവങ്ങള്‍, പാലുത്പന്നങ്ങള്‍ എന്നിവ തികച്ചും അശ്രദ്ധമായി ഉള്‍പ്പെടുത്തിയത് കാലാവസ്ഥാ പ്രതിസന്ധിയുടെ മൂലകാരണം മനസ്സിലാക്കുന്നതില്‍ യു.കെ സര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടുന്നു' ആനിമന്‍ റിബല്ലിയന്‍ എന്ന ക്യാംപയിന്‍ ഗ്രൂപ്പിന്റെ സ്‌പോക്ക്‌സ് പേഴ്‌സണ്‍ ജോയല്‍ സ്‌കോട്ട് പറഞ്ഞു. 

 യുക്തിപരമായിട്ടുള്ള തീരുമാനങ്ങള്‍ എടുക്കാത്തതിടത്തോളം കാലം കാലാവസ്ഥാ വ്യതിയാനം ഒരിക്കലും മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സാല്‍മന്‍ ആന്‍ഡ് കണ്‍സര്‍വേഷന്‍ ട്രസ്റ്റും കോണ്‍ഫറന്‍സില്‍ വിളമ്പിയ സാല്‍മണിന്റെ സുസ്ഥിരതയെയും ചോദ്യം ചെയ്തിട്ടുണ്ട്.

' ഓപ്പണ്‍ നെറ്റ് സാല്‍മണ്‍ കൃഷി ഗുരുതരമായ പാരിസ്ഥിതിക നാശത്തിന് കാരണമാവുകയും ലോകമെമ്പാടുമുള്ള എല്ലാ അധികാരപരിധികളില്‍ നാശം വിതയ്ക്കുകയും ചെയ്തു, അവിടെ കണ്ണടച്ച സര്‍ക്കാര്‍ അതിന് അനുവദിക്കുകയും ചെയ്തു'ഡയറക്ടര്‍ ഓഫ് സാല്‍മണ്‍ ആന്‍ഡ് ട്രൗട്ട് കണ്‍സര്‍വേഷന്‍ ആന്‍ഡ്രൂ ഗ്രഹാം സ്റ്റൂവാര്‍ട്ട് പറഞ്ഞു. 

കോണ്‍ഫറന്‍സില്‍ 41 ശതമാനം വരുന്ന ഭക്ഷപദാര്‍ത്ഥങ്ങളും ഇറച്ചിയെയോ മീനിനെയോ അടിസ്ഥാനമാക്കിയതാണ്. 17 ശതമാനം പാൽ ഉത്പന്നങ്ങളാണ്. അതായത് 58 ശതമാനം വരുന്ന ഭക്ഷണങ്ങളും മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. 

Content Highlights: high carbon footprint menu at cop 26 in glasglow