Photo-AP
ലണ്ടന്‍: 21-ാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി ഇന്ത്യയിലും പാകിസ്താനിലും ഉഷ്ണതരംഗ സംഭവങ്ങള്‍ ഇരട്ടിക്കുമെന്ന് പഠനങ്ങള്‍. ഇരു രാജ്യങ്ങളുടേയും ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം ഇതേ തോതില്‍ തുടരുകയാണെങ്കില്‍ ഉഷ്ണതരംഗ സംഭവങ്ങളില്‍ ശരാശരിയെക്കാള്‍ വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് ഗോതന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനങ്ങള്‍ നല്കുന്ന സൂചന. അതേ സമയം പാരീസ് ഉടമ്പടി പ്രകാരമുള്ള കാലാവസ്ഥാ ലക്ഷ്യങ്ങള്‍, അതായത് താപനില വര്‍ധനവ് 2 ഡിഗ്രിക്കുള്ളില്‍ നിലനിര്‍ത്തുക പോലെയുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുക വഴി മാത്രമേ ഇതിനൊരു പരിഹാരം കാണാന്‍ കഴിയുകയുള്ളൂവെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
പാരീസ് ഉടമ്പടി പ്രകാരമുള്ള കാലാവസ്ഥാ ലക്ഷ്യങ്ങള്‍ നിറവേറ്റാനായാല്‍ പ്രതിവര്‍ഷം രണ്ട് എന്ന തോതില്‍ ഉഷ്ണതരംഗ സംഭവങ്ങളുണ്ടാകുകയും ഇത് 20 കോടി (200 മില്ല്യണ്‍) ജനങ്ങളെ മാത്രം ബാധിക്കുകയും ചെയ്യുമെന്നും പഠനത്തിന്റെ രചയിതാക്കളിലൊരാള്‍ പറയുന്നു. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ പ്രതിവര്‍ഷം അഞ്ചിലധികം ഉഷ്ണ തരംഗ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് ചുരുങ്ങിയത് അമ്പതു കോടി ആളുകളെ ബാധിക്കുകയും ചെയ്യും. താപനില വര്‍ധനവും അംഗസംഖ്യയും തമ്മിലുള്ള ബന്ധം പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഉഷ്ണ തരംഗങ്ങള്‍ ഭക്ഷ്യലഭ്യത, അഭയാര്‍ത്ഥികളുടെ ഒഴുക്ക് പോലെയുള്ള സംഭവ വികാസങ്ങളിലേക്ക് നയിക്കുന്നതിനൊപ്പം മരണം പോലെയുള്ള അത്യാഹിതങ്ങളിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇന്‍ഡസ്, ഗംഗ തുടങ്ങിയ നദികള്‍ക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉഷ്ണ തരംഗ സാധ്യത കണക്കിലാക്കുന്നത്. ഇവിടുത്തെ ഉയര്‍ന്ന ജനസംഖ്യയും ഇത്തരം സംഭവങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നാണ് കരുതപ്പെടുന്നു. ജനസംഖ്യാ തോതും ഭാവിയിലുണ്ടായേക്കാവുന്ന ഉഷ്ണ തരംഗ സംഭവങ്ങളുടെ എണ്ണവും തമ്മില്‍ ബന്ധമുണ്ടെന്നും വിദ്ഗധര്‍.
ഉയര്‍ന്ന ജനസംഖ്യാ തോത് ഭാവിയില്‍ ഉഷ്ണ തരംഗ സാധ്യതകളുടെ എണ്ണം ഉയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉഷ്ണ തരംഗ ഭീഷണി നിലനില്‍ക്കാത്ത പ്രദേശങ്ങളില്‍ പുതിയ നിര്‍മിതികള്‍ പണിയുന്നത് ഒരു പരിധി വരെ പരിഹാരമാകുമെന്ന് നിര്‍ദേശം പഠനം മുന്നോട്ട് വെയ്ക്കുന്നുണ്ട്. പഠനങ്ങള്‍ നല്കുന്ന സൂചനകള്‍ പ്രകാരം ഇന്ത്യ, പാക്കിസ്താന് തുടങ്ങിയ രാജ്യങ്ങളില്‍ ഉഷ്ണ തരംഗത്തിന് വിധേയരാവുന്നവരുടെ എണ്ണം ഉയര്‍ന്ന തോതിലാണെന്നും, ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ റിപ്പോര്‍ട്ട് പഠിക്കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നും ഗവേഷകര്‍ പറയുന്നു. എര്‍ത്ത്സ് ഫ്യൂച്ചര്‍ എന്ന ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..