മിലന്‍: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ലോകനേതാക്കളുടെ പ്രഖ്യാപനങ്ങളെയും പ്രസ്താവനകളെയും പ്രതിജ്ഞകളേയും നിശിതമായി വിമര്‍ശിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെ. ചൊവ്വാഴ്ച ഇറ്റലിയിലെ മിലനില്‍ നടന്ന യൂത്ത് ഫോര്‍ ക്ലൈമറ്റ് ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തിലാണ് ഗ്രെറ്റ ലോക നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പ്രസംഗിക്കുന്ന നേതാക്കള്‍ 'ഹരിത ജല്പനങ്ങള്‍' നടത്തുകയാണെന്നും അവര്‍ പരിഹസിച്ചു.

ബോറിസ് ജോണ്‍സണ്‍, നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള നേതാക്കളുടെ പ്രസ്താവനകളെ എടുത്ത് വിമര്‍ശിച്ച ഗ്രെറ്റ ലോകനേതാക്കളുടെ വാക്കുകളെല്ലാം മഹത്തരമാണെന്നും പക്ഷെ ഒന്നും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ലെന്നും പറഞ്ഞു. 

ലോകം ആവശ്യപ്പെടുന്ന വിധത്തിലുള്ള മാറ്റങ്ങളുണ്ടാക്കാന്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് പുതിയ ആശയങ്ങള്‍, സഹകരണം, ഇച്ഛാശക്തി എന്നിവ ആവശ്യമാണെന്ന എന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയാണ് ഗ്രെറ്റ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞത്.

"അവരുടെ പൊള്ളയായ വാക്കുകളിലും വാഗ്ദാനങ്ങളിലും നമ്മുടെയെല്ലാം പ്രതീക്ഷകളും ആഗ്രഹങ്ങളും മുങ്ങിപ്പോയി. നമ്മള്‍ തെറ്റായ വഴിയെ അതിവേഗം പോയിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇതുവരെ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളലുണ്ടായതില്‍ രണ്ടാമതാണിപ്പോള്‍ 2021. വെറും രണ്ട് ശതമാനം ഭരണകൂടങ്ങളാണ് ഹരിതോര്‍ജം പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രമിക്കുന്നത്. 

"2030-ഓടെ അന്തരീക്ഷ കാര്‍ബണിന്റെ അളവില്‍ 16 ശതമാനം വര്‍ധനവുണ്ടാവുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. നേതാക്കളുടെ മനപ്പൂര്‍വമുള്ള ഈ നിഷ്‌ക്രിയത്വം ഇന്നത്തെയും ഭാവിയിലേയും എല്ലാ തലമുറകളോടുമുള്ള ചതിയാണ്.  പ്രതീക്ഷയെന്നാല്‍ സത്യം പറയുന്നതും പ്രവര്‍ത്തിച്ചുകാണിക്കുന്നതുമാണ്." അത്  ജനങ്ങളില്‍ നിന്ന് മാത്രമാണ് ലഭിക്കുകയെന്നും ഗ്രെറ്റ കൂട്ടിച്ചേര്‍ത്തു.