ഗ്രീൻലൻഡിലെ മഞ്ഞുമലകൾ, നാസയുടെ ഓഷ്യൻസ് മെൽറ്റിങ് ഗ്രീൻലൻഡ് റിസർച്ച് എയർക്രാഫ്റ്റിൽ നിന്നുള്ള ദൃശ്യം | Photo: Gettyimages
കോപ്പന്‍ഹേഗന്‍: കഴിഞ്ഞ ആയിരം വര്‍ഷത്തേതിലും കൂടുതല്‍ ചൂട് നേരിടുകയാണ് ഗ്രീന്‍ലന്‍ഡെന്ന് പഠനം. മഞ്ഞുപാളികള്‍ ആഴത്തില്‍ തുരന്ന്, കഴിഞ്ഞ ആയിരം വര്‍ഷത്തെ സ്ഥിതി പുനസൃഷ്ടിച്ച് നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന്, 'നേച്ചര്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
ഗ്രീന്‍ലന്‍ഡില്‍ ചൂട് ഓരോ വര്‍ഷവും കൂടിവരുന്നതായി സമീപകാല പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു, എന്നാല്‍, ഗ്രീന്‍ലന്‍ഡ് ഇത്ര ഉയര്‍ന്ന തോതില്‍ ചൂട് നേരിടുകയാണെന്ന് ധാരണയുണ്ടായിരുന്നില്ല-വിദഗ്ധര്‍ പറഞ്ഞു.
ഗ്രീന്‍ലന്‍ഡില്‍ 1000 എ.ഡി. മുതല്‍ 2011 വരെയുള്ള കാലയളവിലെ സ്ഥിതിയാണ്, ഹിമപാളികള്‍ തുരന്നു കിട്ടിയ സാംപിളുകള്‍ ഉപയോഗിച്ച് പുനസൃഷ്ടിച്ച് ഗവേഷകര്‍ പഠിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ പതിറ്റാണ്ടിലെ (2001-2011) താപനില, അതിന് മുമ്പ് ആയിരം വര്‍ഷം ഗ്രീന്‍ലന്‍ഡ് അനുഭവിച്ചതിലും കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കി.
2001-2011 കാലത്തെ താപനില, ഇരുപതാം നൂറ്റാണ്ടില്‍ നേരിട്ടതിനെ അപേക്ഷിച്ച് 1.5 ഡിഗ്രി സെല്‍ഷ്യസ് അധികമാണെന്നും പഠനം പറയുന്നു. ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുക്കം ഇതിനകം തന്നെ സമുദ്രവിതാനം ഉയരാന്‍ കാരണമായിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ലക്ഷക്കണക്കിന് തീരദേശവാസികളുടെ ജീവിതം ആശങ്കയിലാകാന്‍ ഇത് വഴിയൊരുക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഗ്രീന്‍ലന്‍ഡ് മാത്രമല്ല, ആര്‍ട്ടിക് പ്രദേശവും മറ്റേത് പ്രദേശത്തെയും അപേക്ഷിച്ച് ഉയര്‍ന്ന താപനില നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഗ്രീന്‍ലന്‍ഡില്‍ ചൂട് ഇതേ രീതിയില്‍ തുടരകുയാണെങ്കില്‍ 2100 ഓടെ സമുദ്ര നിരപ്പില്‍ 18 സെന്റിമീറ്റര്‍ വര്‍ധനവ് രേഖപ്പെടുത്തുമെന്ന്, യു.എന്നിന് കീഴിലുള്ള ഐ.പി.സി.സി (ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) അതിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
രണ്ടു കിലോമീറ്ററോളം കനമുള്ളതാണ് ഗ്രീന്‍ലന്‍ഡിലെ ഭീമന്‍ മഞ്ഞുപാളി. ആഗോളതലത്തില്‍ സമുദ്രവിതാനം ഏഴ് മീറ്ററോളം ഉയര്‍ത്താന്‍ പോന്നത്ര ജലം ആ മഞ്ഞുപാളിയില്‍ മാത്രം സംഭരിക്കപ്പെട്ടിട്ടുണ്ട്!
ആഗോള താപവര്‍ധനവ് രണ്ട് ഡിഗ്രിക്ക് കീഴെ പിടിച്ചുനിര്‍ത്താനാണ് പാരീസ് ഉടമ്പടി വിഭാവനം ചെയ്യുന്നത്. ആഗോള താപവര്‍ധനവ് ലോകത്തിന്റെ എല്ലാ കോണിലും എത്തുന്നു എന്നതിന്റെ തെളിവ് കൂടിയാണ് പുതിയ പഠനം.
Content Highlights: greenland is the warmest its been in 1000 years study
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..