ഗ്രേറ്റ് ബാരിയർ റീഫ് | Photo-AP
അപകടഭീഷണി നേരിടുന്ന ലോക പൈതൃകകേന്ദങ്ങളിൽ ഗ്രേറ്റ് ബാരിയര്‍ റീഫിനെക്കൂടി ഉള്‍പ്പെടുത്താന്‍ ശുപാർശ. ഐക്യരാഷ്ട്രസഭയുടേതാണ് ശുപാർശ. കാലാവസ്ഥാ വ്യതിയാനവും സമുദ്രങ്ങളിലെ വർധിച്ചുവരുന്ന താപനിലയും ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് നിരയായ ഗ്രേറ്റ് ബാരിയർ റീഫിന് ഇതിനോടകം ഭീഷണിയായിത്തീർന്നിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ പാനൽ ചെവ്വാഴ്ച വ്യക്തമാക്കി.
കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി കോറല്‍ ബ്ലീച്ചിങ് പോലെയുള്ള പ്രതികൂലഘടകങ്ങള്‍ പവിഴപ്പുറ്റുകള്‍ നേരിടുന്നുണ്ട്. ഇത് പവിഴപ്പുറ്റുകളിലെ ആല്‍ഗകള്‍ പുറന്തള്ളാന്‍ കാരണമാവുകയും അതുവഴി നിറം നഷ്ടമായി വെള്ളനിറം പ്രാപിക്കുകയും ചെയ്യും. ഇതിനെ അതിജീവിക്കാന്‍ പവിഴപ്പുറ്റുകള്‍ക്ക് സാധിച്ചാലും അത് അവയുടെ വളര്‍ച്ചയേയും പ്രജനനത്തേയും പ്രതികൂലമായി ബാധിക്കും.
ഐക്യരാഷ്ട്ര സഭയുടെ എജ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന് സംഘം കഴിഞ്ഞ മാര്‍ച്ചില്‍ ഗ്രേറ്റ് ബാരിയര്‍ റീഫ്
സന്ദര്‍ശിച്ചിരുന്നു. കാലാവസ്ഥാവ്യതിയാനം പോലെയുള്ള പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള പവിഴപ്പുറ്റുകളുടെ ശേഷി നശിച്ചു കൊണ്ടിരിക്കുകയാണെന്ന് സംഘം കണ്ടെത്തി. പഠനറിപ്പോർട്ട് ജൂണില്‍ റഷ്യയില്‍ നടക്കാനിരുന്ന ലോകപൈതൃക കമ്മിറ്റിയിൽ സമർപ്പിക്കാനിരുന്നെങ്കിലും റഷ്യ-യുക്രൈന് യുദ്ധത്തെ തുടര്‍ന്ന് ചര്‍ച്ച മാറ്റി വെയ്ക്കുകയുമായിരുന്നു. അടുത്ത കമ്മിറ്റിയ്ക്കുള്ള തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
ലോകത്ത് എല്ലായിടങ്ങളിലുമുള്ള പവിഴപ്പുറ്റുകള്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നതിനാൽ ഗ്രേറ്റ് ബാരിയര്‍ റീഫിനെ മാത്രമായി അപകടഭീഷണി നേരിടുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് മുന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഈ വിഷയം സംബന്ധിച്ചുള്ള തീരുമാനത്തില്‍ നിന്ന് യുനെസ്കോയെ പിന്നോട്ടു വലിച്ച ഘടകം ഇതായിരുന്നു. എന്നാല്‍ പുതിയ സർക്കാർ കാര്യക്ഷമമായി എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. പലവിധത്തിലുള്ള ഭീഷണി നേരിടുന്നുണ്ടെങ്കിലും അപകടഭീഷണി നേരിടുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് ഗ്രേറ്റ് ബാരിയര്‍ റീഫുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളും അഭിപ്രായപ്പെടുന്നത്.
Content Highlights: great barrier reef to be listed in danger list
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..