കാശ്മീർ താഴ്വരയും ദ്രാസിനെയും ഒന്നിപ്പിക്കുന്ന സോജിലാ ചുരത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നു | Photo-ANI
ലഡാക്കിലെ ദ്രാസ് മേഖലയില്‍ ഹിമാനികള്‍ വന്‍തോതില്‍ ഉരുകുന്നുവെന്ന് റിപ്പോര്‍ട്ട്. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് പൊല്യൂഷന്‍ റിസര്‍ച്ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് 20 വര്‍ഷത്തിനിടെയുണ്ടായ മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 2000-ല്‍ പടിഞ്ഞാറന്‍ ഹിമാലയത്തിലെ ദ്രാസ് മേഖലയില്‍ ഹിമാനികളുടെ അളവ് 176.77 സ്ക്വയര്‍ കിലോമീറ്റര്‍ ഉണ്ടായിരുന്നുവെങ്കില്‍ 2020-ല്‍ 171.46 സ്ക്വയര്‍ കിലോമീറ്ററായി ചുരുങ്ങി. അതായത്, കശ്മീരിലെ ഹിമാനികളുടെ ആകെ വിസ്തൃതിയില്‍ മൂന്ന് ശതമാനം കുറവ്.
ഓരോ ഹിമാനികളിലും 0.24 ശതമാനം മുതല്‍ 15 ശതമാനം എന്ന തോതിലാണ് മഞ്ഞുരുകി തീര്‍ന്നത്. മഞ്ഞുരുകല്‍ തോത് ഉയര്‍ന്നതോടെ ഹിമാലയന്‍ മഞ്ഞുപാളികളും നിലനില്പ് ഭീഷണി നേരിടുകയാണ്. 1999-ലെ കാര്‍ഗില്‍ യുദ്ധസമയത്ത് അതീവ പ്രാധാന്യം അര്‍ഹിച്ചിരുന്ന മേഖല കൂടിയാണ് ദ്രാസ്.
മഞ്ഞുപാളികളില്‍ കാണപ്പെടുന്ന പാറകള്‍ പോലെയുള്ള മറ്റ് ശേഖരങ്ങള്ക്കും (debris) മഞ്ഞുരുകല്‍ തോതുമായി അടുത്ത ബന്ധമുണ്ട്. പാറകളോ മറ്റ് ശേഖരങ്ങളോ ഉള്ള ഹിമാനികളിലെ മഞ്ഞുരുകല്‍ തോത് മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. ശേഖരങ്ങള്‍ ഇല്ലാതെയുള്ള ഹിമാനികളിലെ മഞ്ഞുരുകല്‍ തോത് അഞ്ച് ശതമാനം കൂടുതല്‍ വേഗത രേഖപ്പെടുത്തി.
താഴ്ന്ന പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന മഞ്ഞുപാളികളില്‍ 4.10 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോള്‍ ഉയര്‍ന്ന പ്രദേശങ്ങളിലുള്ള 1.46 ശതമാനം നാശവും പഠന കാലയളവില്‍ നേരിട്ടു. PM 2.5 (അന്തരീക്ഷത്തിലെ വായുമലിനീകരണ തോത് കണക്കാക്കുന്ന മാനദണ്ഡം) എന്ന ബ്ലാക്ക് കാര്‍ബണ്‍ കോണ്സെന്ട്രേഷനിലും കാര്യമായ മാറ്റങ്ങളുണ്ടായി. ദേശീയപാതയ്ക്ക് സമീപമുളള പ്രദേശങ്ങളിലെ ഇത്തരം വായുമലിനീകരണം മഞ്ഞുപാളികള്‍ക്ക് സൂര്യപ്രകാശം പ്രതിഫലിക്കാനുള്ള ആല്‍ബിഡോ (Albedo) പ്രതിഭാസത്തെ ബാധിക്കുന്നതാണ് കാരണം. ഇതും മഞ്ഞുരുകല്‍ തോത് കൂട്ടി.
ദേശീയ പാതയ്ക്ക് സമീപത്ത് സ്ഥിതിചെയ്യുന്ന 17 ഹിമാനികളില്‍ മഞ്ഞുരുകല്‍ തോത് 4.11 ശതമാനം രേഖപ്പെടുത്തി. ദേശീയ പാതയില്‍ നിന്ന് ഏറെ അകലെ സ്ഥിതിചെയ്യുന്ന 60-ഓളം ഹിമാനികള്‍ 2.82 ശതമാനവും മഞ്ഞുരുകല്‍ തോത് രേഖപ്പെടുത്തി. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനവും ബ്ലാക്ക് കാര്‍ബണ്‍ തോതുമുയര്ന്നാല് ഭാവിയില്‍ ഹിമാലയന്‍ മഞ്ഞുപാളികള്‍ പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നാണ് കരുതപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..