യു.കെയിൽ കണ്ടെത്തിയ ഭീമൻ കടൽ ഡ്രാഗണന്റെ ഫോസിൽ | Photo-Anglican waters
ലണ്ടന്‍: ഭീമന്‍ കടല്‍ ഡ്രാഗണിന്റെ ഫോസില്‍ യു.കെയില്‍ കണ്ടെത്തി. റട്ട് ലാന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ടീം ലീഡറായ ജോ ഡേവിസാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 18 കോടി വര്‍ഷത്തോളം (180 മില്ല്യണ്‍) പഴക്കമുണ്ട് അവശിഷ്ടങ്ങള്‍ക്ക്. 10 മീറ്ററോളം നീളമുള്ള ശരീരത്തിന് ഒരു ടണ്ണോളം ഭാരം വരും. പാലിയന്റോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ നടത്തിയ കണ്ടെത്തല്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
25 കോടി (250 മില്ല്യണ്‍) വര്‍ഷങ്ങള്‍ക്ക് മുമ്പ് ജന്മമെടുത്ത ഇക്ത്യോസോര്‍ ജീവിവര്‍ഗങ്ങള്‍ ഏകദേശം ഒന്‍പത് കോടി (90 മില്ല്യണ്‍) വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വംശനാശത്തിന് ഇരയായത്. രൂപത്തില്‍ ഡോള്‍ഫിനുകളുമായി സാമ്യമുള്ള ഇവയ്ക്ക് സാധാരണ 25 മീറ്റര്‍ വരെ നീളമുണ്ടാകാറുണ്ട്. കൂര്‍ത്ത പല്ലുകളും കണ്ണുകളുമാണ് ഇവയ്ക്ക് 'കടല്‍ ഡ്രാഗണ്‍' എന്ന പേര് കല്‍പിച്ചു നല്‍കിയത്.
യു.കെയില്‍ നിന്നുള്ള ഏതാനും വിദ്ഗധര്‍ ചേര്‍ന്നാണ് ഓഗസ്റ്റിനും സെപ്റ്റംബറിനുമിടയില്‍ ഫോസില്‍ കണ്ടെത്തിയത്. പ്രദേശത്ത് ഇതിന് മുമ്പ് തിമിംഗലത്തിന്റെയും ഡോള്‍ഫിനുകളുടെയും അസ്ഥികൂടം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഖനനവേളയില്‍ അത്തരത്തില്‍ എന്തെങ്കിലുമായിരിക്കാമെന്നാണ് കരുതിയതെന്ന് ഖനനത്തിന് നേതൃത്വം നല്‍കിയ ഡോ.ഡീന്‍ ലോമാക്‌സ് പ്രതികരിച്ചു. എന്നാല്‍ പ്രദേശത്ത് ആദ്യമായിട്ടല്ല ഇത്തരം അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. 1970 കളില്‍ റട്ട്‌ലാന്‍ഡ് ജലാശയത്തിന്റെ നിര്‍മാണ വേളയില്‍ വലുതും ചെറുതുമായ ഇക്ത്യോസോറുകളെ കണ്ടെത്തിയിട്ടുണ്ട്.
"ഖനനത്തിന് നേത്യത്വം നല്‍കിയത് ഒരു ബഹുമതിയാണ്. ബ്രിട്ടനാണ് ഇക്ത്യോസറുകളുടെ ജന്മസ്ഥലം. ഇരുനൂറ് വര്‍ഷത്തിലേറെയായി അവരുടെ ഫോസിലുകള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.", ഖനനത്തിന് നേത്യത്വം നല്‍കിയ പാലിയന്റോളജിസ്റ്റ് ഡോ. ഡീന്‍ ലോമാക്‌സ് പറഞ്ഞു. പുരാതന സമുദ്രജീവികളായ ഇക്ത്യോസോറിന്റെ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ ഫോസില്‍ ഇതാണെന്ന് ഗവേഷകര്‍ പ്രതികരിച്ചു.
Content Highlights: giant sea dragon fossil found in uk
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..