പ്രതീകാത്മക ചിത്രം | Photo-AP
കാലാവസ്ഥാ വ്യതിയാനം, സമുദ്ര ആവാസവ്യവസ്ഥയിലെ തകരാറുകള്‍ എന്നിവ സമുദ്ര മത്സ്യവര്‍ഗങ്ങളുടെ വംശനാശ ഭീഷണിക്ക് കാരണമാകാറുണ്ട്. ഇപ്പോഴിതാ ഈ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ശുദ്ധജല മത്സ്യങ്ങളും. ഇവയുടെ മൂന്നിലൊന്നും വംശനാശ ഭീഷണിയിലാണെന്നാണ് പുറത്ത് വരുന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 80 ഓളം ശുദ്ധജല മത്സ്യവര്ഗങ്ങളാണ് വംശനാശത്തിനിരയായതെന്ന് സമുദ്ര സംരക്ഷണ സംഘടനകള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം മാത്രം 16 വര്‍ഗങ്ങള്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായി. ജലമലിനീകരണം, അനിയന്ത്രിതമായ മത്സ്യബന്ധനം എന്നിവ ശുദ്ധജല മത്സ്യങ്ങളുടെ എണ്ണം കുറയാനുള്ള കാരണങ്ങളാണ്.
ദശലക്ഷക്കണക്കിനാളുകളാണ് ഭക്ഷണത്തിനും അലങ്കാരമത്സ്യ വിപണിക്കായും ശുദ്ധജല മത്സ്യങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്. ഡബ്ല്യുഡബ്ല്യുഎഫ് (വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍), ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റി, ഗ്ലോബല്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ എന്നിങ്ങനെ 16 ഓളം സമുദ്ര സംരക്ഷണ സംഘടനകളാണ് റിപ്പോർട്ടിന് പിന്നിൽ. ദി വേള്‍ഡ്സ് ഫൊര്‍ഗോട്ടണ്‍ ഫിഷ്സ് എന്ന പേരിലാണ് പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.
ജലാശയങ്ങളുടെ മോശം നിലവാരമാണ് ശുദ്ധജല മത്സ്യങ്ങളുടെ എണ്ണം കുറയാന്‍ കാരണമായതെന്ന് ഡബ്ല്യുഡബ്ല്യുഎഫ് റിപ്പോര്‍ട്ട് പറയുന്നു. നദികളുടെ സംരക്ഷണത്തിന് സര്‍ക്കാരുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചുവെന്നും സംഘടന അഭിപ്രായപ്പെട്ടു. നദികള്‍, തണ്ണീര്‍ത്തടം, കായലുകള്‍ എന്നിവയുടെ ആരോഗ്യപരമായ നിലനില്പിന് കാരണമായ അപൂര്‍വ ഇനം വിഭാഗമാണ് ശുദ്ധജല മത്സ്യങ്ങളെന്നാണ് വിദ്ഗധര്‍ പറയുന്നത്. ശുദ്ധജല ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടണമെങ്കില്‍ എല്ലാ തരം ജലാശയങ്ങളും പരിഗണിക്കപ്പെടണമെന്നും ഗവേഷകര്‍ പറയുന്നു.
Content Highlights: freshwater fish face extinction
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..