ബംഗ്ലാദേശ് അഭിമുഖീകരിക്കുന്ന പ്രളയത്തിന്റെ ആകാശ ദൃശ്യം | Photo-AFP
ബംഗ്ലാദേശില്‍ കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെയിടെയുണ്ടായ പ്രളയത്തില്‍ 40 ലക്ഷം പേര് ബാധിക്കപ്പെട്ടുവെന്ന് യു.എന്‍. റിപ്പോര്‍ട്ട്. ബംഗ്ലാദേശിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ മാത്രം ബാധിക്കപ്പെട്ടവരുടെ കണക്കാണിത്. എന്നാല്‍ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ അഞ്ചു ജില്ലകളിലായി 40 ലക്ഷത്തിലധികം പേരെ ഈ കാലയളവില്‍ ദുരിതം ബാധിതരായിരിക്കാമെന്ന് യുണൈറ്റ്ഡ് നേഷന്‍സ് ചില്‍ഡ്രന്‍ ഫണ്ട്(UNICEF) വിലയിരുത്തുന്നു. കഴിഞ്ഞയാഴ്ച വീണ്ടും ഈ മേഖല അഭിമുഖീകരിച്ച ദുരിതത്തില്‍ പത്ത് മരണമാണ് രേഖപ്പെടുത്തിയത്.
വടക്കുകിഴക്കന്‍ മേഖലയിലെ വിവിധ ജില്ലകളുടെ 60 മുതല്‍ 70 ശതമാനം വരുന്ന പ്രദേശങ്ങളും പ്രളയത്തില്‍ ബാധിക്കപ്പെട്ടു. 20 ലക്ഷത്തിലധികം ആളുകള്‍ വിവിധയിടങ്ങളിലായി കുടുങ്ങിയെന്നും ബംഗ്ലാദേശ് ഗവണ്മെന്റ് അറിയിച്ചു.
പ്രദേശത്തെ സ്കൂളുകളും കോളേജുകളുമെല്ലാം അടച്ചുപൂട്ടിയിട്ടുണ്ട്. 350-ഓളം സ്കൂളുകളാണ് ക്യാംപുകളായി മാറ്റിയെടുത്തിരിക്കുന്നത്. വളര്‍ത്തുമൃഗങ്ങളുമായി 8,500-ത്തിലധികം ആളുകള്‍ ക്യാംപുകളില്‍ പാര്‍ക്കുന്നുണ്ട്. വടക്കന്‍ മേഖലകളില്‍ വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും തിങ്കളാഴ്ചത്തെ കണക്കുകള്‍ പ്രകാരം പത്ത് ലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്.
കനത്ത മഴയില്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന സുര്‍മ, കുഷിയാര എന്നീ നദികളിലെ അളവ് ക്രമാതീതമായി ഉയരുകയും ധാരാളം ഗ്രാമങ്ങളിലെ ജനങ്ങളെ കുടിയൊഴിപ്പിക്കുകയും ചെയ്തിരുന്നു.
1970-ല്‍ അളവ് രേഖപ്പെടുത്തിയതിന് ശേഷം രണ്ട് നദികളിലും ഇത്രയേറെ ജലനിരപ്പ് ഉയരുന്നത് ഇതാദ്യമാണ്. അപകടനിരപ്പിനെക്കാള് 5.7 അടി വര്‍ധനവാണ് രണ്ട് നദികളിലും രേഖപ്പെടുത്തിയത്. 140-ത്തിലധികം മെഡിക്കല്‍ സംഘങ്ങളാണ് ദുരിതത്തില്‍ പെട്ടവരെ സഹായിക്കാനായി ഗവണ്മെന്റ് നിയോഗിച്ചിരിക്കുന്നത്. ജലജന്യ രോഗങ്ങളെല്ലാം തടയാനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നുണ്ട്.
ബംഗ്ലാദേശിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ മേഖലയിലും പ്രളയം പോലെയുള്ള സംഭവങ്ങള്‍ നിത്യസംഭവങ്ങളാണ്. കാലാവസ്ഥാവ്യതിയാനം പോലെയുളള ഘടകങ്ങള്‍ ഇതിന് ആക്കം കൂട്ടുന്നുവെന്നും വിദ്ഗധര്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..