ലണ്ടൻ: ലോകം നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധി കുട്ടികൾക്ക് ജന്മം നൽകുന്നതിൽ നിന്ന് ദമ്പതികളെ പിന്നോട്ടടിക്കുന്നുവെന്ന് സർവെ. യുവതയില്‍ 10ല്‍ ഒരാള്‍ ഇത്തരത്തില്‍ ചിന്തിക്കുന്നുവെന്നാണ് സർവെ. അതേസമയം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരുകള്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന ഭയവും ഇത്തരക്കാര്‍ക്കുണ്ട്. 10 രാജ്യങ്ങളിലായി നടത്തിയ സര്‍വേയിലേതാണ് കണ്ടെത്തൽ. ലാന്‍സറ്റിലാണ് സർവ്വേയുടെ പ്രിപ്രിന്റ് പ്രസിദ്ധീകരിച്ചത്.

16 നും 25നും വയസ്സിനിടയിലെ 10 ല്‍ ആറുപേര്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ അതീവ ആശങ്കയുള്ളവരാണ്. സര്‍ക്കാരുകള്‍ തങ്ങളെയോ ഭൂമിയെയോ ഭാവി തലമുറയെയോ സംരക്ഷിക്കുന്നില്ലെന്നും പഴയ തലമുറയും സര്‍ക്കാരുകളും തങ്ങളെ വഞ്ചിച്ചുവെന്നും ചിന്തിക്കുന്നവരാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗവും.

ഭൂമിയിലെ തങ്ങളുടെ ഭാവി ഭയപ്പെടുത്തുന്നതാണെന്ന പ്രസ്താവനയോട് മുക്കാല്‍ ഭാഗവും യോജിച്ചു. ദൈനംദിന ജീവിതത്തെയും പ്രവൃത്തികളെയും ബാധിക്കുന്ന വിധം കാലാവസ്ഥയെക്കുറിച്ച് വിഷാദമോ ഉത്കണ്ഠയോ പകുതിയോളം പേര്‍ രേഖപ്പെടുത്തി. 

ഓസ്ട്രേലിയ, ബ്രസീല്‍, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ഇന്ത്യ, നൈജീരിയ, ഫിലിപ്പീന്‍സ്, പോര്‍ച്ചുഗല്‍, യുകെ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ 10,000ത്തോളം പേര്‍ സര്‍വേയില്‍ പങ്കെടുത്തു.  പ്രചാരണ സംഘടനയായ ആവാസിന്റെ ആഭിമുഖ്യത്തിലാണ് സര്‍വേ നടത്തിയത്. 

കാലാവസ്ഥയെക്കുറിച്ചുള്ള ഉത്കണ്ഠ ഇന്നത്തെ യുവാക്കള്‍ക്കിടയില്‍ വ്യാപകമാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.  ഫിലിപ്പീന്‍സില്‍ നിന്നുള്ള മിറ്റ്‌സി ടാന്‍ പറയുന്നതിതാണ്-''എന്റെ സ്വന്തം കിടപ്പുമുറിയില്‍ മുങ്ങിമരിക്കുമെന്ന് ഭയന്നാണ് ഞാന്‍ വളര്‍ന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഉത്കണ്ഠ വരുന്നത് പരിസ്ഥിതി വിഷയങ്ങളിലെ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും വിശ്വാസവഞ്ചനയും അനുഭവിച്ചാണ്". 

ലോകമെമ്പാടുമുള്ള കുട്ടികളും യുവാക്കളും കാലാവസ്ഥാ പ്രതിസന്ധിയുടെ കെടുതികള്‍ അനുഭവിക്കുന്നുണ്ടെന്ന് അടുത്തിടെ യൂനിസെഫ് കണ്ടെത്തിയിരുന്നു. 100 കോടി കുട്ടികള്‍ കാലാവസ്ഥാ പ്രത്യാഘാതങ്ങളിലെത്തുടര്‍ന്നുള്ള അപകട ഭീഷണി നേരിടുന്നുവെന്ന് യൂണിസെഫ് പറഞ്ഞത്.

content highlights: Four in 10 young people hesitant to have children due to climate crisis