പ്രതീകാത്മക ചിത്രം | Photo-AP
നെടുമങ്ങാട്: വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്കെത്തുന്നത് ഒഴിവാക്കാന്‍ വനമേഖലയില്‍ വ്യാപകമായി ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ വനംവകുപ്പിന്റെ ആലോചന. ആഹാരത്തിനും വെള്ളത്തിനും വേണ്ടിയാണ് കാട്ടാന ഉള്‍പ്പെടെ ജനവാസമേഖലയിലേക്കെത്തുന്നതെന്നാണ് കണ്ടെത്തല്‍. പ്ലാവ്, മാവ്, ആഞ്ഞിലി തുടങ്ങിയ ഫലവൃക്ഷങ്ങളാണ് ആദ്യഘട്ടത്തില്‍ നട്ടുപിടിപ്പിക്കുന്നത്.
ആന, കുരങ്ങ്, കാട്ടുപന്നി തുടങ്ങിയവ ഭക്ഷണംതേടി നാട്ടിലേക്കിറങ്ങുന്നത് ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തല്‍. വേനല്‍ക്കാലത്ത് ഉള്‍വനത്തില്‍ ജലലഭ്യത ഉറപ്പാക്കാനായി തടയണകള്‍ നിര്‍മിക്കും.
ഇതിനായി 640 കോടി രൂപയുടെ കര്‍മപദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ നട്ടുപിടിപ്പിച്ച തേക്ക്, അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ് എന്നിവ പ്രകൃതിക്ക് കോട്ടംവരുത്തുന്നതും വന്യജീവികളുടെ ആഹാരത്തിന് ഉതകുന്നതല്ലെന്നുമാണ് വിലയിരുത്തല്‍. വളര്‍ച്ചയെത്തിയ മരങ്ങള്‍ മുറിച്ചുമാറ്റാനും ഇവിടെ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 'വൃക്ഷസമൃദ്ധി' പദ്ധതിയുടെ ഭാഗമായി നഴ്സറികള്‍ സ്ഥാപിച്ച് തൈകള്‍ ഉത്പാദിപ്പിക്കും. 45-ലക്ഷത്തിലധികം ഫലവൃക്ഷത്തൈകള്‍ ഇതിനായി വേണ്ടിവരുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടല്‍. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.
Content Highlights: forest department to plant fruit trees to prevent the entry of wild animals from the forest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..