കുരീപ്പുഴ ചണ്ടിഡിപ്പോയിലെ മാലിന്യത്തിൽനിന്നു വേർതിരിച്ചെടുത്ത ചെരിപ്പുകൾ കയറ്റിയയ്ക്കുന്നതിനായി തയ്യാറാക്കുന്ന തൊഴിലാളികൾ
കൊല്ലം: കുരീപ്പുഴ ചണ്ടിഡിപ്പോയില്‍ പുരോഗമിക്കുന്ന ബയോ മൈനിങ്ങില്‍ വേര്‍തിരിച്ചെടുത്തവയില്‍ ഭൂരിഭാഗവും ചെരിപ്പുകള്‍. ഉപയോഗ ശേഷം വലിച്ചെറിഞ്ഞവയുടെ ഏറിയ പങ്കും 2012 വരെ പ്രദേശത്ത് കുമിഞ്ഞു കൂടിയതാണ്. ഉയര്‍ന്ന ഹീലുള്ളവ, ഫ്ലാറ്റ് സ്ലിപ്പറുകള്‍, ഷൂസ് തുടങ്ങി 10 വര്‍ഷത്തിനു മുമ്പുവരെ ഉപയോഗിച്ചുതള്ളിയ ചെരിപ്പുകള്‍ക്ക് 100 ടണ്‍ ഭാരവും കണക്കാക്കുന്നു. 100 ടണ്‍ മാലിന്യം ഇതുവരെ പുനരുപയോഗത്തിനായും കയറ്റിയയച്ചു. വേര്‍തിരിച്ചെടുക്കുന്ന മാലിന്യത്തിന്റെ അളവ് ഓരോ ടണ്‍ കവിയുമ്പോള്‍ രാജസ്ഥാന്, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള കമ്പനികളാണ് മാലിന്യം കൊണ്ടുപോകുക.
യന്ത്രസഹായത്താല്‍ വേര്‍തിരിച്ചെടുക്കുന്ന ചെരിപ്പുകള്‍ തൊഴിലാളികള്‍ വീണ്ടും മൂന്നായി തരം തിരിക്കുന്നതാണ് ആദ്യ പടി. ഉപയോഗിക്കാന്‍ കഴിയുന്നവ, സോള്‍ മാറ്റാന്‍ കഴിയുന്നവ, മറ്റുള്ളവ എന്നിങ്ങനെ പ്രത്യേകമാക്കിയാണ് കൊണ്ടുപോവുക. രാജസ്ഥാനിലേയും ഡല്‍ഹിയിലേയും പ്ലാന്റുകളില്‍ ഇവ വീണ്ടും സോളുകളാക്കി പുനര്‍നിര്‍മിക്കും. ഉപയോഗിക്കാന്‍ കഴിയാത്തവ ഉരുക്കി അരച്ചെടുത്ത് ഗുണനിലവാരം കുറഞ്ഞ ചെരുപ്പുകളാക്കി മാറ്റും.
ബയോമൈനിങ് പോലെയുള്ള സംവിധാനങ്ങളിലൂടെ മറ്റിടങ്ങളില്‍ കണ്ടെത്തുന്നവയില്‍ വേര്‍തിരിച്ചെടുക്കുന്നതില്‍ കൂടുതലും ഇലക്ട്രോണിക്ക് മാലിന്യമാണെങ്കില്‍ ഇവിടെ കഥ മറ്റൊന്നായിരുന്നു. ഇലക്ട്രോണിക്ക് മാലിന്യത്തിന്റെ ചെറു കണിക പോലും കണ്ടെത്താനായില്ലെന്ന് മാത്രമല്ല, ബാഗ്, പേഴ്സ് എന്നിവയും നാമമാത്രമായിരുന്നു. സാധാരണ കണ്ടുവരാറുള്ള ബാറ്ററിയുമില്ല.
വലിയകല്ലുകള്‍ 8227 ടണ്ണും സിമന്റ് കമ്പനികള്‍ക്കാവശ്യമായ ജ്വലനശേഷിയുള്ള പ്ലാസ്റ്റിക് 2160 ടണും ഇതുവരെ കയറ്റിയയച്ചു. 85 ടണ്‍ കുപ്പിച്ചില്ലും 13.7 ടണ്‍ ടയറും ഇവിടെനിന്നു കൊണ്ടുപോയി. ടയര്‍ രണ്ടായി വേര്‍തിരിച്ചാണ് നല്‍കുക. മറ്റു സ്ഥലങ്ങളില്‍ 30 ശതമാനംമാത്രം മണ്ണു ലഭിക്കുമ്പോള്‍ കുരീപ്പുഴയില്‍ 60 ശതമാനം മണ്ണാണ് വേര്‍തിരിച്ചെടുത്തത്. കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍ മുമ്പ് വിശാലമായൊരു കുളം കുഴിച്ചിരുന്നു. ഇതിനായി നീക്കിയ മണ്ണാണ് അളവുകൂടാന്‍ കാരണം. വ്യവസ്ഥകള്‍ക്കു വിധേയമായി മണ്ണ് പുറത്തേക്ക് നല്‍കുന്നുമുണ്ട്. സ്റ്റീല്‍ പാത്രങ്ങള്‍, തടി, ലോഹവസ്തുക്കള്‍ തുടങ്ങി 12 ഇനങ്ങളാണ് വേര്‍തിരിക്കുന്നത്. സിഗ്മ ഗ്ലോബല്‍ എന്വയണ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ബയോമൈനിങ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..