ഗ്രേറ്റ് ബാരിയർ റീഫ് | Photo-AP
ഗ്രേറ്റ് ബാരിയര്‍ റീഫിന് സമീപം പുതിയ അഞ്ചിനം പവിഴപ്പുറ്റുകളെ കണ്ടെത്തി. സമുദ്രോപരിതലത്തില്‍ നിന്ന് 2,500 അടി താഴെ ഓസ്ട്രേലിയന്‍ തീരത്തിന് സമീപത്തായാണ് ബ്ലാക്ക് കോറൽ വിഭാഗത്തില്‍പ്പെട്ട
പവിഴപ്പുറ്റുകളെ കണ്ടെത്തിയത്.
കടലിന്റെ ആഴം കുറഞ്ഞ ഇടങ്ങളിലും സമുദ്രോപരിതലത്തില്‍ നിന്ന് 26,000 അടി താഴെ വരെയും ബ്ലാക്ക് കോറലുകൾ കണ്ടുവരാറുണ്ട്. ഒറ്റപ്പെട്ട ചില പവിഴപ്പുറ്റുകള്‍ക്ക് 4,000 വര്‍ഷം വരെ ജീവിക്കാന്‍ കെല്‍പ്പുണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു. Schmidt Ocean Institute-ലെ ഗവേഷകര്‍ വികസിപ്പിച്ച റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനി (സുബാസ്റ്റ്യന്‍-SuBastian) ഉപയോഗിച്ചാണ് ഗ്രേറ്റ് ബാരിയര്‍ റീഫിലെയും കോറൽ സീയിലേയും ബ്ലാക്ക് കോറലുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
സുബാസ്റ്റ്യന്‍ എന്ന അന്തര്‍വാഹിനി വികസിപ്പിക്കുന്നതിന് മുമ്പ് ഡ്രെഡ്ജിങ് പോലെയുള്ള മാര്‍ഗങ്ങളിലൂടെയായിരുന്നു പ്രദേശത്തെ പവിഴപ്പുറ്റുകളുടെ സാംപിളുകള്‍ ശേഖരിച്ചത്. എന്നാല്‍ ഇത്തരം മാർഗങ്ങൾ പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ മാര്‍ഗം ഗവേഷകര്‍ സ്വീകരിച്ചത്. അന്തര്‍വാഹിനി സുരക്ഷിതമായി പവിഴപ്പുറ്റുകളുടെ സാംപിളുകള്‍ ശേഖരിക്കാനും അവയെ കുറിച്ച് വിശദമായ പഠനം നടത്താനും സഹായകമായി. ഓസ്ട്രേലിയന്‍ ഗവേഷകരാണ് അന്തര്‍വാഹിനി വികസിപ്പിച്ചെടുത്തത്. 130 അടി മുതല്‍ 6,000 അടിവരെയുള്ള സമുദ്രാന്തർഭാഗത്തെ പവിഴപ്പുറ്റുകളെ കുറിച്ച് പഠനം നടത്തുവാന്‍ അന്തര്‍വാഹിനിക്ക് കഴിയും. ബാഹ്യമായ പ്രത്യേകതകളുടേയും DNA പരിശോധനയിലൂടെയുമാണ് പവിഴപ്പുറ്റുകളുടെ ഇനം തിരിച്ചറിയുന്നത്.
മറ്റിനം പവിഴപ്പുറ്റുകളെ പോലെത്തന്നെ പ്രാധാന്യമേറിയവയാണ് ബ്ലാക്ക് കോറലുകളും. ചിലപ്പോഴൊക്കെ സമുദ്ര ജീവജാലങ്ങള്‍ക്ക് അഭയമാകുന്നതിനൊപ്പം ശത്രുക്കളില്‍ നിന്നും രക്ഷനേടാനും ബ്ലാക്ക് കോറലുകൾ സഹായിക്കുന്നു. 2005-ല്‍ കാലിഫോര്‍ണിയന്‍ തീരമേഖലയില്‍ കണ്ടെത്തിയ ബ്ലാക്ക് കോറലുകള്‍ 2,554 ഓളം സമുദ്രജീവജാലങ്ങളുടെ അഭയകേന്ദ്രമായിരുന്നു. 300 ഇനം ബ്ലാക്ക് കോറൽ ആണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ പുതിയ കണ്ടെത്തല്‍ കൂടുതല്‍ ഇനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.
Content Highlights: five black coral species found in great barrier reef
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..