കുരുവിക്കായി ഒരുക്കിയ കൂട്
ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയായ കുരുവികളെ സംരക്ഷിക്കുന്നതിനും അവയുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുമായി 'ഗോരേയ ഗ്രാം' ('കുരുവി ഗ്രാമം') നിര്‍മിച്ച് സംസ്ഥാന സര്‍ക്കാര്‍. കിഴക്കന്‍ ഡല്‍ഹിയിലെ ഗാര്ഹിമണ്ഡു സിറ്റി ഫോറസ്റ്റിലാണ് സംസ്ഥാനത്തെ ആദ്യ കുരുവിഗ്രാമം ഒരുക്കിയത്. ഇവിടെ കുരുവികള്‍ക്കായി നാടന്‍ കായകളും പുല്ലും കരോണ്ട, കുണ്ഡലി തുടങ്ങിയ കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തീറ്റപ്പെട്ടികള്, കൃത്രിമക്കൂടുകള്‍, മണ്‍പാത്രങ്ങള്‍ എന്നിവയും ഒരുക്കി. ചിത്രശലഭങ്ങള്‍ക്കുവേണ്ടി പ്രകൃതിദത്ത ആവാസവ്യവസ്ഥ ഗ്രാമത്തില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഇത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ചിത്രശലഭങ്ങളുടെ എണ്ണത്തില്‍ ഇതിനകം ഗണ്യമായ വര്‍ധനയുണ്ടാക്കിയതായി അധികൃതര്‍ പറഞ്ഞു. ഗ്രാമത്തില്‍ ഒരു കുരുവിയുടെ ജീവിതചക്രം ചിത്രീകരിച്ചിട്ടുണ്ട്. പക്ഷികള്‍ക്ക് തീറ്റ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇവിടെ പ്രാണികളുടെ കൂടുകളും നിര്‍മിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി കുരുവിഗ്രാമത്തില് ആയുര്വേദചെടികളുടെ തോട്ടവും അധികൃതര്‍ വികസിപ്പിച്ചിട്ടുണ്ട്.
പത്തര്ചട്ട, കാരം, തുളസി, കറ്റാര്‍വാഴ തുടങ്ങിയ ഔഷധസസ്യങ്ങള്‍ തോട്ടത്തില്‍നിന്ന് സൗജന്യമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാവും. പരിസ്ഥിതി, വനം, വന്യജീവി മന്ത്രി ഗോപാല്‍ റായ് കുരുവിഗ്രാമം സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും മലിനീകരണ തോത് കുറയ്ക്കുന്നതിനമായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായാണ് കുരുവിഗ്രാമം നിര്‍മിച്ചത്. കുരുവികളുടെ വംശനാശത്തെക്കുറിച്ച് പൊതുജനത്തിനിടയില്‍ അവബോധം വളര്‍ത്താന്‍ ഗ്രാമത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വര്‍ഷങ്ങളിലായി നഗരത്തിലെ കുരുവികളുടെ എണ്ണം ക്രമാതീതമായി കുറയുന്നുണ്ട്. വര്‍ധിക്കുന്ന നഗരവത്കരണം, കീടനാശിനികളുടെ അമിത ഉപയോഗം, ഇലക്ട്രിക് കമ്പികളില്‍ നിന്നുള്ള ഷോക്ക് തുടങ്ങിയവയെല്ലാം ഇതിന് കാരണമാണ്. കുരുവിഗ്രാമം ഇതിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
11 നഗരവനങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് വികസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളില്‍ ഒന്നാണ് ഗാര്‍ഹി മണ്ഡു സിറ്റി ഫോറസ്റ്റ്. തലസ്ഥാനത്ത് 286 ഏക്കര്‍ വിസ്തൃതിയുള്ള നാല് പ്രധാന നഗരവനങ്ങള്‍ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ആദ്യഘട്ടം.
തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മിത്രോണ്‍ സിറ്റി ഫോറസ്റ്റ് (98 ഏക്കര്‍ ), വടക്കന്‍ ഡല്‍ഹിയിലെ ആലിപുര്‍ സിറ്റി ഫോറസ്റ്റ് (48 ഏക്കര്‍), തെക്കന്‍ ഡല്‍ഹിയിലെ ജൗനാപുര് സിറ്റി ഫോറസ്റ്റ് (98 ഏക്കര്‍), എന്നിവയാണ് ആദ്യഘട്ടത്തില്‍ വികസിപ്പിക്കുന്ന മറ്റ് നഗരവനങ്ങള്‍. ഈ നഗരവനങ്ങളില്‍ പരിസ്ഥിതിസൗഹൃദ വികസനപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തുക. ഇവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ സര്‍ക്കാര്‍ സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ധ്യാനം ചെയ്യാനുള്ള സൗകര്യങ്ങള്‍, പുല്ലും ചെളിയും കൊണ്ടുള്ള ആംഫി തിയേറ്ററുകള്‍, നഴ്സറികള്‍ എന്നിവയും വനംവകുപ്പിന്റെ നേതൃത്വത്തില്‍ വികസിപ്പിക്കുന്നുണ്ട്. പക്ഷിനിരീക്ഷണം, ജംഗിള്‍ വാക്ക് തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഗ്രാമത്തില്‍ ഒരുക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..