ഭൽസ്വ മാലിന്യ നിക്ഷേപ കേന്ദ്രം | Photo-ANI
ന്യൂഡല്‍ഹി: ഏപ്രില്‍ 26-ന് ഭല്‍സ്വ മാലിന്യനിക്ഷേപകേന്ദ്രത്തില്‍ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ച സംഭവത്തില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് (എം.സി.ഡി.) ഡല്‍ഹി മലിനീകരണനിയന്ത്രണ സമിതി (ഡി.പി.സി.സി.) 50 ലക്ഷം രൂപ പിഴ ചുമത്തി. തീപ്പിടിത്തം തടയാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തീപ്പിടിത്തത്തെത്തുടര്‍ന്ന് പത്ത് ദിവസത്തിലേറെ തീ ആളിപ്പടരുകയായിരുന്നു. ഇത് സമീപപ്രദേശങ്ങളിലെ അന്തരീക്ഷം മലിനമാകാന്‍ കാരണമായെന്ന് മലിനീകരണ നിയന്ത്രണസമിതി അധികൃതര്‍ പറഞ്ഞു.
2,500 മെട്രിക് ടണ്‍ മാലിന്യം പ്രതിദിനംതള്ളുന്ന സ്ഥലത്ത് ഇവ ഒതുക്കത്തില്‍ തള്ളാതിരുന്നത് തീപ്പിടിത്തത്തിലേക്ക് നയിച്ചിരിക്കാം. പ്രദേശത്ത് കണ്ടെത്തിയ മീഥെയ്ന്‍ അംശമുള്ള വസ്തുക്കളും തീപ്പിടിത്തത്തിന് കാരണമായി. 70 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മാലിന്യനിക്ഷേപകേന്ദ്രത്തിന്റെ ചെരിവും സ്ഥിരതയില്ലാത്തതാണെന്നും ഡി.പി.സി.സി. നിരീക്ഷിച്ചു.
ഡല്‍ഹി-ചണ്ഡീഗഡ് ദേശീയപാതയ്ക്ക് സമീപമുള്ള മാലിന്യനിക്ഷേപകേന്ദ്രത്തിന് വൈകുന്നേരം 5.30-ഓടെയാണ് ഖരമാലിന്യത്തിന് തീ പിടിച്ചത്. ഏകദേശം 300 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ തീ പടര്‍ന്നതായി എം.സി.ഡി. അധികൃതര്‍ അറിയിച്ചു. ശക്തമായ കാറ്റ് തീ അതിവേഗം പടരാന്‍ കാരണമായെന്ന് ഡി.പി.സി.സി. റിപ്പോര്‍ട്ടില്‍ പറയുന്നു. തീപ്പിടിത്തമുണ്ടായപ്പോള്‍ അഗ്നിശമനസേനയുടെ അഗ്നിശമന വാഹനം സ്ഥലത്തെത്തിയിരുന്നങ്കില് അത് പ്രാരംഭഘട്ടത്തില്‍ തന്നെ തീയണയ്ക്കാനും സ്ഥിതിഗതി നിയന്ത്രിക്കാനാകുമായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..