കറുപ്പൻ തേൻകിളി, നാട്ടിലക്കിളി, തത്തച്ചിന്നൻ
തുറവൂർ: ജില്ലയിൽ നാട്ടുപക്ഷികളുടെ കണക്കെടുപ്പു പൂർത്തിയായപ്പോൾ ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ച് പക്ഷിനിരീക്ഷകർ. നാലുദിവസത്തെ കണക്കെടുപ്പിൽ 1,000 നിരീക്ഷണങ്ങളിൽ നിന്നായി 150-ഇനം പക്ഷികളെയാണു കണ്ടെത്തിയത്. ചില പക്ഷികൾ വംശനാശത്തിന്റെ വക്കിലാണെങ്കിൽ മറ്റു ചില പക്ഷികളെ പേരിനുപോലും കാണാനായില്ലെന്ന് നിരീക്ഷകർ പറയുന്നു.
ഇന്ത്യൻ രാച്ചുക്ക്, ആട്ടക്കാരൻ പക്ഷി, കറുപ്പൻ തേൻകിളി, വലിയ പൊന്നി മരംകൊത്തി എന്നിവയാണ് അഞ്ചുവർഷത്തിനിടയിലെ നിരീക്ഷണങ്ങളിൽ ഒരിക്കൽപ്പോലും കാണാത്തയിനങ്ങൾ. കാലൻകോഴി, നാട്ടിലക്കിളി, തത്തച്ചിന്നൻ, തണ്ടാൻ മരംകൊത്തി, അയോറക്കിളി, വലിയ വാലുകുലുക്കി, പനങ്കാക്ക, അരിപ്രാവ് എന്നിവയുടെ എണ്ണത്തിൽ ആശങ്കാജനകമായ കുറവു സംഭവിച്ചിട്ടുമുണ്ട്.
കിളികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയായ കാവുകൾ, കുറ്റിക്കാടുകൾ എന്നിവ വലിയതോതിൽ ഇല്ലാതാകുന്നത് ഇവയുടെ പ്രജനനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് പക്ഷിനിരീക്ഷകൻ ഹരികുമാർ മാന്നാർ പറഞ്ഞു. കൃഷ്ണപ്പരുന്ത്, നാട്ടുമൈന, നാട്ടുകുയിൽ, പച്ചിലക്കുടുക്ക പോലെയുള്ള ചില പക്ഷികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്.
ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി, ബേഡ് കൗണ്ട് ഇന്ത്യ, ബേഡേഴ്സ് എഴുപുന്ന എന്നിവയുടെ നേതൃത്വത്തിലായിരുന്നു കണക്കെടുപ്പ്. ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരായ അജയകുമാർ, പി.കെ. രാജേഷ്, കോ-ഓർഡിനേറ്റർ സുധീഷ് മുരളീധരൻ, പക്ഷിനിരീക്ഷകരായ ജി. അനിൽകുമാർ, എസ്. അരുൺലാൽ, ടി.പി. അരുൺ കുമാർ, ബി. സുമേഷ് എന്നിവർ വിവിധ മേഖലകളിൽ നേതൃത്വം നൽകി.
Content Highlights: few birds have not be sighted for almost five years in alappuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..