പ്രതീകാത്മക ചിത്രം | Photo-By bobarc - https://www.flickr.com/photos/bobarc/13160592113/, CC BY 2.0, https://commons.wikimedia.org/w/index.php?curid=41124996
1979-ൽ പ്രിന്ററുകളുടെ കുത്തകയെന്നൊക്കെ വിശേഷിപ്പിക്കാൻ സാധിക്കുമായിരുന്ന Xerox കോർപറേഷൻ, ആദ്യമായി വിപണിയിൽ തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിൽ ഒരു വെല്ലുവിളി നേരിട്ടു. കൂടുതൽ മെച്ചപ്പെട്ട പ്രിന്ററുകൾ കുറഞ്ഞ വിലയിൽ വിപണിയിലേക്കെത്തിക്കാൻ സാധിച്ച അവരുടെ തന്നെ പ്രധാന എതിരാളികളായ ഒരു ജാപ്പനീസ് കമ്പനി ഉയർത്തിയ ആ വെല്ലുവിളി പക്ഷെ, വിവേകപരമായി തന്നെ നേരിടാനാണ് Xerox കോർപറേഷൻ തീരുമാനിച്ചത്. തങ്ങളുടെ പ്രിന്ററുകളുടെ ഉപയോഗക്ഷമത, എതിരാളികളുടേതിനേക്കാൾ മികച്ചതാക്കിയാൽ നഷ്ടപ്പെട്ട വിപണി തിരിച്ചു പിടിക്കാമെന്ന ലളിതയുക്തിയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട്, Xerox കോർപറേഷൻ തങ്ങളുടെ ചുവടുകൾ മാറ്റി പിടിച്ചു.
ഇതിനായി തങ്ങളുടെയും എതിരാളികളുടെയും പ്രിന്ററുകളെ, അവയുടെ പ്രവർത്തനക്ഷമതയുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണ് Xerox ആദ്യം ചെയ്തത്. പ്രവർത്തനക്ഷമതയുടെ കാര്യത്തിൽ തങ്ങളുടെ പ്രിന്ററുകൾ മറ്റു പ്രിന്ററുകളെ അപേക്ഷിച്ച് എവിടെ നിൽക്കുന്നു എന്നുള്ള വിവരം ലഭ്യമായപ്പോൾ, തങ്ങളുടെ പ്രകടനം എത്രത്തോളം കൂടുതൽ മെച്ചപ്പെട്ടതാക്കാം എന്നുള്ളതിന് പറ്റി Xerox-നു കൃത്യമായ ഒരു ധാരണ കൈവരികയും, അതനുസരിച്ചു പ്രവർത്തിച്ചു വിപണി തിരിച്ചു പിടിക്കാനും സാധിച്ചു.

ഉത്പന്നത്തിന്‍റെ ബെഞ്ച്മാര്‍ക്ക്
ഇത്തരത്തിൽ ഒരു ഉത്പന്നത്തിന്‍റെ പ്രവർത്തനക്ഷമത, മറ്റു സമാന ഉല്പന്നങ്ങളുമായി താരതമ്യം ചെയ്യുന്നതും, കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ബെഞ്ച്മാർക് ചെയ്യുന്നതും അതോടെ സർവ്വസാധാരണമായി. ഇതിന് സമാനമായി, കെട്ടിടങ്ങളെ അവയുടെ ഊർജ്ജക്ഷമതയ്ക്ക് അനുസൃതമായി ബെഞ്ച്മാർക് ചെയ്യുന്നത്, ഒരു കെട്ടിടത്തിന്റെ ഊർജ്ജ ഉപഭോഗം മറ്റു സമാന കെട്ടിടങ്ങളെ അപേക്ഷിച്ചു എത്രത്തോളം കൂടുതലോ കുറവോ ആണെന്നുള്ള വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
ശാസ്ത്രീയമായ ബെഞ്ച്മാർക്കിങ് രീതികൾ കെട്ടിടങ്ങളുടെ ഊർജ്ജക്ഷമത വർദ്ധിപ്പിക്കുവാനുള്ള കെട്ടിട ഉടമകളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമാവും എന്നുള്ളതിൽ തർക്കമില്ല. എന്നിരുന്നാലും, കെട്ടിടങ്ങളുടെ പ്രകടനത്തിനെ അവയുടെ ഊർജ്ജക്ഷമത മാത്രം പരിഗണിച്ചു കൊണ്ട് നിർണ്ണയിക്കുന്നതും ശരിയായ ഒരു രീതിയല്ല. ഉദാഹരണത്തിന്, ഓരോ കെട്ടിടവും അവയുടെ ഉപയോക്താക്കൾക്ക് നൽകുന്ന സുഖ സൗകര്യങ്ങൾ വ്യത്യസ്തമാണ് എന്നിരിക്കെ, ഊർജ്ജ ഉപഭോഗം എന്ന ഒരൊറ്റ അളവുകോലുപയോഗിച്ചു കെട്ടിടങ്ങളുടെ പ്രകടനം വിലയിരുത്തുന്നത് ന്യായമാവില്ല.
പരിഗണിക്കേണ്ട വശങ്ങള്‍
അതുകൊണ്ട് തന്നെ, കെട്ടിടങ്ങളുടെ പ്രവർത്തനസംബന്ധമായ എല്ലാ വശങ്ങളും പരിഗണിച്ചു കൊണ്ട് വേണം കെട്ടിടങ്ങളെ ബെഞ്ച്മാർക് ചെയ്യുവാൻ. കെട്ടിടങ്ങളെ ബെഞ്ച്മാർക് ചെയ്യുന്നതിന് വേണ്ടി കൂടുതൽ പദ്ധതികൾ ഉണ്ടാവേണ്ടതിന്റെ ആവശ്യകത. ഇന്ത്യയിൽ ആകെ ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ മൂന്നിൽ ഒരു ഭാഗം ഉപയോഗിക്കുന്നത് കെട്ടിടങ്ങളാണ്. രാജ്യത്തെ അതിവേഗതയിലുള്ള നഗരവൽക്കരണം കെട്ടിടങ്ങളിലെ വൈദ്യുതിയുപഭോഗം ത്വരിതപ്പെടുത്തും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
കാലാവസ്ഥാവ്യതിയാനത്തെ ചെറുത്തു നിൽക്കാൻ ലോകമെമ്പാടും കൈകോർക്കുന്ന ഈ ഒരു കാലഘട്ടത്തിൽ, സുസ്ഥിരമായ വികസന ആശയങ്ങളെ മുറുകെ പിടിച്ചുകൊണ്ട്, നഗരങ്ങൾ കാർബൺ ന്യൂട്രല്‍ ആവുക എന്നുള്ള ലക്ഷ്യത്തിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു.
ഇതിന്റെയെല്ലാം ഭാഗമെന്നോണം, കെട്ടിടങ്ങളുടെ ഊർജക്ഷമത മനസ്സിലാക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും വേണ്ടി നഗരകേന്ദ്രീകൃതമായി പല പദ്ധതികളും, ആഗോള തലത്തിൽ ആസൂത്രണം ചെയ്യപ്പെടുകയും, നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, ന്യുയോർക്ക് നഗരത്തിൽ നടപ്പിലാക്കിയ ബെഞ്ച്മാർക് പദ്ധതിയിലൂടെ, കെട്ടിടങ്ങളിലെ ഊർജ്ജ ഉപഭോഗം 14 ശതമാനത്തോളം കുറയ്ക്കുവാൻ സാധിച്ചു എന്ന് കണ്ടെത്തിയിരുന്നു.
സമാനമായി, 2014 മുതൽ തന്നെ സിംഗപ്പൂരിൽ 5000 സ്ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങളെ, അവയുടെ ഊർജ്ജക്ഷമതയ്ക്കനുസരിച്ചു ബെഞ്ച്മാർക് ചെയ്തു വരുന്നുണ്ട്. ഇത്തരത്തിലുള്ള പദ്ധതികൾ നഗരത്തിലെ കെട്ടിടങ്ങളുടെ ഊർജ്ജക്ഷമത വിലയിരുത്തുന്നതിനും, മോശം കെട്ടിടങ്ങളെ മുന്‍ഗണനാടിസ്ഥാനത്തിൽ പരിപാലിക്കുവാനും സഹായിക്കും.
.jpg?$p=1110cdf&&q=0.8)
നഗരകേന്ദ്രീകൃതമായുള്ള ബെഞ്ച്മാർക് എങ്ങനെ?
കൊച്ചി മുനിസിപ്പൽ കോർപറേഷന്റെ സഹായത്തോടെ 2019-20 വർഷങ്ങളിൽ, കൊച്ചിയിലെ 50 ഓഫീസുകളെ, അവയുടെ ഊർജ്ജക്ഷമതയ്ക്ക് അനുസരിച്ചു ബെഞ്ച്മാർക് ചെയ്തിരുന്നു. ലളിതമായ ഒരു ചോദ്യാവലിയിലൂടെ, ഈ കെട്ടിടങ്ങളിൽ നിന്നും ബെഞ്ച്മാർക് ചെയ്യാനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണ് ഇതിനു വേണ്ടി ആദ്യമായി ചെയ്തത്. ഇതിന്റെ തുടർച്ചയായി, ശേഖരിച്ച വിവരങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്തതിന് ശേഷം, ഓരോ കെട്ടിടങ്ങളുടെയും ഊർജ്ജക്ഷമത സൂചിപ്പിക്കുന്ന ബിൽഡിംഗ് പെർഫോമൻസ് ഇൻഡക്സ് (BPI) എന്ന സൂചിക നിർണ്ണയിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ കെട്ടിടങ്ങളെ താരതമ്യം ചെയ്യുകയും ചെയ്തു. ഈ പഠനത്തിന് അടിസ്ഥാനപ്പെടുത്തി എഴുതിയ റിസർച്ച് പേപ്പർ 2022 മാർച്ച് അവസാന വാരം ബഹുമാനപ്പെട്ട കൊച്ചി മേയർ ശ്രി. അഡ്വ. അനിൽകുമാർ പ്രകാശനം ചെയ്തിരുന്നു.
നിലവിൽ, ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങൾക്കും, ഇത്തരത്തിലുള്ള പദ്ധതി ഒറ്റയ്ക്ക് നടപ്പിലാക്കാനുള്ള സാമ്പത്തിക ശേഷിയോ സാങ്കേതിക പരിജ്ഞാനമോ ഇല്ല എന്നുള്ളത് ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ, ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോകുവാൻ നഗരങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാർ ഏജൻസികളുടെ സഹായം ഉറപ്പ് വരുത്തേണ്ടതായിട്ടുണ്ട്. ഉദാഹരണത്തിന്, കേരളത്തിലെ നഗരങ്ങൾക്ക് ഇത്തരത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനും എനർജി മാനേജ്മെന്റ് സെന്ററിന്റെയും (EMC കേരള), ബ്യുറോ ഓഫ് എനർജി എഫിഷ്യൻസിയുടെയും (BEE) സഹായം ഉപകാരപ്പെടും.
കെട്ടിടങ്ങളിലെ വിവരശേഖരണം വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയാണെന്നിരിക്കെ, ഏറ്റവും ലളിതമായി തുടങ്ങി, സമയമെടുത്ത് കൊണ്ട് മാത്രം കൂടുതൽ വിശദമായ വിവരശേഖരണത്തിലേക്ക് ചുവടു മാറുന്നതായിരിക്കും നഗരകേന്ദ്രീകൃതമായ ഇത്തരം പദ്ധതികൾക്ക് അഭികാമ്യം.
കേന്ദ്രസർക്കാരിന്റെ തന്നെ സ്മാർട്ട് സിറ്റി, ക്ലൈമറ്റ് സ്മാർട്ട് സിറ്റി തുടങ്ങിയ നഗരവികസന പദ്ധതികളിൽ ബെഞ്ച്മാർക്കിന് ഉൾപ്പെടുത്താവുന്നതാണ്. നമ്മുടെ കെട്ടിടങ്ങളെ കൂടുതൽ ഊർജ്ജക്ഷമവും മെച്ചപ്പെട്ടതുമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചില്ലെങ്കിൽ, കാലാവസ്ഥാവ്യതിയാനത്തിനെതിരെ പിടിച്ചു നിൽക്കാനുള്ള നമ്മുടെ ശ്രമങ്ങൾ അപൂർണ്ണമാവും. കെട്ടിടങ്ങളെ കൂടുതൽ മനസ്സിലാക്കുന്നതാണ് അവയെ മെച്ചപ്പെടുത്തുന്നതിന്റെ ആദ്യപടി എന്നുള്ള സത്യം നമുക്ക് മറക്കാതിരിക്കാം.
(ദിലൻ സുബ്രമണ്യൻ, സുമേധ മാലവിയ തുടങ്ങിയവർ വേൾഡ് റിസോഴ്സസ് ഇന്‍സ്റ്റിട്ട്യൂട്ടിലെ (WRI India) ഗവേഷകർ ആണ്.)
Content Highlights: facts behind the energy efficiency of buildings and the need of benchmark


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..