ലോകത്തെ ഏറ്റവും വലിയ ഗുഹയേതെന്ന് ചോദിച്ചാല്‍ അമേരിക്കയിലെ കെന്റക്കിയിലെ മാമത്ത് ഗുഹ എന്നാണ് ഉത്തരം. ലോകത്തെ ഏറ്റവും നീളമേറിയ ഈ ഗുഹയുടെ നീളം വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ പരിശോധനയിലാണ് നിലവില്‍ തിട്ടപ്പെടുത്തിയെ നീളത്തേക്കാള്‍ 13 കിലോമീറ്റര്‍ ദൂരം കൂടി ഈ ഗുഹയ്ക്ക് ഉണ്ടെന്ന് കണ്ടെത്തിയത്. 

ഗുഹയുടെ നീളം 676 കിലോമീറ്റര്‍ ആയി വര്‍ധിച്ചതായി നാഷണല്‍ പാര്‍ക്ക് സര്‍വീസ് (എന്‍പിഎസ്) അറിയിച്ചു. ഇത് കേരളത്തിന്റെ തീരമേഖലയുടെ നീളത്തേക്കാള്‍ (589.5 കിമി) കൂടുതലാണ്. കെന്റക്കിയിലെ ഒരു സംഘടനയായ  കേവ് റിസര്‍ച്ച് ഫൗണ്ടേഷനും (സിആര്‍എഫ്) മറ്റ് കൂട്ടായ്മകളും ചേര്‍ന്നാണ് ഗുഹയില്‍ വീണ്ടും മാപ്പിങ് നടത്തിയത്. 

ഗുഹയെ പഠിക്കുന്നതിനും അളക്കുന്നതിനുമായി ഏറെ സാഹസികമായ യാത്രയാണ് ഗവേഷകര്‍ക്ക് നടത്തേണ്ടി വന്നത്. മണ്ണും ചെളിയും വെള്ളവും ഗുഹയിലെ ഇടുങ്ങിയ പാറയിടുക്കുകളും താണ്ടിയാണ് ഇവര്‍ ഗുഹയിലൂടെ യാത്ര ചെയ്തത്. ഇതിനായി കൂട്ടായ പരിശ്രമവും സന്നദ്ധപ്രവര്‍ത്തകര്‍ നടത്തി. 

Mammoth Cave
Photo by National Park Service.

ഗുഹ വലുതാവുന്നത് ഇതാദ്യമല്ല

മാമത്ത് ഗുഹാ ശൃംഖലയുടെ വലിപ്പം വര്‍ധിക്കുന്നത് ഇത് ആദ്യമായല്ല. 1969-ലാണ് ഈ ഗുഹ റെക്കോര്‍ഡ് ബുക്കുകളില്‍ ഇടംപിടിക്കുന്നത്. അന്ന് 105 കിലോമീറ്റര്‍ ദൂരമാണ് കണക്കാക്കിയിരുന്നത്. 

പിന്നീട് 1972 ല്‍ സിആര്‍എഫ് നടത്തിയ 14 മണിക്കൂര്‍ നീണ്ട സര്‍വേയില്‍ കെന്റക്കിയിലെ തന്നെ ഫ്‌ളിന്റ് റിഡ്ജ് ഗുഹാശൃംഖലയുമായി മാമത്ത് ഗുഹയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇതോടെ ഗുഹയുടെ വലിപ്പം 232 കിലോമീറ്റര്‍ ആയി വര്‍ധിച്ചു. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

അതിന് ശേഷം പല തലതവണ സിആര്‍എഫ് ഗുഹയില്‍ കയറിയിറങ്ങി. അങ്ങനെ പ്രോക്ടര്‍ ഗുഹ, റോപ്പെല്‍ ഗുഹ, മൊറൈസണ്‍ ഗുഹ തുടങ്ങി സമീപത്തുള്ള പല ചെറു ഗുഹകളുമായെല്ലാം മാമത്ത് ഗുഹയ്ക്ക് ബന്ധമുണ്ടെന്ന് ഇതുവഴി കണ്ടെത്തി. അങ്ങിനെ വലിപ്പം വീണ്ടും വര്‍ധിച്ചു.

പ്രകൃതിയിലെ അത്ഭുതം

ചുണ്ണാമ്പുകല്ല് ദ്രവിച്ചില്ലാതായതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ദുര്‍ഘടമായ ഗുഹാശൃംഖലയാണ് മാമത്ത് ഗുഹ. ചുണ്ണാമ്പുകല്ല്, മാര്‍ബിള്‍ പോലുള്ള ലേയത്വമുള്ള കല്ലുകളുടെ ഈ ദ്രവീകരണ പ്രക്രിയ കാര്‍സ്റ്റ് ടോപോഗ്രഫി (karst topography) എന്നാണ് അറിയപ്പെടുന്നത്. മഴവെള്ളവും, നദീജലവും പാറയിടുക്കുകളിലൂടെ നിരന്തരം ഒഴുകിയിറങ്ങുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മാമത്ത് ഗുഹ ഈ രീതിയില്‍ സൃഷ്ടിക്കപ്പെടാന്‍ ഏറെ കാലമെടുത്തുവെന്ന് സാരം. 

ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച അമേരിക്കയിലെ 13 വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഏക പ്രകൃതിദത്ത കേന്ദ്രം കൂടിയാണിത്.  വര്‍ഷം 20 ലക്ഷത്തോളം പേരാണ് ഇവിടം സന്ദര്‍ശിക്കാറുള്ളത്. 130 വന്യജീവികളുടെ ആവാസ കേന്ദ്രമാണിത്. ഇക്കൂട്ടത്തില്‍ ഗുഹകളില്‍ മാത്രം വസിക്കുന്ന 14 ഓളം ജീവികളുമുണ്ട്. 

Mammoth Cave
Photo by National Park Service.

മാമത്ത് കേവ് എന്ന പേര്

ആനകളുടെ വംശനാശം വന്ന പ്രാചീനകാല രൂപമാണ് മാമത്ത് എന്നറിയപ്പെടുന്നത്. ഇന്നത്തെ ആനകളേക്കാള്‍ വളരെയധികം വലുതായിരുന്നു മാമത്ത് ആനകള്‍ എന്ന് പറയാറുണ്ട്. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഭാഷയില്‍ വളരെ വലിയ എന്നര്‍ത്ഥം വരുന്ന പദമായി മാമത്ത് എന്നത് ഉപയോഗിക്കാറുണ്ട്. 

ഏറ്റവും വലിയ ഗുഹ എന്ന രീതിയിലാണ് കെന്റക്കിയിലെ മാമത്ത് ഗുഹയ്ക്ക് ആ പേര് വന്നത്. 1800 കളില്‍ തന്നെ ഈ വിളിപ്പേര് ഗുഹയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് എന്‍പിഎസ് വ്യക്തമാക്കുന്നു. 

എന്തായാലും കാലാന്തരത്തില്‍ പ്രകൃതിയാല്‍ സൃഷ്ടിക്കപ്പെട്ട അത്ഭുതക്കാഴ്ചകളാല്‍ സമ്പന്നമാണ് മാമത്ത് ഗുഹ.