പ്രതീകാത്മക ചിത്രം | ഫോട്ടോ:നിഹാദ് വാജിദ്
തൃശ്ശൂര്‍: മരോട്ടിച്ചാലില്‍ ഏതാണ്ട് 12 കി.മീ. നീളത്തിലൊരു സൗരോര്ജവേലിയുണ്ട്. ആനവാച്ചര്മാരുടെ കൃത്യമായ നിരീക്ഷണത്തില്‍ സംരക്ഷിക്കപ്പെടുന്ന സൗരവേലി. നിര്‍മാണം മാത്രമല്ല സംരക്ഷണവും പ്രധാനമാണെന്ന് വ്യക്തമാക്കുന്നതാണത്. മേഖലയിലെ വന്യമൃഗ സംഘര്‍ഷങ്ങള്‍ ഇതിലൂടെ ഇല്ലാതായി.
വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷമൊഴിവാക്കാനുള്ള ഇത്തരം പ്രതിരോധ നടപടികള്‍ക്കൊപ്പം ഏറ്റുമുട്ടല്‍ ലഘൂകരിക്കാനുള്ള നടപടികളും സ്വീകരിക്കണമെന്ന് വനമേഖലയിലെ വിദഗ്ധര്‍. വന്യമിത്ര പദ്ധതിക്കായുള്ള നിര്‍ദേശങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ ആസൂത്രണഭവനില്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് സംഘര്‍ഷം ലഘൂകരിച്ച് സഹവര്‍ത്തിത്വം നിലനിര്‍ത്താനുള്ള നടപടികളും വേണമെന്ന ആശയം മുന്നോട്ടുവെച്ചത്.
ജില്ലയിലെ വനാതിര്‍ത്തി പങ്കിടുന്ന 23 ഗ്രാമപ്പഞ്ചായത്തുകള്‍, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി, മേഖല ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാപഞ്ചായത്ത്, വനംവകുപ്പ്, കൃഷിവകുപ്പ്, തൊഴിലുറപ്പ് തൊഴിലാളികള്‍, കെ.എസ്.ഇ.ബി., വനസംരക്ഷണ സമിതികള്‍ തുടങ്ങിയ വിവിധ വികസന ഏജന്‍സികളും സംയുക്തമായാണ് വന്യമിത്ര എന്ന പേരില്‍ പദ്ധതി ആവിഷ്കരിക്കുന്നത്.
വന്യമൃഗങ്ങളുമായുള്ള സംഘര്‍ഷങ്ങള്‍ വനംവകുപ്പ് തനിച്ച് കൈകാര്യം ചെയ്യേണ്ട കാര്യമല്ല എന്ന കാഴ്ചപ്പാടോടെയാണ് മറ്റുള്ളവരെയും ഏകോപിപ്പിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനുമായ പി.കെ. ഡേവിസ് അധ്യക്ഷനായി. ആസൂത്രണ സമിതി അംഗം കെ.വി. സജു, ഡോ. എം.എന്‍. സുധാകരന്, എം.ആര്. അനൂപ് കിഷോര്‍, കെ.എഫ്.ആര്.ഐ. വൈല്‍ഡ് ലൈഫ് ബയോളജി അധ്യക്ഷന്‍ ഡോ. പേരോത്ത് ബാലകൃഷ്ണന്, തൃശ്ശൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ പ്രതിനിധി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ളത്
1) വനാന്തരങ്ങളില്‍ ആവശ്യമായ ഭക്ഷണവും വെള്ളവും ലഭ്യമാക്കല്‍
2) സൗരോര്‍ജ തൂക്കുവേലികള്‍
3) കിടങ്ങുകള്‍ ജൈവവേലികള്‍
4) സെന്‍സര്‍ അലറാം, സെന്‍സര്‍ ലൈറ്റിങ്
5) മുന്നറിയിപ്പ് സന്ദേശങ്ങള്‍
6) സൗരോര്‍ജ വേലിയുള്‍പ്പെടെയുള്ള പ്രതിരോധ നടപടികളുടെ സംരക്ഷണവും അറ്റകുറ്റപ്പണിയും.
പ്രാദേശികതലത്തില്‍ നടപ്പാക്കാവുന്ന നിര്‍ദേശങ്ങള്‍
1) പ്രാദേശികമായി ശക്തമായ ബോധവത്കരണവും സംരക്ഷണപ്രവര്‍ത്തനങ്ങളും
2) വനത്തോട് ചേര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും യഥാവിധി മാലിന്യ സംസ്കരണം
3) കുരങ്ങ് ഉള്‍പ്പെടെയുള്ള വന്യജീവികളുടെ വംശവര്‍ദ്ധനാ നിയന്ത്രണമുള്‍പ്പെടെയുള്ള ദീര്‍ഘകാല, ഹ്രസ്വകാല പ്രവര്‍ത്തനങ്ങള്‍
4) കാട്ടുമൃഗങ്ങളുടെ പ്രകൃതങ്ങളിലും സ്വഭാവങ്ങളിലും വന്നിട്ടുള്ള മാറ്റങ്ങള്‍ മനസ്സിലാക്കിയുള്ള പ്രവര്‍ത്തനം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..