കനത്ത മഞ്ഞുമൂടിയ ഷിംല, പ്രതീകാത്മക ചിത്രം | Photo: ANI
ഷിംല: ഷിംലയ്ക്ക് മാറ്റേകുന്ന മഞ്ഞിന്റെ അളവ് കുറയുന്നു. സാധാരണയായി ഡിസംബര്‍ മുതല്‍ ഏകദേശം ഏപ്രിൽ വരെ മഞ്ഞുപുതച്ച് നിൽക്കുന്ന ഷിംലയിൽ പക്ഷെ മഞ്ഞിന്റെ അളവിൽ കുറവ് വരുന്നതായാണ് റിപ്പോർട്ട്. നിരവധി വിനോദസഞ്ചാരികളാണ് ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനം കൂടിയായ ഷിംലയില്‍ കനത്ത മഞ്ഞുവീഴ്ച കാണാനെത്തുന്നത്. മഞ്ഞുമൂടി കിടക്കേണ്ടുന്ന പ്രദേശങ്ങളില്‍ മഞ്ഞിന്റെ സാന്നിധ്യം കുറയുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. താപനിലയിലെ വർധനവ് മൂലം മഞ്ഞുരുകുന്നതാണ് മഞ്ഞിന്റെ അളവിൽ കുറവ് വരുത്തുന്നതെന്നാണ് കരുതപ്പെടുന്നത്. ഷിംലയുടെ അടുത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുര്‍ഫി, നാര്‍കണ്ട എന്നിവിടങ്ങളിലും മഞ്ഞിന്റെ തോത് കുറവാണ്.
കനത്ത തോതിൽ മഞ്ഞ് മൂടുന്നത് ജലാശയങ്ങളില്‍ ജലനിരപ്പ് ഉയരാനും കാരണമാകാറുണ്ട്. പക്ഷേ മഞ്ഞിന്റെ അളവിൽ കുറവുവരുന്നതുമൂലം ജലനിരപ്പ് കുറയുന്നതിലേക്ക് വരെ കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നുണ്ട്. ഇതോടെ നഗരവാസികള്‍ ജലദൗര്‍ലഭ്യം നേരിടാനുള്ള സാധ്യതയും വർധിക്കുന്നുണ്ട്. 2018-ല്‍ ഷിംലയിൽ ജലദൗര്‍ലഭ്യം രൂക്ഷമായിരുന്നു.
1989-90 കാലയളവില്‍ മഞ്ഞുവീഴ്ച 556.7 സെന്റിമീറ്റര്‍ ആയിരുന്നെങ്കില്‍ 2008-09 കാലയളവില്‍ 105.2 സെന്റിമീറ്റര്‍ മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയത്. 1945-ല്‍ റെക്കോഡ് അളവില്‍ ഷിംലയില്‍ മഞ്ഞുവീഴ്ചയുണ്ടായിരുന്നു. 360 മുതല്‍ 450 സെന്റിമീറ്റര്‍ വരെ തോതിലായിരുന്നു മഞ്ഞുവീഴ്ച. റെയില്‍വേ സ്റ്റേഷന്‍ പോലും കനത്ത മഞ്ഞില്‍ മൂടി കിടക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്.
ആഗോളതാപനം മൂലമുളള കാലാവസ്ഥാ പ്രതിസന്ധിയിലാണ് നമ്മളെത്തി ചേര്‍ന്നിരിക്കുന്നതെന്ന് വിദ്ഗധര്‍ പറയുന്നു. മഞ്ഞുവീഴ്ചയുണ്ടാവുന്ന ദിവസങ്ങളുടെ എണ്ണത്തിലും ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. മഞ്ഞുമൂടിയ ഇടങ്ങളുടെ സ്ഥാനത്ത് ഇന്ന് കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ്. 2020-21 വരെയുള്ള കാലയളവില്‍ മഞ്ഞുവീണ പ്രദേശങ്ങളില്‍ 18.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയതെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ താപനിലയിൽ 1.6 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ലേയിലെയും ശ്രീനഗറിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഷിംലയിലെ താപന തോത് ഉയര്‍ന്നതാണെന്നും സ്റ്റേറ്റ് സെന്റര്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (എസ്‌സിസിസി) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മഞ്ഞിന്റെ തോത് കുറയുന്നത് ആപ്പിള്‍ കൃഷിയെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.
Content Highlights: environmentalists concerned over depleting snow cover rising temperatures in shimla
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..