വീടുകള്‍ പൊളിച്ചടുക്കും, റാഗിയും അരിയും തിന്നും: 3 മാസത്തിനിടെ 'ബുള്‍ഡോസര്‍' തകര്‍ത്തത് 17 വീടുകള്‍


-

ബുള്‍ഡോസറിന് വീടുകളെന്നുപറഞ്ഞാല്‍ ഹരമാണ്. കാടിറങ്ങിയാല്‍ പൊളിക്കാന്‍ ദിവസം ഒരു വീടെങ്കിലും കിട്ടണം. ഓരോ തവണയും നിരവധി വീടുകള്‍ പൊളിച്ചടുക്കിയാണ് കാട്ടിലേയ്ക്കു മടങ്ങുക. ഇങ്ങനെ മൂന്നു മാസത്തിനിടയില്‍ ബുള്‍ഡോസര്‍ എന്ന് വിളിപ്പേരുള്ള കാട്ടാന പൊളിച്ചത് 17 വീടുകളാണ്. വീടുപൊളിക്കല്‍ പതിവായതോടെയാണ് ഷോളയൂരിലെ നാട്ടുകാര്‍ ഈ മോഴയാനയ്ക്ക് ബുള്‍ഡോസര്‍ എന്ന പേര് നല്‍കിയത്.

അട്ടപ്പാടിയിലെ ഷോളയൂര്‍, വയലൂര്‍, പെട്ടിക്കല്‍, കത്താളക്കണ്ടി, വെച്ചപ്പതി എന്നീ പ്രദേശങ്ങളാണ് ബുള്‍ഡോസറിന്റെ വിഹാരരംഗം. അര്‍ധരാത്രിയോടെ എത്തുന്ന ആന വീടുകളുടെ ജനാലകളും മേല്‍ക്കൂരയും തകര്‍ക്കും. വീടിനുള്ളിലുള്ളവര്‍ തലനാരിഴയ്ക്കാണ് ഓരോ തവണയും രക്ഷപ്പെടുന്നത്. ഇപ്പോള്‍ ഈ മേഖലയിലെ പലരും സ്വന്തം വീടുകളില്‍ കിടന്നുറങ്ങാന്‍ ധൈര്യപ്പെടുന്നില്ല. വന്‍തോതില്‍ കൃഷിയും ഈ ആന നശിപ്പിക്കുന്നുണ്ട്.

ഏറ്റവും ഒടുവില്‍ ബുള്‍ഡോസര്‍ തകര്‍ത്തത് ഷോളയൂരിലെ വരംഗപാടി പൊന്നമ്മയുടെ വീടാണ്. കൂടാതെ നഞ്ചന്റെ തൊഴുത്തും ഈ വരവില്‍ ആന തകര്‍ത്തു തരിപ്പണമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ ചാവടിയൂരില്‍ ആനന്ദന്റെയും ബേബിയുടെയും വീട് തകര്‍ത്ത് 48 മണിക്കൂര്‍ തികയുമ്പോഴാണ് ബുള്‍ഡോസര്‍ പൊന്നമ്മയുടെ വീടുതകര്‍ക്കാന്‍ വീണ്ടുമെത്തിയത്.

ആനയെപ്പേടിച്ച് പൊന്നമ്മയും കുടുംബവും ബന്ധുവീട്ടിലാണ് രാത്രിയില്‍ കഴിഞ്ഞിരുന്നത്. രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ആന വീട് തകര്‍ത്ത കാര്യമറിയുന്നത്. നഞ്ചന്റെ തൊഴുത്ത് അഞ്ചാമത്തെ തവണയാണ് ഈ കാട്ടാന തകര്‍ക്കുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെയെത്തിയാണ് ബുള്‍ഡോസര്‍ ഷോളയൂര്‍ ശശികലാലയത്തിലെ ആനന്ദ്-ബേബി ദമ്പതിമാരുടെ വീട് തകര്‍ത്തത്. ബേബിയുടെ ഭര്‍ത്താവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലായതിനാല്‍ ബേബി ഒറ്റയ്ക്കായിരുന്നു താമസം.

elephant attack
വരഗംപാടിയില്‍ പൊന്നമ്മയുടെ വീടിന്റെ ജനാലകള്‍ കാട്ടാന തകര്‍ത്ത നിലയില്‍

തിങ്കളാഴ്ച രാത്രി രണ്ടരയോടെ വീട്ടുമുറ്റത്തെ പ്ലാവിലെ ചക്ക പറിക്കുന്നത് ബുള്‍ഡോസറാണെന്ന് കണ്ടതോടെ പിറകിലെ വാതില്‍ തുറന്നിട്ടു. വീട് തകര്‍ക്കുകയാണെങ്കില്‍ ഓടാനായിരുന്നു. ചക്ക പറിച്ച് കഴിച്ചതിനുശേഷം ആന വീട് ലക്ഷ്യമാക്കി വന്നതോടെ പിറകിലെ വാതിലിനടുത്തേക്ക് ഓടുമ്പോഴെക്കും ഓടിട്ട മേല്‍ക്കൂര നിലംപതിച്ചു. തലനാരിഴയ്ക്കാണ് വീട്ടമ്മ രക്ഷപ്പെട്ടത്. അയല്‍വാസിയുടെ വീട്ടിലെത്തി വനംവകുപ്പുക്കാരെ ഫോണ്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

ഇതിനു തൊട്ടു മുമ്പത്തെ രാത്രി ചീരക്കടവില്‍ കാട്ടാനകള്‍ കാര്‍ തകര്‍ത്തിരുന്നു. മയില്‍സ്വാമിയുടെ മകന്‍ കറുപ്പുസ്വാമി എന്ന മുരുകനും ആനയില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

അമ്മയുടെയും മകന്റെയും വീട് തകര്‍ത്ത് ബുള്‍ഡോസര്‍

ജൂലായ് 15ന് എത്തി ബുള്‍ഡോസര്‍ തകര്‍ത്തത് ഷോളയൂര്‍ കത്താളക്കണ്ടിയിലെ പൊന്നിരങ്കന്റെ മകന്‍ നഞ്ചന്റെ വീടാണ്. നഞ്ചന്റെ വീടിന്റെ ജനാലകളാണ് കാട്ടാന തകര്‍ത്തത്. സംഭവം നടക്കുമ്പോള്‍ നഞ്ചന്‍ ഷോളയൂര്‍ ഭാര്യയുടെ വീട്ടിലായിരുന്നു. വീട്ടിലുണ്ടായിരുന്ന റാഗി മുഴുവന്‍ ആന തിന്നുതീര്‍ത്തു.

ഷോളയൂർ കാട്ടാനപ്പേടിയിൽ : വീടുകൾ തകർത്തെറിഞ്ഞ്‘ബുൾഡോസർ’
കത്താളക്കണ്ടിയിൽ കാട്ടാന തകർത്ത വീടിനുമുന്നിൽ നഞ്ചൻ

ജനാലതകര്‍ത്ത് റാഗിച്ചാക്കുകള്‍ വലിച്ചെടുത്ത് തിന്നതിനുശേഷം വീടിനുള്ളിലേക്ക് പ്രവേശിക്കുന്നതിനായി മുന്‍കാലെടുത്ത് പൊട്ടിയ ജനാലവഴി കടക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാഞ്ഞതിനെത്തുടര്‍ന്ന് ആന പിന്‍തിരിയുകയായിരുന്നു. വാര്‍പ്പ് കെട്ടിടമായതിനാല്‍ വീട് മുഴവന്‍ തകര്‍ന്നില്ല. ജൂലായ് 11ന് ഈ ആന ക്ഷീരസംഘത്തിന്റെ ഷട്ടര്‍ തകര്‍ത്ത് മൂന്ന് ചാക്ക് കാലിത്തീറ്റ മുഴുവന്‍ തിന്നുതീര്‍ത്തിരുന്നു.

നേരത്തെ ജൂണ്‍ 18-ന് നഞ്ചന്റെ അമ്മയുടെവീട് കാട്ടാന പൂര്‍ണമായി തകര്‍ത്ത് അരിയും കടലയും തിന്നിരുന്നു. തൊട്ടടുത്തുതന്നെയാണ് മകന്റെ വീട്. വീട് നഷ്ട്ടപ്പെട്ട പൊന്നിരങ്കന്‍ അന്തിയുറങ്ങുന്നത് ബന്ധുക്കളുടെ വീട്ടിലാണ്.

വീട് പൊളിച്ച് അരിയും റാഗിയും കഴിക്കും

ജൂലായ് 16ന് ബുള്‍ഡോസര്‍ കത്താളക്കണ്ടിയില്‍ ശിവന്‍കാളിയുടെ ഭാര്യ അമ്മിണിയുടെ വീടാണ് തകര്‍ത്തത്. മക്കള്‍ കോണ്‍ക്രീറ്റ് പണിക്കായി വരഗംപാടിയിലെ അമ്മാവന്റെ വീട്ടിലാണ് താമസം. ആനശല്യമുള്ളതിനാല്‍ ഒറ്റയ്ക്ക് താമസിക്കരുതെന്ന് വനംവകുപ്പിന്റെ നിര്‍ദേശമുള്ളതിനാല്‍ അമ്മിണിയും ബന്ധുവീട്ടിലായിരുന്നു. അതുകൊണ്ട് കൂടുതലൊന്നും സംഭവിച്ചില്ല.

ഇവര്‍ക്ക് തൊട്ടടുത്തുതന്നെ ഒന്നരവര്‍ഷം മുമ്പ് പഞ്ചായത്തില്‍നിന്ന് അനുവദിച്ചുകിട്ടിയ കോണ്‍ക്രീറ്റ് വീടുണ്ട്. ഇതിന്റെ ജനാലകളെല്ലാം ആന തകര്‍ത്തു. പഴയവീട്ടിലെ അടുക്കളയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഈ വീടാണ് ആന പൂര്‍ണമായി തകര്‍ത്തത്. ഇതില്‍ സൂക്ഷിച്ചിരുന്ന അരിയും റാഗിയും ആന തിന്നുതീര്‍ത്തു.

കത്താളക്കണ്ടിമുതല്‍ മിനര്‍വ്വ വരെ മോഴയും നാല് കൊമ്പന്‍മാരുമാണുള്ളത്. ഷോളയൂര്‍ കടമ്പാറ പ്രദേശത്ത് മൂന്ന് ദിവസമായി പുതിയതായി രണ്ട് കൊമ്പന്‍മാര്‍ കൂടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒന്നര വര്‍ഷം മുന്‍പ് ഈ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന അണ്ണന്‍, തമ്പിയെന്ന കാട്ടാനകളാണ് തിരിച്ചുവന്നിരിക്കുന്നതെന്നാണ് പരിസരവാസികള്‍ പറയുന്നത്. മോഴയാന രാത്രിയില്‍ ഏതുസമയത്തും മുറ്റത്തെത്തുമെന്ന ഭീതിയില്‍ ഉറക്കം നഷ്ടപ്പെട്ടിരിക്കയാണ് കത്താളക്കണ്ടിക്കാര്‍ക്ക്.

പേടിക്കാത്ത ദിവസമില്ല ഞങ്ങള്‍ക്ക്...

എന്റെ വീടിന്റെ അടുക്കള ആന തകര്‍ക്കുമ്പോള്‍ ഞാന്‍ ഉള്ളില്‍ പേടിച്ചുവിറച്ച് നില്‍ക്കുകയായിരുന്നു. 74 വയസ്സുള്ള എനിക്ക് ഓടാനുമാവില്ല. എല്ലാ കഴിഞ്ഞുവെന്ന് വിചാരിച്ചു. പക്ഷേ, അടുക്കള പൊളിച്ചതിനുശേഷം ആന തിരിച്ചുപോയി. മാറാത്ത പേടിയാണ് ആ ഓര്‍മ.- -വയലൂരിലെ ചന്ദ്രാവതി തങ്കപ്പന്‍ പറയുന്നു.

മേല്‍ക്കൂരയിലെ ഓടിളക്കി ആനയാണെന്ന് തിരിച്ചറിഞ്ഞതോടെ തിരിഞ്ഞുനോക്കാന്‍ പേടിയായി. ഓടി സഹോദരിമാരുടെ വീട്ടില്‍ കയറിയിട്ടും പിന്തുടര്‍ന്നെത്തിയ ആന വാതില്‍ തകര്‍ത്തു. കാഴ്ചക്കുറവുള്ള സഹോദരി കിടന്നിരുന്ന പായയുടെ അരികിലുണ്ടായിരുന്ന സാരി വലിച്ചെടുത്തു. സഹോദരിയുടെ ദേഹത്തെങ്ങാനും ആനയ്ക്ക് പിടിത്തം കിട്ടിയിരുന്നെങ്കില്‍ അവളെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടേനെ. കൃത്യസമയത്ത് വനംവകുപ്പുകാര്‍ എത്തിയതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.- രങ്കസ്വാമി (വെച്ചപ്പതിയില്‍ കാട്ടാനതകര്‍ത്ത വീടിന്റെ ഉടമ)

പകല്‍ തിരിച്ചുവന്നപ്പോള്‍ വീട് പൂര്‍ണമായി തകര്‍ന്നുകിടക്കുന്നതാണ് കണ്ടത്. മകന്‍ നഞ്ചന്റെ വീടിന്റെ ജനാലകളെല്ലാം ആന തകര്‍ത്തു. ഞാനിപ്പോഴും ബന്ധുക്കളുടെ വീട്ടിലാണ് താമസം.- പൊന്നി രങ്കന്‍ (കത്താളക്കണ്ടിയില്‍ കാട്ടാനതകര്‍ത്ത വീടിന്റെ ഉടമ)

ബുള്‍ഡോസറിന്റെ പരാക്രമങ്ങള്‍

വീടിന്റെ ജനാല തകര്‍ത്ത് തുമ്പിക്കൈ അകത്തേക്കിട്ട് ചാക്കുകള്‍ തിരയും. തുമ്പിക്കൈയില്‍ ഭക്ഷണസാധനങ്ങളൊന്നും കിട്ടിയില്ലെങ്കില്‍ വീടു മുഴുവന്‍ തകര്‍ത്ത് അരി, റാഗി, കാലിത്തീറ്റ തുടങ്ങിയവ തിന്നും. ഇതാണ് ബുള്‍ഡോസറിന്റെ പ്രവര്‍ത്തനരീതി. ഇതിനെക്കൂടാതെ നാല് കൊമ്പന്‍മാര്‍ വേറെയും ഈ മേഖലയിലുണ്ട്.

കലിയടങ്ങാതെ: ‘ബുൾഡോസർ’
ബുള്‍ഡോസര്‍ തകര്‍ത്ത വീടുകളിലൊന്ന്

ഓടിട്ട വീടുകള്‍ ലക്ഷ്യമാക്കി അരിയും ധാന്യങ്ങളും തിന്നാനെത്തിയിരുന്ന കാട്ടാന ഇപ്പോള്‍ കോണ്‍ക്രീറ്റ് വീടുകളിലെ ജനാലകള്‍ തകര്‍ത്ത് അരിയും ധാന്യങ്ങളും തിന്നുകയാണ്. നേരം ഇരുട്ടുന്നതോടെ ഉള്‍വനത്തില്‍നിന്ന് കാടിറങ്ങുന്ന കാട്ടാന ജനവാസ മേഖലയ്ക്കടുത്ത ചെറിയ മരക്കൂട്ടങ്ങളുടെ മറവില്‍ നിന്നതിനുശേഷം അര്‍ധരാത്രിയോടെയാണ് വീടുകള്‍ ലക്ഷ്യമാക്കി ഇറങ്ങുന്നത്. ഈ ഭാഗങ്ങളില്‍ മോഴയല്ലാത്ത നാല് കാട്ടുക്കൊമ്പന്‍മാര്‍ വേറെയുമുണ്ട്. ഒരേസമയം കാടിറങ്ങുന്ന ആനകളെ വനംവകുപ്പ് കാടുകയറ്റി തിരിച്ചെത്തുമ്പോഴേക്കും മോഴ വീടുകള്‍ തകര്‍ത്തിരിക്കും.

ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ വനിതാ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റേഷന്‍ അടച്ച് മുഴുവന്‍ ജീവനക്കാരും നീരിക്ഷണത്തില്‍ പോയിയിരിക്കയാണ്. മണ്ണാര്‍ക്കാട്ടിലെ ദ്രുതകര്‍മ്മ സേനയാണ് ആനയെ വിരട്ടാന്‍ സ്ഥലത്തുള്ളത്. ഇവര്‍ ഷോളയൂര്‍ പ്രീമെട്രിക് ഹോസ്റ്റലിലാണ് താമസം. ഷോളയൂരിലെ സ്ഥലങ്ങള്‍ ഇവര്‍ക്ക് പരിചിതമല്ലാത്തതുക്കൊണ്ട് ആനയെത്തിയതായി ജനങ്ങള്‍ അറിയിച്ചാല്‍ത്തന്നെ കൃത്യമായ സ്ഥലത്ത് എത്തിച്ചേരുന്നതിന് കൂടുതല്‍സമയം വേണ്ടിവരുന്നതായും നാട്ടുകാര്‍ പറയുന്നു.

‘ബുൾഡോസർ’: ‘ബുൾഡോസർ’

ബുള്‍ഡോസറിന് റേഡിയോ കോളര്‍ ഘടിപ്പിക്കും

ബുള്‍ഡോസറിന് റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ വനംവകുപ്പ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇതിനുള്ള ശ്രമങ്ങള്‍ ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല.

ആനയെ മയക്കുവെടിവെച്ച് മയക്കിയശേഷം റേഡിയോതരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന മൈക്രോ ചിപ്പോടുകൂടിയ ബെല്‍റ്റ് ധരിപ്പിക്കും. റേഡിയോ തരംഗങ്ങള്‍ക്കൊപ്പം ജി.പി.എസ്. സംവിധാനവും ചിപ്പിലുണ്ടാവും. ഈ ബെല്‍റ്റ് ആനയ്ക്ക് ഊരിമാറ്റാനാവില്ല. ഇതുവഴി ആനയുടെ സഞ്ചാരപഥം കൃത്യമായി കംപ്യൂട്ടറുകളിലും മൊബൈലിലും ഉപഗ്രഹസംവിധാനം വഴി സിഗ്‌നലായി ലഭിക്കും.

ഗൂഗിള്‍ ഇമേജും ലഭ്യമാകും. ഈ സിഗ്‌നലുകള്‍ അരമണിക്കൂര്‍ ഇടവിട്ടോ, ഒരു മണിക്കൂര്‍ ഇടവിട്ടോ നിരീക്ഷിക്കാം. സിഗ്‌നലെടുക്കുന്നതിന്റെ ദൈര്‍ഘ്യം കുറച്ചാല്‍ അഞ്ചുവര്‍ഷംവരെ ബാറ്ററി പ്രവര്‍ത്തിക്കും. ആന ഉള്‍ക്കാട്ടില്‍നിന്ന് ജനവാസമേഖലയ്ക്കടുത്തെത്തുമ്പോള്‍ തന്നെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ സാധിക്കും.

Content Highlights: elephant bulldozer destroying houses in Attappady

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


uddhav thackeray

2 min

ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന

Jun 26, 2022

Most Commented