2020-ൽ ഓസ്‌ട്രേലിയിലുണ്ടായ കാട്ടുതീ | Photo-Gettyimage
കാന്‍ബെറ: ഓസ്‌ട്രേലിയയില്‍ വർഷം തോറും കാട്ടുതീ സീസന്റെ ദൈര്‍ഘ്യം കൂടുന്നതായി റിപ്പോര്‍ട്ട്. ഇത്തരം ദുരിതങ്ങളുടെ ദൈര്‍ഘ്യത്തില്‍ 56 ശതമാനം വര്‍ധനവാണ് ഇതിനോടകം രേഖപ്പെടുത്തിയത്. അതായത് 40 വര്‍ഷം മുമ്പുണ്ടായിരുന്നതിനെക്കാള്‍ 27 ദിവസത്തിന്റെ വര്‍ധനവ്. 1979 നും 2019 നുമിടയ്ക്കാണ് ഇത്തരത്തിലൊരു മാറ്റം രാജ്യത്തുണ്ടായതെന്നും കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (സിഎസ്‌ഐആര്‍ഒ) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഭാവിയില്‍ ഇത്തരം സംഭവ വികാസങ്ങളുടെ ദൈര്‍ഘ്യം രാജ്യത്ത് കൂടിയേക്കാമെന്നും സൂചനയുണ്ട്. 2100-ഓടെ ശരാശരി ആഗോള താപനിലയില്‍ 1.5 ഡിഗ്രി മുതല്‍ 4 ഡിഗ്രി വരെ വര്‍ധനവ് രേഖപ്പെടുത്തുകയാണെങ്കില്‍ ദൈര്‍ഘ്യം 11 മുതല്‍ 36 ദിവസമായി ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. 2019-20 കാലയളവില്‍ രാജ്യം 'ബ്ലാക്ക് സമ്മര്‍' എന്ന വിശേഷിപ്പിച്ച കാട്ടുതീ സംഭവങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും നാശം വിതച്ചിരുന്നു.
കഴിഞ്ഞ അഞ്ചു ദശാബ്ദങ്ങളായി രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ അടിക്കടിയുണ്ടാകുന്നതായി പഠനത്തിന്റെ രചയിതാവും സിഎസ്‌ഐആര്‍ഒ ഗവേഷകനുമായ പെപ്പ് കാനഡെല്‍ പ്രതികരിച്ചു. രാജ്യത്തിന്റെ ഫയര്‍ വെതര്‍ ഇന്‍ഡെക്‌സിലുണ്ടാകുന്ന (എഫ്ഡബ്ല്യുഐ-തീ മൂലമുണ്ടാകുന്ന ആപത്തുകളെ നിര്‍ണയിക്കുന്ന സൂചിക) വ്യതിയാനങ്ങളും കാട്ടുതീയുടെ ദൈര്‍ഘ്യം കൂടുന്നതിലേക്കും ഇവ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിലേക്കും നയിക്കുന്നുണ്ട്. കാട്ടുതീ പോലെയുള്ള സംഭവങ്ങളുടെ പാറ്റേണിലുണ്ടാവുന്ന മാറ്റങ്ങള്‍ നിര്‍ണയിക്കുക വഴി പ്രതിരോധ നടപടികള്‍ എങ്ങനെ സ്വീകരിക്കാമെന്ന നിര്‍ദേശമാണ് റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..