കണ്ണൂര്‍: ചിറക്കല്‍ ചിറയും പരിസരങ്ങളും നിറയെ പാറിപ്പറന്ന് ഉല്ലസിക്കുന്ന തുമ്പികള്‍. ചിറയില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന ആമ്പല്‍പ്പൂവുകളിലും പുല്‍ക്കൊടികളിലും തൊട്ടാവാടികളിലും അവ കൂട്ടംകൂടി പ്രണയസല്ലാപം നടത്തുന്നു. പല വര്‍ണങ്ങളിലും രൂപത്തിലും വലുപ്പത്തിലുമുള്ള 15 ഇനത്തിലധികം തുമ്പികള്‍ ഇവിടെ കൗതുകക്കാഴ്ചയൊരുക്കുന്നു. നിര്‍ത്താതെപെയ്യുന്ന മഴയാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് നിരീക്ഷകര്‍ പറയുന്നു.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെ നീളുന്ന മഴക്കാലമാണ് തുമ്പികളുടെ പ്രജനനകാലം. എന്നാല്‍, നിര്‍ത്താതെ പെയ്ത മഴ ഈ പ്രജനനകാലത്തിന്റെ ദൈര്‍ഘ്യം കൂട്ടി. സ്വാമിത്തുമ്പി, ശലഭത്തുമ്പി, പച്ചവ്യാളി, കാര്‍ത്തുമ്പി നാട്ടുപൂത്താലി, നാട്ടുചതുപ്പന്‍, നാട്ടുകടുവ, പാണ്ടന്‍വയല്‍ തെയ്യന്‍, പാണ്ടന്‍ പരുന്തന്‍, തവിട്ടുവെണ്ണീറാന്‍ എന്നിവയാണ് ചിറക്കല്‍ ചിറയില്‍ ഉല്ലാസത്തിനെത്തിയവര്‍.

BUTTERFLY
ചിത്രം-ഡോ.പി.വി.മോഹനന്‍

ലോകത്താകെ 6250 ഇനം തുമ്പികളുണ്ടെന്ന് കണക്കാക്കുന്നു. അതില്‍ 488 എണ്ണം മറ്റ് സംസ്ഥാനങ്ങളിലും 167 എണ്ണം കേരളത്തിലും കണ്ടുവരുന്നു. 65 ഇനങ്ങളെ കേരളത്തില്‍ മാത്രമാണ് കാണുന്നത്. ശുദ്ധജലത്തിലാണ് ഇവ മുട്ടയിടുന്നത്. പുഴകളില്‍ ഉപ്പുവെള്ളം കയറുന്നതും വെള്ളക്കെട്ടുകള്‍ മണ്ണിട്ടുനികത്തുന്നതും തോടുകളും പുഴകളും മലിനമാകുന്നതും ഇവയുടെ വംശനാശത്തിനിടയാക്കും. പുഴകളിലെ മാലിന്യത്തിന്റെ തോതറിയാന്‍ തുമ്പികളുടെ സാമീപ്യം സഹായകമാണ്. മുട്ടവിരിഞ്ഞുണ്ടാകുന്ന ലാര്‍വയ്ക്ക് നീണ്ട ജീവിതകാലമാണ്. പറക്കുന്ന തുമ്പികള്‍ക്ക് മാസങ്ങളുടെ ആയുസ്സേ ഉണ്ടാകൂ.

'ഡ്രാഗണ്‍ ഫ്‌ലൈസ് ഓഫ് കേരള'യുടെ നേതൃത്വത്തില്‍ ഈ വര്‍ഷം തുമ്പിമഹോത്സവമായി ആഘോഷിക്കുകയാണ്. അടുത്തവര്‍ഷം ഫെബ്രുവരിവരെ ഇത് തുടരും. സംസ്ഥാനത്ത് 80 വിദ്യാര്‍ഥികള്‍ ഒറ്റ ദിവസം നടത്തിയ സര്‍വേയില്‍ 71 തുമ്പിയിനങ്ങളെ കണ്ടെത്തി. സര്‍വേ ഫലങ്ങള്‍ അതത് ദിവസം തന്നെ 'ഡ്രാഗണ്‍ ഫ്‌ലൈസ് ഓഫ് കേരള'യുടെ ഫെയ്‌സ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്യും. തുമ്പി മഹോത്സവത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫിയും ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കും.

Content Highlights: different variety species of butterfly found in chirakkal chira