പ്രതീകാത്മക ചിത്രം | Photo-AFP
ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗിക്കല്‍ പ്ലാസ്റ്റിക്കിന് ബദല്‍ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ത്രിദിനമേള ഒരുക്കുന്നു. ജൂലായ് ഒന്നുമുതല്‍ മൂന്നുവരെ ത്യാഗരാജ സ്റ്റേഡിയത്തിലാണ് മേള നടത്തുന്നത്. സെക്രട്ടേറിയറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം പരിസ്ഥിതിമന്ത്രി ഗോപാല്‍ റായിയാണ് ഇത് പ്രഖ്യാപിച്ചത്. പരിസ്ഥിതിവകുപ്പ്, മലിനീകരണ നിയന്ത്രണസമിതി, എം.സി.ഡി., വിദ്യാഭ്യാസവകുപ്പ്, പോലീസ്, പൊതുമരാമത്ത്, ഗതാഗതവകുപ്പ് തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് തീരുമാനം.
മലിനീകരണം തടയുന്നതിനായി സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മലിനീകരണത്തിന്റെ മുഖ്യ പങ്കാളികളിലൊന്ന് ഒറ്റത്തവണ പ്ലാസ്റ്റിക്കാണ്. ഇതിന്റെ ഉപയോഗം തടയുന്നതിനായി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്ലാസ്റ്റിക്കിന് ബദല്‍ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍, സംരംഭകര്‍, സംഘടനകള്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കും. മണ്‍പാത്രങ്ങള്‍, തുണി, പേപ്പറും ചണനാരും കൊണ്ടുള്ള ബാഗ് എന്നിവ പ്രദര്‍ശിപ്പിക്കും. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കു കൊണ്ട് നിര്‍മിച്ച ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കും. പ്ലാസ്റ്റിക്കിന് ബദല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളെ ജനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..