കാനഡയിലെ ലാബ്രഡോർ കടൽപ്രദേശത്തിലുള്ള സൂക്ഷ്മാണുക്കൾ കാർബണുകൾ ദീർഘകാലം സൂക്ഷിക്കുന്നതായിട്ടാണ് പുതിയ കണ്ടെത്തൽ | Photo-Wiki/By Algkalv (talk) - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=9764887
ആല്‍ഗെ വിഭാഗത്തില്‍ പെട്ട ഫൈറ്റോപ്ലാങ്ടണുകള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്സയിഡിനെ, കൂടുതല്‍ സ്ഥിരതയുള്ള കാര്‍ബണ്‍ തന്മാത്രകളക്കി മാറ്റുന്നത് സമുദ്രത്തിലെ സൂക്ഷ്മജീവികളാണ്. ഇക്കാര്യം മുമ്പ് തന്നെ ഗവേഷകര്‍ക്ക് അറിവുള്ളതാണ്.
കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ആയുധമായി ഇക്കാര്യം ഉപയോഗിക്കാന്‍ കഴിഞ്ഞേക്കുമെന്ന്, മോണ്ട്രിയല് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനം പറയുന്നു.
സൂക്ഷ്മജീവികള്‍ സൃഷ്ടിക്കുന്ന സ്ഥിരതയുള്ള കാര്‍ബണ്‍ സംയുക്തങ്ങള്‍ ദീര്‍ഘകാലത്തേക്ക് സമുദ്രത്തിന്റെ അടിത്തട്ടില്‍ സൂക്ഷിക്കാനാകും. സ്വാഭാവികമായും അത്രയും കുറച്ച് കാര്‍ബണ്‍ വ്യാപനമേ ഭൗമാന്തരീക്ഷത്തിലുണ്ടാകൂ.
സമുദ്രോപരിതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന കാര്‍ബണിനെ സ്ഥിരതയുള്ള തന്മാത്രകളാക്കി നൂറ്റാണ്ടുകളോളം സമുദ്രത്തിന്റെ അടിത്തട്ടില്‍ ആര്‍ക്കും ഉപദ്രവമുണ്ടാകാതെ സൂക്ഷിക്കാന്‍ സൂക്ഷ്മാണുക്കള്‍ക്ക് കഴിയുമോ എന്ന ചോദ്യത്തിന് 'കഴിയും' എന്നാണുത്തരം-പഠനസംഘത്തിലെ ഗ്രാജ്വേറ്റ് വിദ്യാര്‍ഥി റിച്ചാര്‍ഡ് ലാബ്രീ പറയുന്നു. ഇതുസംബന്ധിച്ച് പുതിയ ലക്കം 'സയന്‍സ് അഡ്വാന്‍സസ്' ജേര്‍ണലില്‍ പ്രിസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിന്റെ സഹരചയിതാവാണ് ലാബ്രീ.
ഉപരിതല കാര്‍ബണിന് സമുദ്രത്തിന്റെ താഴ്ന്ന വിതാനങ്ങളില്‍ കാണപ്പെടുന്ന സൂക്ഷ്മജീവികളിലേക്ക് എത്താനാകുമോ? പഠനത്തില്‍ കണ്ടത്, ഇത് സാധിക്കും എന്നാണ്. കാനഡയ്ക്ക് സമീപം വടക്കന്‍ അത്ലാന്റിക്കിലെ ലാബ്രഡോര്‍ കടലില്‍ ശൈത്യകാലത്ത് ഇതിനാവശ്യമായ സമുദ്രപ്രതിഭാസം അരങ്ങേറുന്നതായി പഠനത്തില്‍ തെളിഞ്ഞു.
ഓരോ വര്‍ഷവും, ഉപരിതലത്തിലെ കാര്‍ബണ്‍ കലര്‍ന്ന വെള്ളം സമുദ്രത്തില്‍ 500 മുതല്‍ 1500 മീറ്റര്‍ വരെ താഴ്ന്ന വിതാനത്തിലെ ജലവുമായി കലരുന്നു. ചില വേളകളില്‍ 2500 മീറ്റര്‍ താഴെ വരെയും ഉപരിതലജലം എത്തും. സ്വാഭാവികമായും, താഴ്ന്ന വിതാനങ്ങളില്‍ കാണപ്പെടുന്ന സൂക്ഷ്മജീവികളിലേക്ക് കാര്‍ബണ്‍ എത്തുന്നു.
സമുദ്രത്തിലെ വ്യത്യസ്ത വിതാനങ്ങളിലെ ജലം പരസ്പരം കലരാന്‍ വഴിയൊരുക്കുന്നത് 'കടല്‍ ടൊര്‍ണാഡോകള്‍' ആണ്. അന്തരീക്ഷത്തിലുണ്ടാകുന്ന ചുഴലിക്കാറ്റ് പ്രതിഭാസമാണ് ടൊര്‍ണാഡോകള്‍. അവയുടെ മാതിരി കടല്ജലത്തിലുണ്ടാകുന്ന പ്രതിഭാസമാണ് കടല്‍ ടൊര്‍ണാഡോകള്‍ അഥവാ എഡീസ് (eddies).
ലാബ്രഡോര്‍ കടലില്‍ ആഴത്തിലെത്തുന്ന ഇത്തരം ഒട്ടേറെ ജലച്ചുഴികള്‍ രൂപപ്പെടുന്നത് ഗവേഷകര്‍ കണ്ടു. 2000 മുതല്‍ 1500 വരെയുള്ള ആഴത്തില്‍ പോലും സമുദ്രജലം കൂടിക്കലരാന്‍ സഹായിക്കുന്നതായിരുന്നു ആ കടല്‍ ടൊര്‍ണാഡോകള്‍. തീര്‍ച്ചയായും താഴ്ന്ന വിതാനങ്ങളിലെ സൂക്ഷ്മജീവികളിലേക്ക് കാര്‍ബണ്‍ എത്താന്‍ ഇത് വഴിതുറക്കുന്നു.
ലാബ്രഡോര്‍ കടലില്‍ 1500 മീറ്റര്‍, 500 മീറ്റര്‍ വിതാനങ്ങളില്‍ നിന്ന് ശേഖരിച്ച ജലസാമ്പിളുകള്‍ ഉപയോഗിച്ച്, സമുദ്രന്തര്ഭാഗത്തെ ബാക്ടീരിയകള്‍ക്ക് കാര്‍ബണിനെ സ്ഥിരതയുള്ള സംയുക്തമാക്കാനുള്ള കഴിവ് ലാബ്രീ പരിശോധിച്ചു. വളരെ വേഗത്തില്‍ ആ സൂക്ഷ്മജീവികള്‍ സ്ഥിരതയുള്ള കാര്‍ബണ്‍ സംയുക്തങ്ങള്‍ സൃഷ്ടിക്കുന്നത് ലാബ്രീയും സംഘവും കണ്ടു.
തീര്‍ച്ചയായും ആഗോളതാപനം ചെറുക്കാന്‍ പുതിയ സാധ്യത മുന്നോട്ടുവെയ്ക്കുന്നതാണ് ഈ പഠനഫലമെന്ന് ഗവേഷകര്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..