വിത്ത് വിതരണത്തിന് സഹായിക്കുന്ന ജീവികളുടെ എണ്ണത്തിലുണ്ടായ കുറവ് മൂലം കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കൽ സസ്യങ്ങള്‍ക്ക് അസാധ്യമാകുന്നതായി പഠനം. ഭൂമിയില്‍ പകുതിയിലധികം വരുന്ന സസ്യവര്‍ഗങ്ങള്‍, പക്ഷികളേയും മൃഗങ്ങളേയുമാണ് വിത്ത് വിതരണത്തിനായി ആശ്രയിക്കുന്നത്‌. എന്നാല്‍ ശീതമേഖലകളിലേക്കുള്ള ജീവജാലങ്ങളുടെ പ്രയാണം  ഇത്തരത്തിലുള്ള സസ്യങ്ങളുടെ വംശനാശത്തിനിടയാക്കുന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.

നിലവില്‍ കാലാവസ്ഥാ വ്യതിയാനത്തോട് പൊരുത്തപ്പെടാനുള്ള സസ്യങ്ങളുടെ കഴിവ് ആഗോള തലത്തില്‍ 60 ശതമാനമായി താഴ്ന്നു. ഈ സാഹചര്യം തുടരുകയാണെങ്കില്‍ അപൂര്‍വമായി കണ്ടുവരുന്ന സസ്യങ്ങള്‍ വംശനാശ പട്ടികയിലുള്‍പ്പെടാന്‍ കാരണമാകും.

'ജീവിവര്‍ഗങ്ങളെ അവയുടെ ആവാസവ്യവസ്ഥയില്‍ നിന്ന് വ്യതിചലിപ്പിക്കുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് എന്താണെന്നും അവ അപ്രത്യക്ഷമാകുമ്പോള്‍ നഷ്ടപ്പെടാന്‍ പോകുന്ന ജീവിവര്‍ഗങ്ങള്‍ വഹിക്കുന്ന പങ്ക് എന്താണെന്നും മനസിലാക്കുകയാണ് പഠനത്തിന്റെ ലക്ഷ്യം', ടെക്‌സാസിലെ റൈസ് യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും പഠനത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ഡോ.ഇവാന്‍ വ്യക്തമാക്കി.

പക്ഷികളും സസ്തനികളും ആവാസവ്യവസ്ഥയുടെ നഷ്ടം, നേരിട്ടുള്ള ചൂഷണം എന്നിവയാല്‍ കഠിനമായി ബാധിക്കപ്പെടുന്നുണ്ടെങ്കിലും പലപ്പോഴും അവര്‍ സസ്യങ്ങളുടെ വിത്ത് വ്യാപനം നടത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. സസ്യങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനത്തോട് പൊരുത്തപ്പെടാന്‍ കഴിയാത്തതിന് പിന്നിലെ പ്രധാന കാരണം പക്ഷികളുടെയും സസ്തനികളുടെയും എണ്ണത്തിലുണ്ടായ ഗണ്യമായ കുറവാണെന്ന് പഠനം കണ്ടെത്തി. 

Content Highlights: decline in animals and mammals affects plants in a direct way