അസമിന്റെ താഴ്ന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തങ്ങൾ തുടരുന്ന ഇന്ത്യൻ ആർമി | Photo-ANI
അസമില്‍ പ്രളയത്തെ തുടര്‍ന്നുള്ള മരണസംഖ്യ നൂറ് കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പത്ത് മരണം കൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ 118 ലേക്ക് എത്തിയത്. തുടര്‍ച്ചയായുള്ള ആറാം ദിവസവും കാച്ചര്‍ ജില്ലയിലെ സില്‍ച്ചാര്‍ നഗരം വെള്ളക്കെട്ടില്‍ തുടരുകയാണ്. അതേ സമയം 28 ജില്ലകളില്‍ 45.34 ലക്ഷം പേര്‍ക്കാണ് പ്രളയ ഭീഷണി നിലനിന്നിരുന്നതെങ്കില്‍ നിലവില്‍ ഇത് 33.08 ലക്ഷം പേരെന്ന തോതിലേക്ക് കുറഞ്ഞിട്ടുണ്ട്. ധുബ്‌രി മേഖലയിലുള്ള ബ്രഹ്മപുത്രയുടെ ജലനിരപ്പിലും ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.
കുടിവെള്ളം, ആഹാരം പോലെയുള്ള ആവശ്യ വസ്തുക്കള്‍ വ്യോമസേനയുടെ സഹായത്തോടെ പ്രളയ ബാധിതപ്രദേശങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. സ്ഥിതി മെച്ചപ്പെടുന്നത് വരെ ഇത് തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്. സില്‍ച്ചാറിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന് രണ്ട് ഡ്രോണുകളെയും വിന്യസിച്ചിട്ടുണ്ട്. കാച്ചര്‍ ജില്ല ഭരണകൂടം സില്‍ച്ചാറില്‍ രക്ഷാപ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.
ഇറ്റാനഗര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 207 പേരടങ്ങുന്ന എട്ട് എന്‍ഡിആര്‍എഫ് സംഘങ്ങളെ ആര്‍മിയോടൊപ്പം വിന്യസിച്ചിട്ടുണ്ട്. അടിയന്തിര ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ദിമാപുറില്‍ നിന്നുള്ള ഒന്‍പത് ബോട്ടുകള്‍ സില്‍ച്ചാറിലുണ്ട്. ഭക്ഷണം, വെള്ളം, മരുന്ന് പോലെയുള്ള അടിയന്തിര വസ്തുക്കളില്ലാതെ മൂന്ന് ലക്ഷം പേരാണ് ദുരിതമുഖത്ത് തുടരുന്നത്. 3,150 ഗ്രാമങ്ങളെ ഇതിനോടകം പ്രളയം ബാധിച്ചു. 2,65,788 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 312 വീടുകളാണ് പ്രളയത്തില്‍ നാശോന്മുഖമായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..