.jpg?$p=de126ce&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം | Photo-IANS
ലണ്ടന്‍: അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകള്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് കണ്ടെത്തല്‍. അന്താരാഷ്ട്ര പരിസ്ഥിതി ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് കാല്‍ശതമാനം വരുന്ന സമുദ്രജീവികളുടെ ആവാസസ്ഥലം കൂടിയായ പവിഴപ്പുറ്റുകള്‍ പതിയെ ഇല്ലാതാകുമെന്ന് കണ്ടെത്തിയത്. ലോകത്തില്‍ വെച്ചേറ്റവും വലിയ പവിഴപ്പുറ്റായ ഗ്രേറ്റ് ബാരിയര്‍ റീഫ് പോലും ഇന്ന് കാലാവസ്ഥാ വ്യതിയാനം മൂലം വന്‍തോതില്‍ ബ്ലീച്ചിങിന് (coral bleaching) വിധേയമായി കൊണ്ടിരിക്കുകയാണ്.
ആഗോള താപനിലയിലെ വര്‍ധനവ് 1.5 ഡിഗ്രിക്കുള്ളില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ പോലും 90 ശതമാനം വരുന്ന പവിഴപ്പുറ്റുകളും അടുത്ത മൂന്ന് ദശാബ്ദത്തിനുള്ളില്‍ ഇല്ലാതാകുമെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ നാല് ദശാബ്ദത്തിനിടെ സമുദ്രത്തിലെ ചൂട് മൂലമുള്ള പ്രത്യാഘാതങ്ങള്‍ക്ക് എല്ലായിടത്തുമുള്ള പവിഴപ്പുറ്റുകള്‍ ഇരയായി തീര്‍ന്നിരുന്നു.
''സമുദ്ര താപനിലയിലെ മാറ്റങ്ങള്‍ അതിവേഗം മനസിലാക്കാനുള്ള കഴിവ് പവിഴപ്പുറ്റുകള്‍ക്ക് ഉണ്ട്. എപ്പോഴാണ് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതെന്ന മുന്നറിയിപ്പ് അവ നമുക്ക് നൽകുന്നു. " പഠനത്തിന് പങ്കാളിത്തം വഹിച്ച ലെസ്റ്റർ സർവകലാശാല പ്രൊഫസ്സറായ ജെന്‍സ് സിങ്കെ പറയുന്നു. പാരീസ് ഉടമ്പടി പ്രകാരമുള്ള കാലാവസ്ഥാ ലക്ഷ്യങ്ങള്‍ നിറവേറ്റാനായില്ലെങ്കില്‍ 2050-ഓടെ പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥ തന്നെ താറുമാറാകുമെന്നും വിദ്ഗധര്‍ പറയുന്നു.
ചില പവിഴപ്പുറ്റുകള്‍ സമുദ്രത്തിലെ താപനില വര്‍ധനവിനെ മറ്റുള്ളവയേക്കാൾ വേഗത്തിൽ പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പവിഴപ്പുറ്റുകളെ ഭാവിയിലേക്കായി സംരക്ഷിക്കണമെന്നും ജെന്‍സ് കൂട്ടിച്ചേര്‍ത്തു. പവിഴപ്പുറ്റുകള്‍ സംരക്ഷിക്കാനുള്ള ഗവേഷക സംഘത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ 'ഫോര്‍കാസ്റ്റിങ് ക്ലൈമറ്റ് സാന്‍ച്ചുറീസ് ഫോര്‍ സെക്യുറിങ് ദി ഫ്യൂച്ചര്‍ ഓഫ് കോറല്‍ റീഫ്‌സ്' എന്ന് പേരിലുള്ള പഠന റിപ്പോര്‍ട്ടായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..