ന്റാര്‍ട്ടിക്കയുടെ കടല്‍ത്തീരത്ത് പര്യവേഷണം നടത്തുന്ന ഗവേഷകര്‍ ലണ്ടന്റെ മൂന്നിലൊന്ന് വലുപ്പം വരുന്ന ഐസ് ഫിഷുകളുടെ കോളനി കണ്ടെത്തി. ആറ് കോടി വരുന്ന സജീവ കോളനികളാണ് പര്യവേഷകര്‍ കണ്ടെത്തിയത്. പതിവ് വിവര ശേഖരണത്തിനിടയിലാണ് സമുദ്ര അടിത്തട്ടിന്  ഒന്നര മുതല്‍ രണ്ടര മീറ്റര്‍  വരെ ഉയരത്തില്‍ കോളനികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. അന്റാര്‍ട്ടിക്കയുടെ തെക്കന്‍ വെഡല്‍ സമുദ്രത്തിലാണ് കോളനി സ്ഥിതി ചെയ്യുന്നത്. ഈ കണ്ടെത്തലിന് മുമ്പ് 60 ഓളം വരുന്ന ഐസ്ഫിഷുകളുടെ കൂട് മാത്രമായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. പഠനറിപ്പോര്‍ട്ട് കറന്റ് ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു.

സാധാരണരീതിയില്‍ സമുദ്ര അടിത്തട്ടില്‍ കാണാന്‍ കഴിയാത്ത കാഴ്ചയാണിതെന്ന് പര്യവേഷകര്‍ പറയുന്നു. പ്രദേശമാകെ ഐസ് ഫിഷുകളുടെ കോളനി കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആഴക്കടലിലെ മത്സ്യസമ്പത്തിനെ കുറിച്ച് കൂടുതലറിയാന്‍ ഇത്തരത്തിലുള്ള പഠനങ്ങള്‍ സഹായകരമാകും. സമുദ്ര അടിത്തട്ടിൽ ഉപയോഗിക്കുന്ന പ്രത്യേക തരം ക്യാമറ ഉപയോഗിച്ച് ഇവയുടെ വീഡിയോയും ദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ട്. പ്രദേശം കൂടുതലായി കാറ്റും പ്രവാഹങ്ങളും തണുത്ത ജലത്തെ ഉപരിതലത്തിലേക്ക് കൊണ്ടുവരുന്ന 'അപ് വെല്ലിങ്' എന്ന പ്രക്രിയ്ക്ക് വിധേയമാകാറുണ്ട്. ഈ ഘടകമാണ് പര്യവേഷകരെ ഇവിടേക്ക് ആകര്‍ഷിച്ചത്.

അപ് വെല്ലിങ് പ്രക്രിയ നടക്കുമ്പോള്‍ ജലം സമീപത്തുള്ള പ്രദേശങ്ങളിലുള്ളവയെ അപേക്ഷിച്ച് രണ്ട് ഡിഗ്രി കൂടുതല്‍ താപമേറിയതായിരിക്കും. ഇത്തരം ചൂടുള്ള കാലാവസ്ഥകളിലാണ് ഇവ പ്രത്യുത്പാദനം നടത്തുന്നത്. അതിനാല്‍ പ്രത്യുത്പാദനവേളിയാലാകാം ഇവ അടിത്തട്ടില്‍ ഇത്തരത്തിലുള്ള കോളനികള്‍ രൂപീകരിക്കുക. 240 കിലോ മീറ്ററോളം വിസ്തീര്‍ണത്തിലാണ് കോളനി സ്ഥിതി ചെയ്യുന്നത്. ഇത് വരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ ഐസ് ഫിഷ് കോളനിയാണിത്. എന്നാല്‍ ഐസ് ഫിഷിന്റെ കൂടുകള്‍ പലപ്പോഴും സീലുകള്‍ ആഹാരമാക്കാറുണ്ട്. അതിനാല്‍ കോളനി നശിക്കുന്നത് സീലുകളുടെ നിലനില്‍പിനെയും ബാധിക്കും.

ആഴക്കടലുകള്‍ മരുഭൂമിയിലെ തരിശുനിലങ്ങളല്ല, അവ ജൈവൈവിധ്യങ്ങളാല്‍ സമ്പന്നമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഓട്ടണ്‍ പേഴ്‌സര്‍ അഭിപ്രായപ്പെട്ടു. പദേശത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ ഐസ് ഫിഷുകള്‍ മറ്റ് ആവാസവ്യവസ്ഥയുമായി എങ്ങനെ ഇണങ്ങി കഴിയുമെന്നത് കണ്ടെത്താന്‍ ഉപകരിക്കും.ഈ വര്‍ഷം ഏപ്രിലില്‍ ഗവേഷകര്‍ തിരികെ പ്രദേശത്തേക്ക് എത്തും. കോളനികള്‍ അതേ പടിയുണ്ടോ, എന്തൊക്കെ മാറ്റങ്ങളുണ്ടായി എന്നതൊക്കെ അറിയാന്‍ വേണ്ടിയാണിത്. പരിചിതമല്ലാത്ത ഇത്തരം വലിയ ആവാസവ്യവസ്ഥകള്‍ ഇനിയും എത്രത്തോളം കണ്ടെത്താനുണ്ട് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും പേഴ്‌സര്‍ പ്രതികരിച്ചു.

Content Highlights: colony of icefish found in antartican sea