പ്രകൃതിസൗഹാർദമായി കയർചട്ടികളിൽ തൈകൾ നട്ടിരിക്കുന്നു
കലഞ്ഞൂര്‍: സാമൂഹികവനവത്കരണ വിഭാഗം വനവത്കരണത്തിനായി ഒരുക്കുന്ന തൈകള്‍ ഇനി പ്രകൃതി സൗഹാര്ദമായിട്ടാകും വളര്‍ത്തുക. പ്ലാസ്റ്റിക് ഗ്രോ ബാഗുകള്‍ കാലക്രമേണ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ കയര്‍ റൂട്രെയിനറുകളിലും കയര്‍ ചട്ടികളിലുമായി തൈകള്‍ വച്ച് പിടിപ്പിക്കുന്നത്.ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തിനായി ലക്ഷക്കണക്കിന് തൈകളാണ് വനംവകുപ്പ് വിവിധ നഴ്സറികള്‍ വഴി ഒരുക്കിക്കൊണ്ടിരിക്കുന്നത്.
സര്‍ക്കാര്‍ സംരംഭങ്ങളിലൂടെയും വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയും സ്കൂളുകള്‍, കോളേജുകള്‍,സന്നദ്ധ സംഘടനകള്‍, പരിസ്ഥിതി സംഘടനകള്‍ തുടങ്ങിയവ വഴിയാകും തൈകള്‍ വിതരണം ചെയ്യുക. ഇതിനൊപ്പം വനംവകുപ്പ് സ്വന്തം നിലയിലും വിവിധയിടങ്ങളില്‍ വനങ്ങള്‍ ഒരുക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സ്കൂളുകളും കോളേജുകളും ആവശ്യപ്പെട്ട് സ്ഥലം നല്കിയാല് അവിടങ്ങളില്‍ കുട്ടിവനം ഉള്‍പ്പടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനും പദ്ധതി തയ്യാറാക്കി വരുന്നു.
തയ്യാറാകുന്നത് ലക്ഷം തൈകള്‍
സാമൂഹിക വനവത്കരണ വിഭാഗം ജില്ലയിലെ ആവശ്യത്തിലേക്കായി കലഞ്ഞൂര്‍ വാഴപ്പാറയിലുള്ള ജില്ലാ നഴ്സറിയില്‍ ഒരുക്കുന്നത് ലക്ഷം തൈകള്‍. ബിഗള്‍ ബാസ്ക്കറ്റുകളിലും കയര്‍ റൂട്രൈയിനറുകളിലും കയര്‍ പോട്ടുകളിലുമായിട്ടാണ് തൈകള്‍ സജ്ജമാക്കുന്നത്. ഫലവ്യക്ഷങ്ങള്‍, തേക്ക്, മഹാഗണി, മുള എന്നിവയുള്‍പ്പടെയുള്ളവയുടെ തൈകളാണ് ഇവിടെ ഒരുക്കുന്നത്. കലഞ്ഞൂര്‍ വനസംരക്ഷണ സമിതിയുടെ സഹകരണത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. വര്‍ഷങ്ങളായി വനംവകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം കലഞ്ഞൂര്‍ ഡിപ്പോ ജങ്ഷനിലുള്ള സ്ഥലത്ത് തൈകള്‍ ഒരുക്കുമായിരുന്നുവെങ്കിലും അടുത്ത സമയത്താണ് ഇവിടം ജില്ലാ നഴ്സറിയായി മാറ്റിയത്.
പ്രകൃതി സൗഹൃദമിവിടം
വനംവകുപ്പ് ലക്ഷ്യമിടുന്ന പ്രകൃതി സൗഹാര്‍ദ്ദ രീതികള്‍ തന്നെയാണ് കലഞ്ഞൂരിലുള്ള ജില്ലാ നഴ്സറിയിലും ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കി കൂടുതല്‍ തൈകളും കയറില്‍ നിന്നുള്ള റൂട്രെയിനറുകളിലും ചട്ടികളിലും ആയിട്ടാണ് ക്രമീകരിക്കുന്നത്. ഇതിനൊപ്പം കരിയിലകള്‍ ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മാണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടെ പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തിനിലും കുറവുണ്ടാകുമെന്നാണ് നിഗമനം.
Content Highlights: coir replace plastic products
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..