
കോയമ്പത്തൂർ കോർപ്പറേഷൻ പരിധിയിലെ നിരത്തുകൾ വൃത്തിയാക്കാൻ ഉണങ്ങിയ ഇലകളും മരക്കൊമ്പുകളും പൊടിച്ച് കമ്പോസ്റ്റാക്കുന്ന യൂണിറ്റ്
കോയമ്പത്തൂര്‍:റോഡരികിലെ തണല്‍മരങ്ങള്‍ തമിഴ്നാട്ടിലെ മനോഹര കാഴ്ചകളിലൊന്നാണ്. പൊള്ളുന്ന ചൂടിന് ആശ്വാസം പകര്‍ന്ന് നിരത്തുകളില്‍ തണല്‍വിരിച്ച് ധാരാളം മരങ്ങളുണ്ടാവും. അതുകൊണ്ടുതന്നെ ഉണങ്ങിയ ഇലകളും മരക്കൊമ്പുകളും യഥേഷ്ടമായി റോഡുകളില്‍ ഉണ്ടാവും. നിരത്തുകള്‍ വൃത്തിയാക്കാന്‍ ഇവ സംസ്കരിച്ച് വളമാക്കി ഉപയോഗിക്കുകയാണ് കോയമ്പത്തൂര്‍ കോര്പ്പറേഷന്. ഇവമൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുക കൂടി ലക്ഷ്യമുണ്ട്.റോഡരികിലുള്ള ചപ്പിലകളും ഉണങ്ങിയ കമ്പുകളും പൊടിച്ച് കമ്പോസ്റ്റാക്കി മാറ്റുന്നതിന് ട്രാക്ടറില്‍ ഘടിപ്പിച്ച വുഡ് ക്രഷര്‍ യൂണിറ്റാണ് ഉപയോഗിക്കുന്നത്. കോര്‍പ്പറേഷന്റെ അഞ്ച് സോണുകളിലും ഓരോ യൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ട്.
ഒരു ട്രാക്ടറും അതിനൊപ്പം ഘടിപ്പിച്ച വുഡ് ക്രഷറും ആണ് യൂണിറ്റിലുള്ളത്. ഉണങ്ങിയ ഇലകളും കമ്പുകളും ക്രഷറില്‍ ഇട്ടു ചെറിയ കഷണങ്ങളാക്കുകയാണ് ചെയ്യുന്നത്. ഈ കമ്പോസ്റ്റ് അതേ മരത്തിനുതന്നെ വളമായി ഉപയോഗിക്കുന്നു. ചൂട് കനത്തതോടെ നിരത്തിലെ മരങ്ങളെല്ലാം ഉണങ്ങിത്തുടങ്ങി. ഇതോടെ ഇലകള്‍ കൊഴിഞ്ഞുവീഴുകയാണ്. മരത്തിന്റെ ചില്ലകളും ഉണങ്ങിവീഴാന്‍ തുടങ്ങി. ഇവ റോഡില്‍ കിടക്കുന്നതുമൂലം ഇരുചക്ര വാഹനങ്ങള്‍ക്ക് അപകടം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള മാര്‍ഗം എന്ന നിലയ്ക്കാണ് കോര്പ്പറേഷന് പുതിയ സംവിധാനം നടപ്പാക്കിയത്. ഒരു സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് ഇലകള്‍ പൊടിച്ചു വളമാക്കാനുള്ള യൂണിറ്റ് ഉണ്ടാക്കിയത്. ഇതൊരു മാതൃകാപദ്ധതിയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മഴക്കാലത്ത് വീഴാറായതും ഉണങ്ങിയതുമായ മരങ്ങള്‍ പിഴുതുമാറ്റാനാണ് ഈ യന്ത്രസംവിധാനം ആദ്യം ഉപയോഗിച്ചത്. ഇതില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ കമ്പോസ്റ്റ് ആക്കാന്‍ ഉപയോഗിക്കുന്നത്. കോര്പ്പറേഷന് പരിധിയിലെ അഞ്ച് സോണുകളിലും ഈ യൂണിറ്റുണ്ടാവും. ഉണങ്ങിയ ചപ്പിലകളും മരക്കൊമ്പുകളും ഉള്ളിടത്തുവന്ന് അവ കമ്പോസ്റ്റാക്കുകയും ചെയ്യും. ഇതോടെ നിരത്തുകള്‍ കൂടുതല്‍ വൃത്തിയായി സൂക്ഷിക്കാന്‍ കഴിയും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..