കൊച്ചി: ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌കാരമായ 'ചാമ്പ്യന്‍ ഓഫ് എര്‍ത്തിന് ' കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനെ തിരഞ്ഞെടുത്തു. സമ്പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്ന നൂതനാശയം പ്രാവര്‍ത്തികമാക്കിയതിനാണ് സിയാല്‍ ബഹുമതിയ്ക്ക് അര്‍ഹമായത്. സെപ്റ്റംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ സിയാല്‍ പുരസ്‌കാരം ഏറ്റുവാങ്ങും. 

പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നോബല്‍ പുരസ്‌ക്കാരമെന്ന് വിളിപ്പേരുള്ള 'ചാമ്പ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌ക്കാരം' 2005-മുതലാണ് ഐക്യരാഷ്ട്ര സഭ നല്‍കിത്തുടങ്ങിയത്. സിയാലിന്റെ പരിസ്ഥിതി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ യു.എന്‍.ആഗോള പരിസ്ഥിതി മേധാവിയും യു.എന്‍.ഇ.പി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എറിക് സ്ലോഹെമിന്റെ നേതൃത്വത്തിലുള്ള യു.എന്‍.സംഘം ഇക്കഴിഞ്ഞ മേയില്‍ കൊച്ചി വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു.

ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളം എന്ന നിലയ്ക്ക് സിയാലിന് ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക  അംഗീകാരം നല്‍കുമെന്ന് സന്ദര്‍ശന വേളയില്‍ എറിക് സ്ലോഹെം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. സിയാലിന്റെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനുമായി യു.എന്‍.പരിസ്ഥിതി മേധാവി അന്ന് ചര്‍ച്ച നടത്തിയിരുന്നു. പരിസ്ഥിതി സൗഹാര്‍ദ ആശയങ്ങള്‍ നടപ്പിലാക്കുന്നതിന് നാല് വിഭാഗങ്ങളിലായാണ് ഐക്യരാഷ്ട്ര സഭ ഓരോ വര്‍ഷവും ചാമ്പ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌കാരം നല്‍കുന്നത്.

ഇതില്‍, 'ധീരവും പ്രചോദനാത്മകവുമായ പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനം നടപ്പിലാക്കി ലോകത്തിന് മാതൃകയാകുന്ന പദ്ധതി ' എന്ന വിഭാഗത്തിലാണ് 2018-ലെ പുരസ്‌ക്കാരം സിയാലിനെ തേടിയെത്തിയത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഈ വിഭാഗത്തില്‍ ഒരു സ്ഥാപനം ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരം നേടുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന നിലയില്‍ സിയാല്‍ അസാധാരണമായൊരു മാതൃകയാണ് കാഴ്ച വച്ചതെന്നും മറ്റുള്ളവര്‍ ഇനി ഇത് പിന്തുടരുമെന്നും പുരസ്‌കാര നേട്ടം അറിയിച്ചുകൊണ്ട് മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന് അയച്ച കത്തില്‍ എറിക്  സ്ലോഹെം വ്യക്തമാക്കി. 

ചിലി പ്രസിഡന്റ് മൈക്കേല്‍ ബാഷ്‌ലെറ്റ്, ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ബൈക്ക് ഷെയറിങ് ആപ് ഉടമസ്ഥരായ മോബൈക്ക്, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ ഗോദാര്‍ദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍, ചൈനയിലെ വനവത്കരണ പ്രസ്ഥാനമായ സൈഹാന്‍ബ തുടങ്ങിയ വ്യക്തികളും സ്ഥാപനങ്ങളുമാണ് കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്രസഭയുടെ ചാമ്പ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌ക്കാരത്തിന് അര്‍ഹരായത്. 

2015 മുതല്‍ സമ്പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സിയാലിന്റെ വിവിധ പ്ലാന്റുകളുടെ മൊത്തം സ്ഥാപിത ശേഷി നിലവില്‍ 30 മെഗാവാട്ടാണ്. അടുത്തമാസത്തോടെ ഇത് 40 മെഗാവാട്ടായി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദവുമായ പദ്ധതികള്‍ നടപ്പിലാക്കിയതിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം നേടിയതില്‍ അഭിമാനമുണ്ടെന്ന് വി.ജെ.കുര്യന്‍ പറഞ്ഞു. 'ആഗോളതലത്തില്‍ ഹരിത ആശയങ്ങള്‍ക്ക് പ്രസക്തിയേറുന്ന കാലമാണ്. വിമാനത്താവളം പോലെ വന്‍തോതില്‍ ഊര്‍ജാവശ്യം വേണ്ടിവരുന്ന സ്ഥാപനങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദ ഊര്‍ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് പ്രായോഗികമാണെന്ന് തെളിയിക്കാന്‍ സിയാലിനായി.  നാളിതുവരെ സിയാലിന്റെ സൗരോര്‍ജ പ്ലാന്റുകള്‍ അഞ്ച് കോടി യൂണിറ്റ് ഹരിതോര്‍ജം ഉത്പാദിപ്പിച്ചുകഴിഞ്ഞു. പരിസ്ഥിതിയ്ക്ക് ദോഷകരമായി ബാധിക്കുന്ന ഹരിതഗേഹ വാതകമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അരലക്ഷം ടണ്‍ അന്തരീക്ഷത്തിലേയ്ക്ക് ബഹിര്‍ഗമിക്കുന്നത് തടയാന്‍ സിയാലിന്റെ പ്ലാന്റുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് 'കുര്യന്‍ പറഞ്ഞു.

content highlights: Cochi international Airport gets UN Champion of the Earth prize 2018