ഒഹായോ: അമേരിക്കയിലെ ഒഹായോ ഡിസ്ട്രിക്ട് കോടതി കഴിഞ്ഞയാഴ്ച കൗതുകകരമായ ഒരു വിധി പറഞ്ഞു; ജന്തുക്കള്‍ നിയമപരമായ വ്യക്തികളാണ്. ഇന്ത്യയുള്‍പ്പെടെ ചില രാജ്യങ്ങളിലെ കോടതികള്‍ മുമ്പ് ഇങ്ങനെ വിധിച്ചിട്ടുണ്ടെങ്കിലും അമേരിക്കയില്‍ ഇങ്ങനെയൊരു വിധി ആദ്യമാണ്. കുപ്രസിദ്ധനായ കൊളംബിയന്‍ 'കൊക്കെയ്ന്‍ രാജാവ്' കൊല്ലപ്പെട്ട പാബ്ലോ എസ്‌കോബാര്‍ വളര്‍ത്തിയിരുന്ന ഹിപ്പോപൊട്ടാമസുകളെ കൊല്ലുന്നതു സംബന്ധിച്ച കേസാണ് ഈ വിധിക്കു കാരണം. കൊളംബിയയിലുള്ള കേസില്‍ ഇടപെട്ടാണ് അമേരിക്കന്‍ കോടതി വിധിപറഞ്ഞത്. 

'ചരിത്രത്തിലെ ഏറ്റവും ധനാഢ്യനായ ക്രിമിനല്‍' എന്നും 'കൊക്കെയ്ന്‍ രാജവെ'ന്നും വിശേഷണമുള്ള പാബ്ലോ എസ്‌കോബാറിനെ 1993-ല്‍ കൊളംബിയന്‍ പൊലീസ് വെടിവെച്ചുകൊന്നു. ജിറാഫ്, കംഗാരു, വരയന്‍കുതിര, ഫ്ളെമിംഗോ, ഹിപ്പോപ്പൊട്ടാമസ് തുടങ്ങി ഒരുപാട് വിശേഷ ജീവികളെ വളര്‍ത്തിയിരുന്നു എസ്‌കോബാര്‍. അയാള്‍ കൊല്ലപ്പെട്ടതോടെ ജീവികള്‍ അനാഥരായി. അവയില്‍ ഹിപ്പോപൊട്ടാമസ് ഒഴികയെുള്ളവയെ വിവിധ മൃഗശാലകള്‍ വാങ്ങി. ഹിപ്പോകള്‍ മാത്രം ആര്‍ക്കും വേണ്ടാതെ എസ്‌കോബാറിന്റെ നേപ്പിള്‍സ് എസ്റ്റേറ്റില്‍ അവശേഷിച്ചു. ആകെ നാലെണ്ണമായിരുന്നു ഉണ്ടായിരുന്നത്. ഒരാണും മൂന്നുപെണ്ണും. 28 കൊല്ലംകൊണ്ട് അവ പെറ്റുപെരുകി. അവയുടെ സന്തതി പരമ്പരയില്‍ ഇന്ന് നൂറോളം ഹിപ്പോപൊട്ടാമസുകളുണ്ട്. ആഫ്രിക്കയ്ക്കു വെളിയിലുള്ള ഏറ്റവും വലിയ ഹിപ്പോക്കൂട്ടം ഇവയാണെന്നാണ് കരുതുന്നത്. 

കൊളംബിയയിലെ മാഗ്ദലീന നദിയില്‍ വാഴുന്ന ഇവ പ്രാദേശിക പരിസ്ഥിതിസന്തുലനത്തിനും മീന്‍പിടിത്തക്കാര്‍ക്കും ഭീഷണിയായതോടെ കഷ്ടകാലം തുടങ്ങി. ഇവയെ കൊന്നൊടുക്കാന്‍ കൊളംബിയ സര്‍ക്കാര്‍ തീരുമാനിച്ചു. ലൂയി ഡൊമിങ്കോ ഗോമസ് മല്‍ഡൊണാഡോ എന്ന അറ്റോര്‍ണി ഹിപ്പോകള്‍ക്കുവേണ്ടി കോടതിയില്‍ പോയി. കഴിഞ്ഞ കൊല്ലം ജൂലായില്‍ ഇദ്ദേഹം നല്‍കിയ കേസ് പരിഗണിച്ച കൊളംബിയന്‍ കോടതി അവയ്ക്ക് നിയമപരമായ വ്യക്തിത്വം അനുവദിച്ചുകൊടുത്തിരുന്നു. കാര്യങ്ങള്‍ അവിടംകൊണ്ടും തീര്‍ന്നില്ല. ഇവ പെറ്റുപെരുകുന്നത് എങ്ങനെ നിയന്ത്രിക്കുമെന്ന ആലോചനയായി. അങ്ങനെയാണ് ആനിമല്‍ ലീഗല്‍ ഡിഫന്‍സ് ഫണ്ട് എന്ന എന്‍.ജി.ഒ. അമേരിക്കന്‍ കോടതിയിലെത്തിയത്. ഹിപ്പോകളെ ശസ്ത്രക്രിയ ചെയ്യാതെ വന്ധ്യംകരിക്കാന്‍ രണ്ടു വിദഗദ്ധരെ അനുവദിക്കണ് അവര്‍ കോടതിയില്‍ അപേക്ഷിച്ചു.

അമേരിക്കയുടെ സമീപ രാജ്യമാണ് കൊളംബിയ. വിദേശത്തുനടക്കുന്ന കേസില്‍ സഹായമാവശ്യപ്പെട്ട് തത്പരകക്ഷികള്‍ക്ക് അമേരിക്കന്‍ കോടതിയെ സമീപിക്കാം എന്ന നിയമപ്രകാരമാണ് എന്‍.ജി.ഒ. അപേക്ഷകൊടുത്തത്. അതില്‍ വിധി പറഞ്ഞ ജഡ്ജി കാരെന്‍ ലിറ്റ്കോവിറ്റ്സ് ഹിപ്പോകളെ നിയമപരമായി വ്യക്തിത്വമുള്ള ജീവികളായി അംഗീകരിക്കുകയായിരുന്നു. 

കേസു നടക്കുമ്പോള്‍തന്നെ കൊളംബിയ ഹിപ്പോകളുടെ വന്ധ്യംകരണവും തുടങ്ങി. മയക്കുവെടിവെക്കാനുപയോഗിക്കുന്ന തോക്കുപയോഗിച്ചും ശസ്ത്രക്രിയയിലൂടെയും ഗോണകോണ്‍ എന്ന ഗര്‍ഭനിരോധന മരുന്നു നല്‍കുന്ന നടപടിയാണ് ഒക്ടോബര്‍ 15-ന് ആരംഭിച്ചത്. കൊളംബിയന്‍ സര്‍ക്കാര്‍ ഈ മരുന്ന് സുരക്ഷിതമായി നല്‍കുമോ അതോ കുറച്ച് മൃഗങ്ങളെയെങ്കിലും ഇതിന്റെപേരില്‍ കൊല്ലുമോ എന്നെല്ലാമുള്ള സംശയമാണ് ആനിമല്‍ ലീഗല്‍ ഡിഫന്‍സ് ഫണ്ട് കോടതിയില്‍ ഉന്നയിച്ചത്. മൃഗങ്ങളിലെ ഗര്‍ഭനിരോധനത്തിനായി മൃഗശാലകളില്‍ ഉപയോഗിക്കുന്ന പി.സെഡ്.പി. എന്ന മരുന്നു നല്‍കണമെന്ന ആവശ്യവും ഇവര്‍ ഇന്നയിച്ചു. വിധി ഈ ആവശ്യത്തിനുള്ള അംഗീകാരം കൂടിയായി സംഘടന കരുതുന്നു.

2018-ല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയും 2019-ല്‍ പഞ്ചാബ് ആന്‍ഡ് ഹരിയാണ ഹൈക്കോടതിയും ജന്തുക്കളും മനുഷ്യര്‍ക്കു തുല്യമായ അവകാശങ്ങളും ചുമതലളും ബാധ്യതകളുമുള്ള നിയമപരമായ വ്യക്തികളാണെന്നു വിധിച്ചിരുന്നു. രണ്ടു വിധിയും എഴുതിയത് ഒരേ ജഡ്ജിയാണ്. ജസ്റ്റിസ് രാജീവ് ശര്‍മ.