മൗണ്ടെയ്ൻ സാൻഡ്വോർട്ട് | Photo-Wiki/By Mtiffany71 - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=3967284
സ്കോട്ട്ലന്‍ഡിലെ അപൂര്‍വ ആര്‍ട്ടിക് -ആല്‍പൈന്‍ സസ്യങ്ങളും കാലാവസ്ഥാ വ്യതിയാനം മൂലം വംശനാശ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. സ്നോ പേള്‍വോര്‍ട്ട് (Snow pearlwort), ഡ്രൂപ്പിങ് സാക്സിഫ്രാഗ് (drooping saxifrage), മൗണ്ടെയ്ന് സാന്‍ഡ്വോര്‍ട്ട് (mountain sandwort) തുടങ്ങിയ സപുഷ്പി സസ്യങ്ങളാണ് വംശനാശ ഭീഷണി നേരിടുന്നത്. ആര്‍ട്ടിക് പോലെ കനത്ത മഞ്ഞുമൂടിയ പ്രദേശങ്ങളിലും ഉയര്‍ന്ന മേഖലകളിലും കാണപ്പെടുന്നവയാണ് ആര്‍ട്ടിക്-ആല്‍പൈന്‍ സസ്യങ്ങള്‍. താപനില കൂടി മഞ്ഞുരുകുന്നത് ഇവയ്ക്ക് വളരാനുള്ള അനുകൂല കാലാവസ്ഥ ഇല്ലാതാക്കുന്നു. രാജ്യത്തിന്റെ ബെന്‍ ലാവേഴ്സ് മലനിരയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഇവയുടെ എണ്ണത്തില്‍ ഇതിനോടകം വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് സ്റ്റര്‍ലിങ്ങിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍.
മഞ്ഞ് കൂടുതലായി ഉരുകുന്നത് താഴ്ന്നപ്രദേശങ്ങളിലുള്ള സസ്യങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കാണപ്പെടാനുള്ള സാഹചര്യമുണ്ടാക്കുന്നു. ഇത്തരത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വളരുന്ന സസ്യങ്ങളും അപൂര്‍വ ആല്‍പൈന്‍ സസ്യങ്ങള്‍ക്ക് ഭീഷണിയാണ്. യൂറോപ്പിന്റെ തെക്കന്‍ മേഖലയില്‍ മാത്രം കാണപ്പെടുന്ന സസ്യം കൂടിയാണ് സ്നോ പേള്‍വോര്‍ട്ട്. ബ്രിട്ടനില്‍ സ്നോ പേള്‍വോര്‍ട്ട് കാണപ്പെടുന്ന ഏക പ്രദേശം കൂടിയാണിത്.
1990-ന്റെ മധ്യം മുതല്‍ സ്നോ പേള്‍വോര്‍ട്ട് സസ്യങ്ങളുടെ എണ്ണത്തില്‍ 66 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ സസ്യത്തെ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലേക്ക് ബൊട്ടാണിക്കല്‍ സൊസൈറ്റി ഓഫ് ബ്രിട്ടന് ആന്‍ഡ് അയര്‍ലന്‍ഡ് (ബിഎസ്ബിഐ-BSBI) മാറ്റുകയായിരുന്നു. പഠനത്തില്‍ ഡ്രൂപ്പിങ് സാക്സിഫ്രാഗ്, മൗണ്ടെയ്ന് സാന്‍ഡ്വോര്‍ട്ട് തുടങ്ങിയ സസ്യങ്ങളുടെ എണ്ണത്തിലും 50 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഹോര്ട്ടികള്ച്ചറിസ്റ്റുകളുടെ സഹായത്തോടെ സ്കോട്ടിഷ് സസ്യങ്ങളെ സംരക്ഷിക്കാമെന്നാണ് വിദ്ഗധര്‍ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..