പ്രതീകാത്മക ചിത്രം | Photo-AFP
കോഴിക്കോട്: ഇരതേടാനാവാത്തതും പരിക്കേറ്റതുമായ കടുവകളുടെയും പുള്ളിപ്പുലികളുടെയും സംരക്ഷണത്തിന് സംസ്ഥാനത്ത് പ്രത്യേക കേന്ദ്രമൊരുങ്ങുന്നു. വനംവകുപ്പിന് കീഴില്‍ സുല്‍ത്താന്‍ബത്തേരിയില്‍ നാലരയേക്കര്‍ സ്ഥലത്താണ് പരിപാലനകേന്ദ്രമൊരുങ്ങുന്നത്. വനത്തിനുള്ളില്‍ തന്നെയാണിത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം 26-ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും.ഇതാദ്യമായാണ് സംസ്ഥാനത്ത് കടുവകളുടെയും പുള്ളിപ്പുലികളുടെയും സംരക്ഷണത്തിന് കേന്ദ്രമൊരുങ്ങുന്നത്.
രണ്ടാംഘട്ടത്തില്‍ ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങാനും പദ്ധതിയുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി.
ഇരതേടാനാവാതെ നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്ന കടുവകള്‍, പുള്ളിപ്പുലികള്‍ എന്നിവയുടെ സംരക്ഷണമാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. ഇവയുടെ ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായ തരത്തിലുള്ള സൗകര്യങ്ങളാകും കേന്ദ്രത്തിലുണ്ടാകുക. കൂടാതെ അപകടത്തില്‍ പരിക്കേല്‍ക്കുന്ന കടുവ, പുലി എന്നിവയെ ചികിത്സിച്ച് പൂര്‍വസ്ഥിതിയിലാക്കി വനത്തിനുള്ളിലേക്ക് അയക്കും. കര്‍ണാടക, ഒഡീഷ സംസ്ഥാനങ്ങളിലാണ് നിലവില്‍ കടുവകളുടെ പരിപാലത്തിന് കേന്ദ്രമുള്ളത്.
സംസ്ഥാനത്ത് കാടിറങ്ങുന്ന ആനകളുടെ സംരക്ഷണത്തിന് മാത്രമാണ് കേന്ദ്രങ്ങളുള്ളത്.വര്‍ധിച്ചുവരുന്ന വന്യജീവിശല്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഉദ്യമത്തിന് വനംവകുപ്പ് തയ്യാറായത്. നേരത്തേ വന്യജീവിശല്യം കുറയ്ക്കുന്നതിന് 620-കോടിരൂപയുടെ സമഗ്രപദ്ധതി വനംവകുപ്പ് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കടുവകളുടെ പരിപാലത്തിന് പ്രത്യേക കേന്ദ്രം ഒരുങ്ങുന്നത്.
Content Highlights: centre for the protection of tigers ready to open in kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..