ടൊറന്റോ: വന നശീകരണത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും പ്രതിരോധിക്കാന്‍ ഒരു പുതിയമാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് കാനഡയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഡ്രോണുകളുടെ സഹായത്തോടെ മരങ്ങളുടെ വിത്തുകള്‍ വിതയ്ക്കുകയും അതിലൂടെ വനവല്‍ക്കരണം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗം. ഫ്‌ളാഷ് ഫോറസ്റ്റ് എന്നാണ് ഇവരുടെ കൂട്ടായ്മയുടെ പേര്. 2028 ഓടെ നൂറുകോടി മരങ്ങള്‍ നടുക എന്നതാണ് ഇവരുടെ ലക്ഷ്യം.  ചിലവു കുറവാണെന്നതും വിത്തുകള്‍ അതിവേഗം നടാം എന്നതും ഡ്രോണ്‍ ഉപയോഗിച്ചുള്ള വിത്തെറിയലിന്റെ മേന്മകളാണ്. 

flash forest
Photo courtesy: www.kickstarter.com

ഡ്രോണുകള്‍ ഉപയോഗിച്ച് വെറുതെ വിത്തുകള്‍ വലിച്ചെറിയുകയല്ല ചെയ്യുന്നത്. പകരം മുളച്ചവിത്തുകളെ വളംചേര്‍ത്ത മണ്ണില്‍ സുരക്ഷിതമായി സ്ഥാപിച്ച്, വിത്തുസഞ്ചികളാക്കിയ ശേഷം ഡ്രോണുകളുടെ സഹായത്തോടെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. 

വീഴുന്നിടത്തെ മണ്ണില്‍ വേരുപിടിക്കാന്‍ വൈകിയാലും കുഴപ്പമില്ല. കാരണം ഒമ്പതുമാസത്തോളം വളരാന്‍ ആവശ്യമായ സൗകര്യം ഈ വിത്തുസഞ്ചിയിലുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വിത്തെറിയല്‍ ഓഗസ്റ്റ് മാസം മുതല്‍ ഇവര്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്താന്‍ ആരംഭിച്ചിരുന്നു. ഇതോടെയാണ് എട്ടുവര്‍ഷം കൊണ്ട് നൂറുകോടി മരങ്ങള്‍ നടുകയെന്ന ലക്ഷ്യത്തിലേക്ക് ശാസ്ത്രജ്ഞരുടെ സംഘം എത്തിച്ചേര്‍ന്നത്. 

ഓരോ വര്‍ഷവും ഭൂമിയ്ക്ക് നഷ്ടമാകുന്നത് 1300 കോടിയോളം മരങ്ങളാണ്. എന്നാല്‍ ഇതിന്റെ പകുതിയിലും കുറച്ച് മാത്രമാണ് ഓരോവര്‍ഷവും നട്ടുപിടിപ്പിക്കപ്പെടുന്നത്- ഫ്‌ളാഷ് ഫോറസ്റ്റ് സംഘാംഗം ബ്രൈസ് ജോണ്‍സ് പറയുന്നു. ഭൂമിയുടെ ശ്വാസകോശത്തിന്റെ മുറിവുണക്കുകയെന്ന ലക്ഷ്യത്തോടെയാണ്  ഞങ്ങള്‍ ഈ ഉദ്യമം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 ഓരോ സെക്കന്‍ഡിലും ഓരോ വിത്തുസഞ്ചികള്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന പത്തോളം ഡ്രോണുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ പരീക്ഷണത്തിനു പിന്നാലെ 3100 വിത്തുസഞ്ചികള്‍ ഡ്രോണ്‍സംവിധാനം ഉപയോഗിച്ച് ഇവര്‍ നിക്ഷേപിച്ചതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൈന്‍, റെഡ് മേപ്പിള്‍, വൈറ്റ് ബിര്‍ച്ച് തുടങ്ങിയ മരങ്ങളുടെ വിത്തുകള്‍ ഇവര്‍ നിക്ഷേപിച്ചു കഴിഞ്ഞു.

content highlights: canadian scientists initiative to plant billion trees by 2028 with the help of drones