പ്രതീകാത്മക ചിത്രം | Photo-PTI
ന്യൂഡല്‍ഹി: ചിത്രശലഭങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ ചിറകുവിരിച്ച് പറക്കാന്‍ അവസരമൊരുങ്ങുന്നു. അന്താരാഷ്ട്ര ജൈവവൈവിധ്യദിനത്തോടനുബന്ധിച്ച് വടക്കന്‍ ഡല്‍ഹിയിലെ കമല നെഹ്രു ജൈവവൈവിധ്യപാര്‍ക്കില്‍ ചിത്രശലഭ സംരക്ഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു. കുരങ്ങുകളില്‍നിന്ന് ചിത്രശലഭങ്ങളെ സംരക്ഷിക്കുന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. ഡല്‍ഹിയില്‍ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ ചിത്രശലഭത്തിന്റെ ചിറകിന്റെ നീളത്തിന് അനുപാതികമായി, 672 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് സംരക്ഷണകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്.
വയര്‍-മെഷാണ് നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത്. ഇത് കുരങ്ങുകളെ അകത്തേക്ക് പ്രവേശിക്കുന്നതില്‍നിന്ന് തടയുകയും ചിത്രശലഭങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കുകയുംചെയ്യുന്നു. കുരങ്ങുകള്‍ പൂച്ചെടികള്‍ നശിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാനും ചിത്രശലഭ സംരക്ഷണകേന്ദ്രം കൊണ്ട് സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി (ഡി.ഡി.എ.) നടത്തുന്ന ജൈവവൈവിധ്യപാര്‍ക്കില്‍ 65 വ്യത്യസ്ത ഇനം ചിത്രശലഭങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
അപൂര്‍വ ഇനങ്ങളായ ഗ്രേറ്റ് എഗ്ഫ്ളൈ, റെഡ് പിയറോ എന്നിവയുടെ സാന്നിധ്യവും പാര്‍ക്കില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കുരങ്ങുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ചിത്രശലഭ സംരക്ഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് വടക്കന്‍ ഡല്‍ഹിയിലെ യമുന ജൈവവൈവിധ്യ പാര്‍ക്കിലെ (വൈ.ബി.പി) ശാസ്ത്രജ്ഞന് ഫയാസ് ഖുദ്സാര് പറഞ്ഞു. അല്ലാത്തപക്ഷം പുതിയ ചെടികള്‍ വളര്‍ത്തുന്നത് ബുദ്ധിമുട്ടാണ്. കുരങ്ങന്മാര് ചെടികള്‍ ചവിട്ടിമെതിക്കുകയോ തിന്നുകയോ ചെയ്യും. ചിത്രശലഭങ്ങളെ ആകര്‍ഷിക്കുന്നതിനായി സംരക്ഷണകേന്ദ്രത്തിനുപുറത്ത് ചിലയിനം ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ടെന്ന് ഖുദ്സാര് കൂട്ടിച്ചേര്‍ത്തു.
ഡി.ഡി.എ. വൈസ് ചെയര്മാന് മനീഷ് ഗുപ്ത സംരക്ഷണകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡി.ഡി.എ. പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ രാജീവ് കെ തിവാരി, ഹന്സ്രാജ് കോളേജ് പ്രൊഫ. മോണിക്ക കൗള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തുടനീളം ഇത്തരം സംരക്ഷണപദ്ധതികളും ജൈവവൈവിധ്യപാര്ക്കുകളും ആവശ്യമാണെന്ന് ഡി.ഡി.എ.യുടെ ജൈവവൈവിധ്യ പാര്‍ക്കുകളുടെ പ്രോജക്ട് ഇന്‍-ചാര്‍ജ് പ്രൊഫസര്‍ സി.ആര്. ബാബു പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..