മൂന്നാറില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ (Botanical Garden) ആരംഭിക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കേരള ജൈവ വൈവിധ്യ ബോര്‍ഡിന്റെ യോഗമാണ് ഇത് തീരുമാനിച്ചത്. രൂപരേഖ ഉണ്ടാക്കിയ ശേഷം പദ്ധതിയുമായി മുന്നോട്ടു നീങ്ങാനാണ് തീരുമാനം.

മൂന്നാറില്‍ ഇതിനായി അനുയോജ്യ സ്ഥലം കണ്ടെത്തണം. മൂന്നാര്‍ എം.എല്‍.എ.യാണ് അതിന് വേണ്ടി മുന്‍കൈ എടുക്കുക. സന്ദര്‍ശകര്‍ക്ക് വരാനുള്ള സൗകര്യത്തിനായി അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളും പ്രവര്‍ത്തനവും കമ്മറ്റി വിലയിരുത്തും. ഈ വര്‍ഷം ആഗസ്ത് മുതല്‍ കുറിഞ്ഞി പൂക്കുന്നതിനാല്‍ സന്ദര്‍ശക സൗകര്യങ്ങള്‍ക്കായി വനംവകുപ്പ് പദ്ധതികള്‍ തയ്യാറാക്കി വരുന്നു. 2006 ല്‍ കുറിഞ്ഞി പൂത്തപ്പോള്‍ കുറ്റമറ്റ സൗകര്യങ്ങളാണ് വനംവകുപ്പ് ഒരുക്കിയിരുന്നത്.