ആളൂര്‍: വംശനാശ ഭീഷണി നേരിടുന്ന ചേരക്കോഴികുഞ്ഞുങ്ങള്‍ക്ക് പുതുജന്മമേകി പ്രകൃതി സംരക്ഷകരുടെ കൂട്ടായ്മ. മരത്തിലെ കൂട്ടില്‍നിന്ന് താഴെ വീണ പറക്കമുറ്റാത്ത പന്ത്രണ്ട് പക്ഷിക്കുഞ്ഞുങ്ങളെയാണ് 'ബെര്‍ഡേഴ്‌സ് സാന്‍സ് ബെര്‍ഡേഴ്‌സ്' എന്ന പരിസ്ഥിതി സംരക്ഷണ സംഘടനയിലെ പ്രവര്‍ത്തകര്‍ സംരക്ഷിച്ചത്.

കഴിഞ്ഞദിവസം കരുവന്നൂര്‍ പുഴയോരത്ത് സ്വകാര്യ ഭൂമിയിലെ വലിയ മരം മുറിച്ചപ്പോഴാണ് പക്ഷിക്കുഞ്ഞുങ്ങള്‍ താഴെ വീണത്. വിവരമറിഞ്ഞ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇവയെ മറ്റ് പക്ഷികളുടെയും മൃഗങ്ങളുടെയും ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തി. ഓറിയന്റല്‍ ഡാര്‍ട്ടര്‍ എന്ന ഇവ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കേണ്ടവയാണെന്ന് തിരിച്ചറിഞ്ഞാണ് പ്രവര്‍ത്തകര്‍ ഇടപെട്ടത്.

വന്യജീവി സംരക്ഷകനായ ഷബീര്‍ മാടായിക്കോണം സ്ഥലത്തെത്തി പക്ഷിക്കുഞ്ഞുങ്ങളെ എടുത്ത് സംരക്ഷണം നല്‍കി. പിന്നീട് ഇരിങ്ങാലക്കുട മൃഗാസ്​പത്രിയിലെ ഡോ. ജോണ്‍ കണ്ടംകുളത്തിയുടെ നേതൃത്വത്തില്‍ ഇവയെ പരിശോധിച്ച് പ്രഥമചികിത്സയും നല്‍കി. വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളിക്കുളങ്ങര ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചര്‍ പി.എസ്. ഷൈലന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ക്ക് കൈമാറി. പറക്കാന്‍ സാധ്യമാകുന്ന വളര്‍ച്ചയെത്തുംവരെ ഇവയ്ക്ക് ആവശ്യമായ സംരക്ഷണം നല്‍കി, പിന്നീട് സ്വതന്ത്രമാക്കുമെന്ന് വനപാലകര്‍ അറിയിച്ചു.