ക്ഷദ്വീപില്‍ സമഗ്ര പക്ഷി സര്‍വേ മാര്‍ച്ചില്‍ തുടങ്ങും. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് സര്‍വേ. കടല്‍ ജീവികളെക്കുറിച്ചുള്ള സര്‍വേ മാത്രമാണ് ലക്ഷദ്വീപ് മിനിക്കോയിയില്‍ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. പക്ഷികള്‍ ഏതാണ്ട് 100 ഇനങ്ങള്‍ ഉണ്ടെന്ന് കരുതുന്നു. എന്നാല്‍ ഓരോ പക്ഷിയേയും കൃത്യമായി ഫോട്ടോയിലൂടെ രേഖപ്പെടുത്തിയിട്ടില്ല. തുടങ്ങാനിരിക്കുന്ന പക്ഷി സര്‍വേ ഇതിനാണ് പ്രാമുഖ്യം നല്‍കുന്നത്.

മൗറീഷ്യന്‍, മാലിദ്വീപ്, യൂറോപ്പ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ദേശാടന പക്ഷികളും ലക്ഷദ്വീപില്‍ കാണാറുണ്ട്. ഒറ്റപ്പെട്ട ചില സര്‍വേകള്‍ ഇതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി വകുപ്പും ചില സന്നദ്ധ സംഘടനകളും നടത്തിയിട്ടുണ്ട്.

ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപുകളാണ് പക്ഷി സര്‍വേക്ക് പ്രധാനമായും തടസ്സം. മാത്രമല്ല ഇപ്പോള്‍ കാലാവസ്ഥ വ്യതിയാനം മൂലം ദേശാടനത്തിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.

ചെഞ്ചുണ്ടന്‍ പക്ഷിയെ (Redbiked Tropic Bird) ലക്ഷദ്വീപില്‍ കണ്ടെത്തി മികച്ച ചിത്രങ്ങള്‍ ആദ്യമായി എടുക്കാന്‍ കഴിഞ്ഞത് വന്യജീവി ഫോട്ടോഗ്രാഫറായ കെ.ഐ. ബിജോയ്ക്കാണ്. കൊച്ചി എണ്ണ ശുദ്ധീകരണശാലയിലെ ഉദ്യോഗസ്ഥനായ ബിജോയിയുടെ നിരവധി ചിത്രങ്ങള്‍ മാതൃഭൂമി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് പക്ഷികളുടെ ചിത്രങ്ങള്‍ അദ്ദേഹം എടുത്തിട്ടുണ്ട്.