തൃത്താല വെള്ളിയാങ്കല്ലിലെ മണൽപ്പരപ്പിൽ ഉപേക്ഷിച്ച വലയിൽ കുരുങ്ങിക്കിടക്കുന്ന പക്ഷി
പട്ടാമ്പി: മത്സ്യബന്ധനത്തിനുശേഷം അലക്ഷ്യമായി ഉപേക്ഷിക്കുന്ന വലകളും കിണറിന്റെ വലകളും ജീവജാലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയായി മാറുന്നു. ഇത്തരം വലകളില്‍ കുടുങ്ങിപ്പോവുന്ന ജീവികള്‍ രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കില്‍ ചത്തുപോവുന്ന സംഭവങ്ങള്‍ പതിവാകുകയാണ്. ജില്ലയില്‍ ഏറ്റവുമധികം ദേശാടനപ്പക്ഷികളെത്തുന്ന പടിഞ്ഞാറന്‍ മേഖലയില്‍ ഇത്തരം അപൂര്‍വ പക്ഷികളും വലയില്‍ കുടുങ്ങാറുണ്ടെന്ന് പക്ഷിനിരീക്ഷകരും പരിസ്ഥിതിപ്രവര്‍ത്തകരും പറയുന്നു.
പ്രദേശത്തെ തണ്ണീര്‍ത്തടങ്ങളിലും നെല്‍വയലുകളിലും മറ്റ് പൊതുസ്ഥലങ്ങളിലുമെല്ലാം ഇങ്ങനെ വലകളും പ്ലാസ്റ്റിക് സാമഗ്രികളും അലക്ഷ്യമായിട്ടിരിക്കുന്നത് കാണാം.

മത്സ്യബന്ധനത്തിനുശേഷം, കേടുപാട് സംഭവിച്ച വലകള്‍ പുഴയോരത്ത് ഉപേക്ഷിക്കും. കഴിഞ്ഞദിവസം തൃത്താല ഭാരതപ്പുഴയില്‍ വെള്ളിയാങ്കല്ലിലെ മണല്‍പ്പരപ്പില്‍ കിടന്ന വലയില്‍ കുരുങ്ങി ജീവനുവേണ്ടി പിടഞ്ഞ ഒരു പക്ഷിയെ രക്ഷപ്പെടുത്തുകയുണ്ടായെന്ന് പക്ഷിനിരീക്ഷകനായ ഷിനോ ജേക്കബ് കൂറ്റനാട് പറയുന്നു. പക്ഷിനിരീക്ഷകനായ ഷിനോ ജേക്കബ് വെള്ളിയാങ്കല്ലിലെ പക്ഷികളെപ്പറ്റി പഠിക്കാനെത്തിയതായിരുന്നു.
കേരളത്തിലേക്കെത്തുന്ന പല ദേശാടനപ്പക്ഷികളും നിരവധി ഉരഗ ജീവികളും ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട് ചത്തുപോവുന്നുണ്ട്. വെള്ളിയാങ്കല്ലിലെ വിശാലമായ മണല്‍പ്പരപ്പില്‍ മനുഷ്യര്‍ക്ക് അപകടം വരുത്തിവെക്കുന്ന തരത്തില്‍ മദ്യക്കുപ്പികളും പൊട്ടിക്കിടക്കുന്നുണ്ട്.

നാളുകള്‍ക്കുമുമ്പ് മലമ്പുഴ അണക്കെട്ടില്‍ പക്ഷി വലയില്‍ക്കുടുങ്ങി ചത്തതിനെത്തുടര്‍ന്ന് പ്രദേശത്തെ പക്ഷിനിരീക്ഷകരും പരിസ്ഥിതിപ്രവര്‍ത്തകരും ചേര്‍ന്ന് ഡാമിലെ ഉപേക്ഷിക്കപ്പെട്ട വലകള്‍ നീക്കംചെയ്തിരുന്നു. വെള്ളിയാങ്കല്ലിലും ഇത്തരം നടപടികള്‍ ആവശ്യമാണെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു.
Content Highlights: bird caught in net have been rescued
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..