
പഴഞ്ചിറകുളത്ത് ജൈവൈവിധ്യ വിവരശേഖരണവുമായി ബന്ധപ്പെട്ട് എടുത്ത ചിത്രങ്ങൾ
ചിറയിന്‍കീഴ്:ചിറയിന്‍കീഴ് ഗ്രാമപ്പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മേല്‍കടയ്ക്കാവൂര്‍ പഴഞ്ചിറകുളത്തിന്റെ ജൈവവൈവിധ്യ പഠനത്തിനു തുടക്കമായി. ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല കുളങ്ങളില്‍ ഒന്നാണ് ഒന്നാം വാര്‍ഡിലെ പഴഞ്ചിറകുളം. പത്ത് ഏക്കറോളം വിസ്തൃതിയുള്ളതും ജലസമൃദ്ധിയുമുള്ള കുളത്തിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് സംസ്ഥാന ജൈവ വൈവിധ്യബോര്ഡാണ് പഠനം നടത്തുന്നത്.
ഗ്രാമപ്പഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതിയുമായി ചേര്‍ന്നാണ് വിവരസമാഹരണം നടത്തുന്നത്. പഴഞ്ചിറകുളം, സസ്യ, ജീവജാലങ്ങളുടെ വിവരം, അവയുടെ ആവാസവ്യവസ്ഥ, വൈവിധ്യങ്ങള്‍, വെല്ലുവിളികള്‍ എന്നിവയാണ് പഠനവിഷയമാക്കുന്നത്.സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. അഖില എസ്.നായരാണ് നേതൃത്വം നല്‍കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് പഴഞ്ചിറ കുളം. കഴിഞ്ഞ 13-നാണ് പഠനം ആരംഭിച്ചത്.
പുലര്‍ച്ചെ 6.30-ന് തുടങ്ങിയ വിവര ശേഖരണം വൈകിയും തുടര്‍ന്നു. വിവിധ മേഖലകളിലുള്ള ഇരുപത്തഞ്ചോളം പേര് ആറ് സംഘമായി തിരിഞ്ഞാണ് വിവരങ്ങള്‍ ശേഖരിച്ചത്. വിവിധങ്ങളായ സസ്യജാലങ്ങള്‍, ചിത്രശലഭങ്ങള്‍, പക്ഷികള്‍, ദേശാടനപ്പക്ഷികള്‍, തുമ്പി വര്‍ഗം, ശുദ്ധജല മത്സ്യങ്ങള്‍, ജീവിവര്‍ഗം തുടങ്ങിയവയെ പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ. അഖില എസ്.നായര്‍ പറഞ്ഞു.
ചിറയിലെ സൂക്ഷ്മജീവികളെക്കുറിച്ചുള്ള പഠനം നടന്നിട്ടില്ല. ആവശ്യമെങ്കില്‍ തുടര്‍പഠനത്തില്‍ അത് ഉള്‍പ്പെടുത്തും. പഴഞ്ചിറയില്നിന്ന് ലഭിച്ച ജീവി, സസ്യ, പക്ഷി, ജന്തുജാലങ്ങളുടെ വിവരവിശകലനം ആരംഭിച്ചിട്ടില്ല.
അടുത്തമാസത്തോടെ പഠനം പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് പുറത്തിറക്കാനാകുമെന്ന് ഡോക്ടര്‍ അഖില പറഞ്ഞു. അധിനിവേശ സസ്യങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്ന ആഫ്രിക്കന്‍ പായല്‍, കുളവാഴ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തി. ജില്ലയില്‍ പഴഞ്ചിറയെ കൂടാതെ കഠിനംകുളം കായല്‍, കരിച്ചാല്‍ കായല്‍ എന്നിവിടങ്ങളിലും ജൈവ വൈവിധ്യബോര്‍ഡ് പഠനം നടത്തുന്നുണ്ട്. സംസ്ഥാന ഹരിതകേരള ദൗത്യ പ്രതിനിധിയും പഠനത്തില്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..