കോഴിയവശിഷ്ടങ്ങള്‍ ഉണ്ടാക്കുന്ന പരിസര മലിനീകരണത്തിന് പരിഹാരമാകാവുന്ന സാങ്കേതികവിദ്യയുമായി മലയാളി ഗവേഷകര്‍. രാസപ്രക്രിയയിലൂടെ സംസ്‌കരിച്ചെടുത്ത കോഴിത്തൂവല്‍ മാലിന്യം കൃത്രിമ റബ്ബറുമായി ചേര്‍ത്ത് പരിസ്ഥിതി സൗഹൃദ കോപോസിറ്റ് പദാര്‍ഥമാണ് സംഘം വികസിപ്പിച്ചെടുത്തിരിക്കുന്നത്. വളാഞ്ചേരി എം.ഇ.എസ് കെവിഎം കോളേജിലെ രസതന്ത്ര ഗവേഷണ വിഭാഗമാണ് കണ്ടെത്തലിനു പിന്നില്‍. 

കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന കോഴിത്തൂവല്‍, എന്‍.ബി.ആര്‍ എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അക്രിലോ നൈട്രൈല്‍ ബൂറ്റഡീന്‍ റബ്ബറുമായി ചേര്‍ത്തുണ്ടാക്കുന്ന കോംപോസിറ്റ് പദാര്‍ഥമാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പദാര്‍ഥം പെട്രോളിയം ഉല്‍പന്നങ്ങളുമായി പ്രതിപ്രവര്‍ത്തിക്കില്ല. അതിനാല്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന പൈപ്പുകള്‍, ഓയില്‍ സീലുകള്‍, മോട്ടോര്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന വിവിധയിനം ഓയില്‍ ബുഷുകള്‍ എന്നിവ നിര്‍മിക്കുന്നതിന് ഇവ ഉപയോഗിക്കാനാകും.

പ്രകൃതിദത്തമായ കെരാറ്റിന്‍ നാരുകളുടെ സാന്നിധ്യമുള്ളതിനാല്‍ ഈ പദാര്‍ഥം ഉപയോഗിച്ച് നിര്‍മിക്കുന്ന വസ്തുക്കള്‍ ഉപയോഗശേഷം എളുപ്പത്തില്‍ മണ്ണില്‍ ദ്രവിച്ചു ചേരുകയും ചെയ്യും. ന്യൂയോര്‍ക്കില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ജേണല്‍ ഓഫ് പോളിമേഴ്‌സ് ആന്‍ഡ് എന്‍വയോണ്‍മെന്റിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

fiber
ഗവേഷകരായ ഡോ. സി. രാജേഷ്, ഡോ. എ സുജിത്ത്, ദിവ്യ പി. എന്നിവര്‍

 

ഡോ. സി രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ ഗവേഷക വിദ്യാര്‍ഥികളായ ദിവ്യ പി, കോഴിക്കോട് എന്‍ഐടിയിലെ ഡോ. എ സുജിത് എന്നിവരും പങ്കാളികളായി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഗവേഷണം നടത്തിയത്.