കൽപറ്റ : മണ്ണില്‍ അലിയുന്ന, പ്രകൃതിക്ക് ഭീഷണിയാകാത്ത പ്ലാസ്റ്റിക് കാരി ബാഗുകള്‍! വിശ്വസിക്കാന്‍ പ്രയാസമെങ്കിലും സംഭവം സത്യമാണ്. പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരമായി ബയോ പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിര്‍മിച്ച് കൈയടി നേടുകയാണ് നടവയല്‍ സ്വദേശിയായ നീരജ് ഡേവിഡ്. ആദ്യക്കാഴ്ചയില്‍ പ്ലാസ്റ്റിക് ബാഗുകളാണെന്ന് തോന്നുമെങ്കിലും പ്ലാസ്റ്റികിന്റെ യാതൊരു അംശവും ചേര്‍ക്കാതെ പാരിസ്ഥിതിക പ്രശ്‌നങ്ങളൊന്നും അലട്ടാത്ത ബാഗുകള്‍ വിപണിയില്‍ എത്തിക്കാനുള്ള പദ്ധതിയുടെ അന്തിമഘട്ടത്തിലാണ് ഈ ഇരുപത്തിനാലുകാരന്‍.

നിര്‍മാണം ചോളത്തില്‍നിന്ന്

ഒരു വര്‍ഷംമുമ്പ് സംസ്ഥാനത്ത് പ്ലാസ്റ്റികിന് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്ലാസ്റ്റിക്മുക്ത നാടെന്ന ആശയം നീരജിന്റെ മനസ്സില്‍ തെളിയുന്നത്. പിന്നീട്, കാഴ്ചയില്‍ പ്ലാസ്റ്റികാണെന്ന് തോന്നുന്ന, എന്നാല്‍ കത്തിച്ചാല്‍ പേപ്പര്‍ പോലെ കത്തുകയും ചാരമായി മണ്ണില്‍ അലിയുകയും ചെയ്യുന്ന 'കമ്പോസ്റ്റബിള്‍' കാരി ബാഗുകളിലേക്കെത്തുകയായിരുന്നു. സാധാരണ പ്ലാസ്റ്റിക് ബാഗുകളുടെ അതേഗുണവും രൂപവുമെല്ലാം ഇവയ്ക്കുണ്ട്. എന്നാല്‍ 180 ദിവസങ്ങള്‍കൊണ്ട് മണ്ണില്‍ അലിഞ്ഞുചേരുമെന്നതാണ് ഈ ബാഗുകളെ വ്യത്യസ്തമാക്കുന്നത്. അഹമ്മദാബാദില്‍ നിന്നെത്തിക്കുന്ന ചോളത്തിന്റെ അസംസ്‌കൃത വസ്തുവായ 'സ്റ്റാര്‍ച്ചി'ല്‍ നിന്നാണ് ബാഗുകള്‍ നിര്‍മിക്കുന്നത്. സ്റ്റാര്‍ച്ചിന്റെ അളവ് കൂടുതലായതിനാല്‍ മരച്ചീനിയില്‍നിന്നും ഇത്തരം ബാഗുകള്‍ നിര്‍മിക്കാന്‍ കഴിയും. ആവശ്യാനുസരണം ഏതു തരത്തിലുള്ള ബയോ പ്ലാസ്റ്റിക് കവറുകളും ഇത്തരത്തില്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് നീരജ് പറയുന്നു.

പദ്ധതി അവസാനഘട്ടത്തില്‍

രാജ്യത്ത് ചെന്നൈയിലും ഗുജറാത്തിലും മാത്രമാണ് കമ്പോസ്റ്റബിള്‍ കാരി ബാഗ് നിര്‍മാണ ഫാക്ടറികളുള്ളത്. അതിനിടെയാണ് കേരളത്തിലാദ്യമായി, അതും വയനാട്ടില്‍ ഇത്തരമൊരു ഫാക്ടറി ഉയര്‍ന്നുവരുന്നത്. ഇതിനോടകം ചെന്നൈ, ഊട്ടി തുടങ്ങിയിടങ്ങളില്‍നിന്ന് വലിയ ഓര്‍ഡറുകളും നീരജിന് ലഭിച്ചിട്ടുണ്ട്. പനമരം പഞ്ചായത്തിലെ നടവയലിനടുത്ത കായക്കുന്നില്‍ എ.ഡി.എസ്. ഗ്രീന്‍ പ്രോഡക്ട് എന്നപേരില്‍ നീരജ് തുടങ്ങിയ ബയോ പ്ലാസ്റ്റിക് കാരി ബാഗ് ഫാക്ടറിയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 25 സെന്റ് സ്ഥലത്ത് തുടങ്ങിയ ഫാക്ടറിയില്‍ വൈദ്യുതി കണക്ഷന്‍ മാത്രമാണ് ഇനി ലഭിക്കാനുള്ളത്. പദ്ധതിയിലൂടെ 18 പേര്‍ക്ക് തൊഴിലും ലഭിക്കും. വ്യവസായവകുപ്പിന്റെ പി.എം.ഇ.ജി.പി. പദ്ധതിയില്‍ ലഭിച്ച 25 ലക്ഷം രൂപ ഉള്‍പ്പെടെ 65 ലക്ഷം രൂപയോളം ചെലവഴിച്ചാണ് സംരംഭത്തിന് തുടക്കംകുറിച്ചത്.

പ്രതീക്ഷകളേറെ

2022 ജൂലായ് ഒന്നുമുതല്‍ രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കുന്ന സാഹചര്യത്തില്‍ നീരജിന്റെ ചുവടുവെപ്പ് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. നോണ്‍ വൂവണ്‍ കാരി ബാഗുകള്‍ കാഴ്ചയില്‍ തുണിയെന്ന് തോന്നുമെങ്കിലും പ്ലാസ്റ്റിക് പോലെത്തന്നെ അപകടകാരിയാണ്. മാനന്തവാടി കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി ഇലക്ട്രോണിക്‌സാണ് നീരജ് പഠിച്ചത്. ചത്തീസ്ഗഡില്‍ സ്റ്റീല്‍ പ്ലാന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന നടവയല്‍സ്വദേശി അനില്‍ ഡേവിഡിന്റെയും ലിസിയുടെയും മൂത്ത മകനാണ്. അനുജന്‍ നിഖിലും നീരജിന് പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്.

content highlights: Bio plastic bags from corn startch, plant starting soon in wayanad, neeraj