തിരുവനന്തപുരം : സ്‌ക്യൂബാ ഡൈവിംഗ് കേന്ദ്രമായ  ബോണ്ട് ഓഷ്യന്‍, പാരാസെയ്ലിംഗ് സ്ഥാപനമായ  ഫ്‌ലൈ കോവളം എന്നിവരുടെ നേതൃത്വത്തില്‍ കോവളം ഗ്രോ ബീച്ചില്‍ ക്ലീന്‍ അപ് സംഘടിപ്പിച്ചു. കഴിഞ്ഞ നവംബര്‍ 27 നാണ് ബീച്ചില്‍ ക്ലീന്‍ അപ് സംഘടിപ്പിച്ചത്. കേരളത്തില്‍ ബീച്ച് ക്ലീന്‍ അപ് എന്നത് അടുത്തിടെ പ്രചാരത്തില്‍ വന്ന ഒരു പദ്ധതിയാണ് .

സമുദ്രത്തിലെ ആവാസവ്യവസ്ഥയെ താറുമാറാക്കുന്ന മാലിന്യങ്ങളില്‍ നിന്നും സമുദ്രത്തെയും സമുദ്രത്തിലെ ജീവജാലങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലീന്‍ അപ് പരിപാടി സംഘടിപ്പിച്ചത്. ബാച്ചുകളായി തിരിഞ്ഞായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.

രാവിലെ എട്ടോടെ ബീച്ചിലെ മാലിന്യങ്ങള്‍ നീക്കി ബോണ്ട് ഓഷ്യനിലെ സ്‌ക്യൂബാ ഡൈവിംഗ് വിദ്യാര്‍ഥികള്‍ പരിപാടിക്ക് തുടക്കം കുറിച്ചപ്പോള്‍ മറ്റൊരു ബാച്ച് സമുദ്രത്തിന് അടിയിലെ മാലിന്യങ്ങള്‍ നീക്കാനുള്ള ചുമതല ഏറ്റെടുത്തു . അടുത്തിടെയായി വര്‍ധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പവിഴപുറ്റുകളുടെ (കോറല്‍) നാശത്തിന് കാരണമാകുന്നതായി കണ്ടെത്തിയിരുന്നു.

വളര്‍ന്നു വരുന്ന പവിഴപുറ്റുകള്‍ക്കും ഇവ ദോഷകരമായി തീരുന്ന അവസ്ഥയാണ് നിലനിന്നിരുന്നത്. ശനിയാഴ്ച നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏകദേശം ഒരു ടണ്‍ ഓളം  ഭാരം വരുന്ന പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവര്‍, തുണിത്തരങ്ങള്‍, സാനിറ്ററി പാടുകള്‍, ഗ്ലാസ് ബോട്ടിലുകള്‍ എന്നിവ ശേഖരിച്ചു. കോവളം ടര്‍ട്ടില്‍ ബീച്ച് റിസോര്‍ട്ടിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Content Highlights: beach clean up conducted in grow beach kovalam