ഉല്‍ക്കാപതനത്തില്‍ ദിനോസറുകള്‍ നാമാവശേഷമായി, രാശി തെളിഞ്ഞത് പാമ്പുകള്‍ക്ക്


അതിജീവിക്കാന്‍ പഠിച്ച പാമ്പുകളാണ് ലോകമെമ്പാടും വ്യാപിച്ചതും ഇന്നറിയപ്പെടുന്ന മൂവായിരത്തിലധികം വ്യത്യസ്ത ജനുസ്സുകളായി പരിണമിച്ചതും. മലമ്പാമ്പുകളും വിഷപ്പാമ്പുകളും ഏറ്റവും വിഷമേറിയ കടല്‍പ്പാമ്പുകളും മണല്‍പ്പാമ്പുകളുമെല്ലാം ദിനോസര്‍ കാലഘട്ടത്തിനും ഉല്‍ക്കാപതനത്തിനും ശേഷം രൂപപ്പെട്ടതാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

ഫോട്ടോ: ജിജു അഥീന | യാത്ര മാഗസിനിൽ പ്രസിദ്ധീകരിച്ച ചിത്രം

ഭൂമുഖത്തു നിന്നുള്ള ദിനോസറുകളുടെ തുടച്ചു നീക്കലിന് ഹേതുവായ ഉല്‍ക്കാപതനമാണ് പാമ്പുകളെ ഇന്ന് കാണുന്ന രീതിയിലേക്ക് പരിവര്‍ത്തനം ചെയ്‌തതെന്ന് പഠനം. ഭൂമിക്കടിയില്‍ ഒളിച്ചും, മാളത്തില്‍ ഭക്ഷണമില്ലാതെ ദീര്‍ഘകാലം കഴിഞ്ഞും പാമ്പുകള്‍ക്ക് ഉല്‍ക്കാപതനനാന്തരമുള്ള ലോകത്ത് അതിജീവിക്കാനായെന്നും പഠനം പറയുന്നു. ബാത്ത് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പ്രമുഖ സയന്‍സ് ജേണലായ നേച്ചര്‍ കമ്മ്യൂണിക്കേഷനിലാണ് പ്രസിദ്ധീകരിച്ചത്.

ഇത്തരത്തില്‍ അതിജീവിക്കാന്‍ പഠിച്ച പാമ്പുകളാണ് ലോകമെമ്പാടും വ്യാപിച്ചതും ഇന്നറിയപ്പെടുന്ന മൂവായിരത്തിലധികം വ്യത്യസ്ത ജനുസ്സുകളായി പരിണമിച്ചതും. ഫോസിലുകള്‍ പരിശോധിച്ച് വിവിധ കാലഘട്ടങ്ങളിലെ പാമ്പുകളുടെ ജനിതക വ്യത്യാസങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഇത്തരത്തിലൊരു നിരീക്ഷണത്തിലെത്തിച്ചേർന്നത്.

snake
വില്ലൂന്നിപ്പാമ്പ് | ഫോട്ടോ: ഷംനാദ് ഷാജഹാൻ |
യാത്രാ മാഗസിനിൽ പ്രസിദ്ധീകരിച്ച ചിത്രം

6.6കോടി വര്‍ഷം മുമ്പ് നടന്നതായി ശാസ്ത്രലോകം വിശ്വസിക്കുന്ന ഉല്‍കാ പതനത്തോടെയാണ് ദിനോസറുകള്‍ ഭൂമുഖത്തു നിന്ന് പൂര്‍ണ്ണമായും വംശമറ്റത്. ഉല്‍കാ പതനത്തിന്റെ ഫലമായി ഭൂമികുലുക്കവും സുനാമിയും കാട്ടുതീയുമുണ്ടായി. ഇവയുണ്ടാക്കിയ ചാരം നിറഞ്ഞ മേഘങ്ങള്‍ സൂര്യനെ മറച്ചതുമൂലമുള്ള ഇരുണ്ട കാലഘട്ടത്തിലാണ് ദിനോസറുകളടക്കമുള്ള അനേക വര്‍ഗ്ഗം ജീവികളുടെ വംശനാശം സംഭവിക്കുന്നത്. ഏതാണ്ട് 76 ശതമാനം സസ്യങ്ങളും ജന്തുക്കളും ഈ കാലയളവില്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായെന്നാണ് കരുതപ്പെടുന്നത്. പക്ഷെ പാമ്പുകളടക്കമുള്ള ചില ഉരഗ വര്‍ഗ്ഗങ്ങളും പക്ഷികളും മീനുകളും വംശനാശത്തെ അതിജീവിച്ച് ജൈവ ലോകത്തിലേക്ക് തിരികെ കയറി. ഭക്ഷണവും, ഇരകളും അവയ്‌ക്കൊപ്പം ജീവിച്ചിരുന്ന നിരവധി ജീവിവര്‍ഗ്ഗങ്ങളും അപ്രത്യക്ഷമായതോടെ പാമ്പുകള്‍ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. അങ്ങനെ ഇന്ന് കാണുന്ന പാമ്പുകളുടെ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു എന്നാണ് പഠനം.